Articles
ഇപ്പോള്‍ അനീതിയോടാണവര്‍ ഗുസ്തിപിടിക്കുന്നത്
എത്ര വലിയ ആരോപണങ്ങള്‍ വന്നാലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബ്രിജ് ഭൂഷനെതിരെ രാഷ്ട്രീയമായ നടപടികള്‍ക്ക് ബി ജെ പി മുതിരുകയില്ല എന്ന് ഉറപ്പാണ്. ഒരുപക്ഷേ, ഒന്നുകൂടി താഴെ സ്ഥാനത്തുള്ള ആരെങ്കിലും പേരിന് മാത്രം കുറ്റവാളിയായി മാറിയേക്കും. അപ്പോഴും എതിരാളികളെ മലര്‍ത്തിയടിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്ന ഗുസ്തി താരങ്ങള്‍ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോള്‍ അവരെ കുറ്റവാളികളായി മുദ്ര ചാര്‍ത്തുന്ന വൈരുധ്യം ബാക്കിയാകും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള നിരവധി വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപണത്തെ തുടര്‍ന്ന്, മുന്‍ റെസ്്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ മേധാവിയും ബി ജെ പി. എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും വനിതാ കായിക താരങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ദേശീയ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധമാരംഭിച്ചിട്ട് മാസങ്ങള്‍ കഴിയുന്നു. ചൊവ്വാഴ്ച, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് സ്പോര്‍ട്സ് താരങ്ങളും കര്‍ഷകരും സാധാരണക്കാരുമടങ്ങുന്ന ആയിരക്കണക്കിനാളുകള്‍ ജന്തര്‍ മന്തറില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് ത്രിവര്‍ണ പതാകകളുമായി അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരടക്കമുള്ള അനുയായികളോട് ഇന്ത്യാ ഗേറ്റിലെ പോലീസ് ബാരിക്കേഡിലേക്ക് കയറി നിന്നാണ് താരങ്ങള്‍ സംസാരിച്ചത്. കനത്ത സുരക്ഷയില്‍ നടന്ന മാര്‍ച്ചില്‍ മെഴുകുതിരികള്‍ കത്തിച്ചും പ്ലക്കാര്‍ഡുകളേന്തിയും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മുദ്രാവാക്യം വിളികളാണ് പ്രതിഷേധക്കാരില്‍ നിന്ന് ഉയര്‍ന്നു കേട്ടത്. തുറക്കാനിരിക്കുന്ന പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന് പുറത്ത് മെയ് 28ന് സ്ത്രീകളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ ഖാപ് മഹാപഞ്ചായത്ത് നടത്തുമെന്നും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലിയ തീരുമാനങ്ങളുണ്ടാകുമെന്നും ഗുസ്തി താരങ്ങള്‍ അറിയിക്കുകയും ചെയ്തു.
ബ്രിജ് ഭൂഷണ്‍ ശരണിന്റെ ലൈംഗികാതിക്രമ സംഭവങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടെയുള്ള രാജ്യത്തിന്റെ അഭിമാന താരങ്ങളാണ് ജന്തര്‍ മന്തറില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. കോച്ചുകള്‍ വനിതാ താരങ്ങളെ പീഡിപ്പിക്കുകയാണെന്നും ഫെഡറേഷന്റെ പ്രിയങ്കരരായ ചില പരിശീലകര്‍ വനിതാ പരിശീലകരോടും മോശമായി പെരുമാറുന്നുവെന്നും ഫോഗട്ട് ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ നിരവധി വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ച ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് കര്‍ശനമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവും പാര്‍ലിമെന്റംഗവുമാണ് പ്രതിക്കൂട്ടിലുള്ളത് എന്നതും സമരം ചെയ്യുന്നവര്‍ രാജ്യാന്തര മത്സരങ്ങളില്‍ വരെ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന താരങ്ങളാണ് എന്നതും ലൈംഗിക പീഡനവും പോക്സോയും അടക്കമുള്ള ഗൗരവകരമായ ആരോപണങ്ങള്‍ ഉണ്ടെന്നതും ഈ പ്രതിഷേധം ഉന്നതരില്‍ പലരെയും സമ്മര്‍ദത്തിലാക്കിയിരിക്കുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത്.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളില്‍ പലരും നേരത്തേ ബി ജെ പിക്ക് പിന്തുണ അറിയിച്ചവരും പാര്‍ട്ടിക്ക് വേണ്ടി പ്രചാരണ പരിപാടികളില്‍ ഇറങ്ങിയവരുമൊക്കെയുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നത്തെ രാഷ്ട്രീയ മുതലെടുപ്പെന്ന വ്യാജേന പ്രതിപക്ഷത്തിന്റെ മേല്‍ പഴി ചാരി രക്ഷപ്പെടാന്‍ ഇത്തവണ സര്‍ക്കാറിന് സാധിച്ചിട്ടില്ല. ഇതേ കാരണം കൊണ്ട് തന്നെ ഗുസ്തി താരങ്ങളെ പിന്തുണക്കുക എന്നത് തങ്ങളുടെ ധാര്‍മികവും പ്രായോഗികവുമായ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെട്ട് വന്‍ ജനാധിപത്യ പിന്തുണയാണ് താരങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഇന്ത്യാ ഗേറ്റ് മാര്‍ച്ച് അത് തെളിയിക്കുന്നുണ്ട്്.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഏറെ ഗൗരവമുള്ളതും ഇന്ത്യന്‍ കായിക രംഗത്തെ തന്നെ അസ്വസ്ഥമാക്കുന്നതുമായ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ക്ക് വലിയ പരിഗണന നല്‍കേണ്ടതിന് പകരം നിസ്സംഗതയോടെയും അവഗണനാ മനോഭാവത്തോടെയുമാണ് സര്‍ക്കാറും പാര്‍ട്ടിയും നേരിടുന്നത്. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് അച്ചടക്കമില്ലെന്നും അവര്‍ ഇന്ത്യാ രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നുമൊക്കെയാണ് പി ടി ഉഷ അടക്കമുള്ള കായിക താരങ്ങള്‍ വിശേഷിപ്പിച്ചത്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വന്ന പി ടി ഉഷയെ നിലത്ത് നിര്‍ത്താന്‍ അനുവദിക്കാതെ താരങ്ങള്‍ ഒന്നായി നിന്ന് ഓടിച്ചു വിടുകയും ചെയ്തു. അപ്പോഴും മാധ്യമങ്ങളുടെ മനപ്പൂര്‍വമുള്ള അവഗണനയും ഒരു ഭാഗത്ത് നിഴലിച്ചു നില്‍ക്കുന്നുണ്ട് എന്നതാണ് വസ്തുത. കായിക ലോകത്ത് ഇന്ത്യന്‍ വനിതകള്‍ നേട്ടങ്ങളും തങ്ങളുടെ ഇടങ്ങളും സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫെഡറേഷനുകളും സര്‍ക്കാറും അവരുടെ സമത്വത്തിനും അന്തസ്സിനും ശാരീരിക അഖണ്ഡതക്കും ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടോ എന്ന് ഈ പ്രശ്നത്തെ മുന്‍നിര്‍ത്തി ചോദിക്കേണ്ടവര്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത മട്ടാണ്.
‘ഞാന്‍ ആ പെണ്‍കുട്ടിയെ ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് കെട്ടിപ്പിടിച്ചത്. അതിന്റെ പേരില്‍ എന്നെ തൂക്കിക്കൊല്ലണമെന്നാണോ’ എന്നായിരുന്നു ഡബ്ല്യു എഫ് ഐ പ്രസിഡന്റ് നല്‍കുന്ന ന്യായീകരണം. ശാരീരിക ശക്തിയും മേധാവിത്വവും ആവോളമുള്ള ഗുസ്തി പോലുള്ള കായിക മേഖലകളില്‍ പോലും ഇത്തരം പ്രവണതകള്‍ക്ക് വനിതകള്‍ ഇരയാകുന്നു എങ്കില്‍ പുരുഷന്‍മാര്‍ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഏതൊരു സ്ഥാപന ഇടത്തിലും താരതമ്യേന പ്രായം കുറഞ്ഞ, കൂടുതല്‍ ദുര്‍ബലരായ സ്ത്രീകളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. അതിനാല്‍, ഈ പ്രതിഷേധം വിജയം കാണേണ്ടത് കായിക വനിതകള്‍ക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അഭിമാനത്തിന് കൂടി വേണ്ടിയാണ്.
സമരം തുടങ്ങിയ ശേഷം നടന്ന ജന്തര്‍ മന്തറിലെ സമീപകാല സംഭവ വികാസങ്ങള്‍ പരിശോധിക്കുമ്പോള്‍ ബി ജെ പിയോടുള്ള വിശ്വസ്തതയും ഉത്തര്‍ പ്രദേശിലെ ചില ലോക്‌സഭാ മണ്ഡലങ്ങളിലെ രാഷ്ട്രീയ സ്വാധീനവും കാരണം മെഡല്‍ ജേതാക്കളായ ഗുസ്തിക്കാരേക്കാള്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് അനുകൂലമായ പ്രസ്താവനകളാണ് ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുള്ളത്.
സുപ്രീം കോടതി ഇടപെടലുണ്ടായതോടെ ഡല്‍ഹി പോലീസ് എം പിക്കെതിരെ കേസെടുത്തിട്ടും രാജി വെക്കാതെ അയോധ്യയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും ഒരു കുറ്റവാളിയായി സ്ഥാനമൊഴിയാന്‍ ഞാന്‍ തയ്യാറല്ല എന്നും എനിക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബജ്റംഗ്ദള്‍ സഹായിക്കുമെന്നും വീമ്പിളക്കുകയുമാണ് ബ്രിജ് ഭൂഷണ്‍ ചെയ്തത്. അതോടൊപ്പം ഒരു ഭാഗത്ത് ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്നവരെ ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരോട് ഉപമിക്കുക പോലുള്ള പ്രവൃത്തികളും ബ്രിജ് ഭൂഷണില്‍ നിന്നുണ്ടായി. അര്‍ധ രാത്രിയില്‍ പോലീസിന്റെ ഭാഗത്ത് നിന്നും അനാവശ്യ ഇടപെടലുകളുണ്ടായി എന്നും ആരോപണമുയര്‍ന്നു.
ഒരു ജനാധിപത്യ വ്യവസ്ഥയിലെ പ്രതിനിധി, ആഗോള പ്രാതിനിധ്യമുള്ള താരങ്ങള്‍ അടങ്ങിയ ഒരു ഉത്തരവാദിത്വപ്പെട്ട സംവിധാനത്തിലെ അധ്യക്ഷന്‍ ഇങ്ങനെയുള്ള വിശേഷണങ്ങളേക്കാള്‍ ബ്രിജ് ഭൂഷണ്‍ സിംഗ് അറിയപ്പെടുന്നത് തികഞ്ഞ രാമഭക്തന്‍, ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ പ്രതിക്കൂട്ടിലുള്ളയാള്‍ എന്നൊക്കെയാണ്. ജാതി വ്യവസ്ഥ നയിക്കുന്ന ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയത്തില്‍ രാജ്പുത് ആയതുകൊണ്ടുള്ള നേട്ടങ്ങള്‍ വേറെയുമുണ്ട്. ഇപ്പോള്‍ മകന്‍ തന്നെയാണ് അവിടുത്തെ എം എല്‍ എയും. യു പിയിലെ വന്‍ സ്വാധീനമുള്ള ബി ജെ പി നേതാവാകാന്‍ ഇതില്‍പരം യോഗ്യതകള്‍ വേറെന്തു വേണം. എത്ര വലിയ ആരോപണങ്ങള്‍ വന്നാലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബ്രിജ് ഭൂഷനെതിരെ രാഷ്ട്രീയമായ നടപടികള്‍ക്ക് ബി ജെ പി മുതിരുകയില്ല എന്ന് ഉറപ്പാണ്. ഒരുപക്ഷേ, ഒന്നുകൂടി താഴെ സ്ഥാനത്തുള്ള ആരെങ്കിലും പേരിന് മാത്രം കുറ്റവാളിയായി മാറിയേക്കും. അപ്പോഴും എതിരാളികളെ മലര്‍ത്തിയടിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്ന ഗുസ്തി താരങ്ങള്‍ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോള്‍ അവരെ കുറ്റവാളികളായി മുദ്ര ചാര്‍ത്തുന്ന വൈരുധ്യം ബാക്കിയാകും. വീണ്ടും ലിംഗമൊരു വെല്ലുവിളിയാകും. പുരുഷന്റെ ബലം പേടിച്ച് ഒരുപാട് സ്വപ്നങ്ങളുടെ ചിറകുകള്‍ അരിയപ്പെടും. തിരഞ്ഞെടുപ്പ് പ്രമാണിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അംഗീകരിക്കപ്പെടുന്ന വളരെ അപകടമേറിയ പ്രവണതയിലേക്കാണത് നയിക്കുക. ഒന്നുകില്‍ അത് തന്നെ സംഭവിക്കും. മറിച്ചാണെങ്കില്‍ താരങ്ങള്‍ക്ക് നീതി കിട്ടണം. അതിന് അധികാരവും പാര്‍ട്ടിയും തിണ്ണബലവും ഉപയോഗിച്ച് കുഞ്ചിക സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിക്കുകയും ചൂഷണങ്ങളെ ആസ്വദിക്കുകയും ചെയ്യുന്ന നേതാക്കളില്‍ നിന്ന് ഒന്നിനെയെങ്കിലും വലിച്ച് താഴെയിടാന്‍ പറ്റണം. അങ്ങനെ ഒരു രാജിയെങ്കിലും സംഭവിച്ചാല്‍ തോറ്റിടത്ത് നിന്ന് പിന്നെയും പിന്നെയും കരകയറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാവുമത്. സ്വപ്നങ്ങളിലേക്ക് ചിറകടിച്ചു പറക്കാന്‍ രാജ്യത്തെ ഓരോ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകും. ആ പ്രതീക്ഷയിലേക്കാണ് എതിരാളിയെ അടിച്ചു വീഴ്ത്തുന്ന അതേ ഊര്‍ജത്തില്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തുന്നത്. ഇടിക്കാന്‍ വരുന്നവരെ കീഴ്പ്പെടുത്താന്‍ ഉപയോഗിക്കുന്ന അതേ ശക്തിയില്‍ രാഷ്ട്രീയം നോക്കാതെ താരങ്ങള്‍ മുഴുവന്‍ അവര്‍ക്ക് പിന്തുണ നല്‍കുന്നത്. ഗ്യാലറിയിലിരുന്ന് ശബ്ദമുണ്ടാക്കുന്നതിന് പകരം പ്രതികരണ ശേഷിയുള്ള ജനങ്ങള്‍ കളത്തിലിറങ്ങി അവരെ പിന്താങ്ങണം.