Connect with us

കൊവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ ഒമൈക്രോണ്‍ വകഭേദത്തില്‍ കേരളത്തിലും ജാഗ്രത. കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയതോടെ കേരളത്തിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.

കേരളത്തില്‍ വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്തുന്നതിലൂടെ പുതിയ വകഭേദങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താനാകും. ഇതുവരെ വകഭേദ സൂചനകളൊന്നും സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല.

സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയാണ് ഏറ്റവും വലിയ പ്രതിരോധ കവചം. ഇവ ഉറപ്പാക്കിയാല്‍ തന്നെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കും. നിലവിലെ ക്വാറന്റീന്‍ സംവിധാനവുമായി മുന്നോട്ടുപോകും. വിമാനത്താവളങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. അതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സിആര്‍ പരിശോധനയും ക്വാറന്റീനും ഉറപ്പാക്കും. പ്രവാസികള്‍ ഏറെയുള്ള കേരളത്തില്‍ അതീവ ജാഗ്രത തുടരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടനയാണ് ഒമിക്രോണ്‍ എന്ന് പേര് നല്‍കിയത്. പുതിയ വകഭേദം അഞ്ചു തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലോകമാകെ ജാഗ്രത വ്യാപിപ്പിച്ചത്.

വ്യാപനശേഷി ഉയര്‍ന്നതിനാല്‍ ഇത് ഡെല്‍റ്റയെക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് പരിശോധിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്രവ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ, ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനോടകം ഒമിക്രോണ്‍ വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളായ ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കൂടാതെ ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്കും കര്‍ശന പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആശങ്ക ഉയര്‍ന്നതോടെ വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര സര്‍വീസുകള്‍ക്ക് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമെന്ന യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഇത് 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന് പുറമെ യൂഎസും യുകെയും സൗദിയും യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന് അറിയാന്‍ ദിവസങ്ങളെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. രോഗാണുവ്യാപനം വായുവിലൂടെയാകാനുള്ള സാധ്യതയും സംശയിക്കുന്നുണ്ട്. ഇത് കൂടുതല്‍ ഗൗരവമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

അന്താരാഷ്ട്രതലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോണ്‍ എന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

പുതിയ കൊവിഡ് വകഭേദം ലോകത്തെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ യു എ ഇ തീരുമാനിച്ചു. സൗദി അറേബ്യയും ബഹ്റൈനും സമാനമായ തീരുമാനം എടുത്തിട്ടുണ്ട്. വിപണികള്‍ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിലാണ് ലോകം. ഇതിന്റെ പ്രതിഫലനമെന്നോളം എണ്ണവില കുത്തനെ ഇടിഞ്ഞു.

ബി.1.1.529 എന്നതാണ് പുതിയ കൊവിഡ് വകഭേദം. ഇതിന്റെ ഗ്രീക്ക് പേരാണ് ഒമൈക്രോണ്‍. ലോകം വീണ്ടും കൊവിഡ് വ്യാപനത്തിലേക്ക് നീങ്ങുമോ എന്നാണ് ആശങ്ക. അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞത്. ബാരലിന് 10 ഡോളറാണ് താഴ്ന്നത്. 2020 ഏപ്രിലിന് ശേഷം ഇത്രയും വലിയ ഇടിവ് ആദ്യമാണ്. പല രാജ്യങ്ങളും വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ ആശങ്കയ്ക്കുള്ള വകയില്ലെന്നാണു വിവരം.