Connect with us

Covid19

കുവൈത്തിൽ വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിന് ഒരു ഡോസ് കുത്തിവെപ്പ് മതി

അടുത്ത മാസം മൂന്നിനാണ് രാജ്യത്തെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിനു വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഒരു ഡോസ് കുത്തിവെപ്പ് എടുത്താൽ മതിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിനു രണ്ട് ഡോസും പൂർത്തിയാക്കണം എന്നായിരുന്നു നേരത്തേ നൽകിയ നിർദേശം. അടുത്ത മാസം മൂന്നിനാണ് രാജ്യത്തെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.

ഇതിനു മുന്നോടിയായി വിദ്യാർഥികൾക്കും ജീവനക്കാർക്കും കുത്തിവെപ്പ് പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. പലരും അടുത്ത ദിവസങ്ങളിലാണ് ആദ്യ ഡോസ് എടുത്തത്. ഇത് കാരണം പലർക്കും വിദ്യാലയങ്ങൾ തുറക്കുന്നതിനു മുമ്പ് രണ്ടാമത്തെ ഡോസ് പൂർത്തിയാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് നേരത്തേയുള്ള വ്യവസ്ഥയിൽ മാറ്റം വരുത്തിയത്.

അതേസമയം ഇന്നലെ കൊവിഡ് മൂലം രാജ്യത്ത് ഒരു മരണം റിപ്പോർട്ട്  ചെയ്തു. 103 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 187 പേർ രോഗമുക്തി നേടി. 2,077 പേർ ചികിത്സയിലാണ്. ഇവരിൽ 59 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 0.80% ആണ്.

റിപ്പോർട്ട്:  ഇബ്രാഹിം വെണ്ണിയോട്