Articles
പ്രതിപക്ഷം ഐക്യപ്പെടേണ്ടത് ഇപ്പോള്‍ തന്നെയാണ്
പ്രതിപക്ഷ ഐക്യം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമാണ്. കാരണം രാഷ്ട്രീയ രംഗം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഒരു മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള ശക്തമായ നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു. അതുകൊണ്ട് തന്നെ ഈ നീക്കത്തെ സര്‍വശക്തിയും ഉപയോഗിച്ചെതിര്‍ക്കാന്‍ കെല്‍പ്പുള്ള ഒരു പ്രതിപക്ഷം ഉണ്ടായേ മതിയാകൂ.

ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുപോകുന്നുണ്ട്. കഴിഞ്ഞയാഴ്ച നിതീഷ് കുമാര്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കണ്ട് പ്രതിപക്ഷ ഐക്യത്തിന് സഹകരണം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. പ്രതിപക്ഷത്തോടും ബി ജെ പിയോടും തുല്യസമീപനമെന്ന നിലപാടിലാണ് അദ്ദേഹം. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് ഒരു താത്കാലിക തിരിച്ചടി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. എന്നാല്‍ ഇതിന് ശേഷം കഴിഞ്ഞ ആഴ്ചയില്‍ തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിപക്ഷ സഖ്യത്തിന് അനുകൂലവും കോണ്‍ഗ്രസ്സിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് സഹായകരവുമായ ഒരു നയം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിനെ പ്രതിപക്ഷ നേതൃത്വത്തിലേക്ക് കൊണ്ടുവരുമ്പോള്‍ പ്രാദേശിക കക്ഷികള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനും മതിയായ സീറ്റുകള്‍ നല്‍കാനും കോണ്‍ഗ്രസ്സ് സന്നദ്ധമാകണമെന്നാണ് അവര്‍ മുന്നോട്ടുവെച്ച നയം.
തെലുങ്കുദേശം മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ നേരത്തേ തന്നെ തുടങ്ങിയിരുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസ്സിനെ പ്രതിപക്ഷ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് അനുകൂലമായ നിലപാടല്ല അദ്ദേഹം സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചന്ദ്രശേഖര്‍ റാവുവിന്റെ പഴയ നിലപാടില്‍ വലിയ മാറ്റം വന്നിരിക്കുകയാണ്. പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ അദ്ദേഹവും സന്നദ്ധനായിട്ടുണ്ട്.
സി പി എം, സി പി ഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് മുന്നണിക്ക് അനുകൂലമല്ലെങ്കിലും സംസ്ഥാന അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ ഇതിനകം സന്നദ്ധമായിട്ടുണ്ട്. പ്രതിപക്ഷ ഐക്യത്തിനായി കാര്യമായ നീക്കങ്ങള്‍ നടത്തിയ നേതാവാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡി എം കെയും. ന്യൂനപക്ഷ -പിന്നാക്ക -ദളിത് അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് അദ്ദേഹത്തിനുള്ളത്. പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ അദ്ദേഹം തയ്യാറാകുകയും ചെയ്തിട്ടുണ്ട്. പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്കായി ജാതി സെന്‍സസ് നടപ്പാക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുകയാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമന്ത്രിയെയും ഐക്യമുന്നണി നേതൃത്വത്തെയും എല്ലാം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിച്ചാല്‍ മതിയെന്ന് ഇതിനകം തന്നെ ബഹുഭൂരിപക്ഷം പ്രതിപക്ഷ നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സ്ഥാനത്തേക്ക് തങ്ങള്‍ക്ക് പിടിവാശിയില്ലെന്നും ഈ നേതാക്കള്‍ പറയുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷ ഐക്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ട് മുന്നോട്ട് പോകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
കര്‍ണാടകയിലെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വിജയം പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് എല്ലാ നിലയിലും കരുത്ത് പകരുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസ്സ് പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിക്കുന്നതിന് മുന്‍കൈ എടുക്കണമെന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്ന് ഇതിനകം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തന്നെ 19 പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു ഐക്യ നിര ബി ജെ പിക്ക് എതിരായി നിലവില്‍ വന്നിട്ടുണ്ട്. ഈ ഐക്യനിര ശക്തിപ്പെടുത്താനും കൂടുതല്‍ പാര്‍ട്ടികളെ ഇതിലേക്ക് കൊണ്ടുവരുന്നതിനുമുള്ള നേതൃപരമായ ചുമതല ഇന്നത്തെ സാഹചര്യത്തില്‍ ഈ ഐക്യ നിരയിലെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് തന്നെയാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും ആത്യന്തികമായി നമ്മുടെ ഭരണഘടനക്കും തന്നെ എതിരായി നിലകൊള്ളുന്ന ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ഇറക്കി വിടുക എന്നുള്ളത് തന്നെയാണ് പ്രതിപക്ഷത്തിന്റെ മുഖ്യ കടമ. രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രധാന എതിരാളി ബി ജെ പിയാണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതുകൊണ്ട് തന്നെ അവരെ ഒറ്റപ്പെടുത്താനും അധികാരത്തില്‍ നിന്ന് പുറത്താക്കാനും എല്ലാ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും യോജിച്ചേ മതിയാകൂ. അതിനുള്ള വ്യാപകവും ഏറ്റവും ശക്തവുമായ പ്രവര്‍ത്തനങ്ങളാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നത്.
ന്യൂനപക്ഷ ധ്വംസനങ്ങള്‍, ദളിത്-പിന്നാക്ക വിരുദ്ധ നിലപാടുകള്‍, രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍ ഏറ്റവും രൂക്ഷമായ സ്ഥിതിയിലാണ് നിലവില്‍ നമ്മുടെ രാജ്യം. രാജ്യത്തെ ന്യൂനപക്ഷ ധ്വംസനങ്ങളെ സംബന്ധിച്ച് സാര്‍വ ദേശീയ സംഘടനകള്‍ തന്നെ ശക്തമായ ആക്ഷേപം ഉന്നയിച്ചിട്ടുള്ളതാണ്. ഏറ്റവും ഒടുവില്‍ അമേരിക്ക, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ച് പരസ്യപ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ജനതയില്‍ ഏതാണ്ട് 78 ശതമാനത്തോളം പിന്നാക്ക, ദളിത് ജനവിഭാഗങ്ങളാണ്. ന്യൂനപക്ഷങ്ങളിലും നല്ലൊരു ശതമാനം പിന്നാക്കക്കാരാണ്. ഏറെ അവഗണിക്കപ്പെട്ട ഈ ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ സാമുദായിക സംവരണം പോലും ഫലപ്രദമായില്ല. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് ന്യൂനപക്ഷങ്ങളോ ദളിത് പിന്നാക്ക വിഭാഗങ്ങളോ പരിഗണന അര്‍ഹിക്കുന്നവരാണെന്ന ചിന്ത പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം.
ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷമാകെ ബി ജെ പിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായമുള്ളവരാണ്. നിര്‍ഭാഗ്യവശാല്‍ ഇതില്‍ പല പാര്‍ട്ടികളും പരസ്യമായി ബി ജെ പിക്കെതിരായി രംഗത്തുവരാന്‍ ഇപ്പോഴും അറച്ച് നില്‍ക്കുകയാണെന്ന വസ്തുത വിസ്മരിച്ചിട്ട് കാര്യമില്ല. ഇവരുള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഭരണകക്ഷിക്ക് എതിരായി അണിനിരത്തുക എന്ന ഭാരിച്ച ചുമതലയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്സ് അടക്കമുള്ള പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടത്.
കര്‍ണാടക തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വിലപ്പെട്ട പാഠങ്ങളാണ് നല്‍കുന്നത്. ശക്തമായ ഇടപെടലുകള്‍ നടത്തിയാല്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നുള്ളതാണ് അതില്‍ പ്രധാനം. പ്രതിപക്ഷത്തിന്റെ യോജിപ്പും പ്രധാനപ്പെട്ട കാര്യമാണ്. കര്‍ണാടകയില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം യോജിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ദയനീയമായി ബി ജെ പിയെ നിലംപരിശാക്കാമായിരുന്നു. ജനതാദള്‍ അടക്കമുള്ള പാര്‍ട്ടികളും എന്തിന് ഇടതുപക്ഷ പാര്‍ട്ടികള്‍ പോലും ഒറ്റക്കാണ് അവിടെ മത്സരിച്ചത്. പ്രതിപക്ഷത്തിന്റെ ബലഹീനത വിളിച്ചറിയിക്കുന്ന സംഭവങ്ങളായിരുന്നു ഇവയെല്ലാം.
പ്രതിപക്ഷ ഐക്യം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമാണ്. കാരണം രാഷ്ട്രീയ രംഗം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഒരു മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള ശക്തമായ നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു. അതുകൊണ്ട് തന്നെ ഈ നീക്കത്തെ സര്‍വശക്തിയും ഉപയോഗിച്ചെതിര്‍ക്കാന്‍ കെല്‍പ്പുള്ള ഒരു പ്രതിപക്ഷം ഉണ്ടായേ മതിയാകൂ. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രതിപക്ഷത്തുള്ള മുഴുവന്‍ പാര്‍ട്ടികളും യോജിച്ച് നിന്നാല്‍ മാത്രമേ ഐതിഹാസികവും ഏറെ പ്രയാസകരവുമായ ഈ ദൗത്യം വിജയത്തിലെത്തൂ. അന്ധമായ ഇതര പാര്‍ട്ടി വിരോധത്തിന് തത്കാലം തിരശ്ശീല വീഴണം. അല്ലെങ്കില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും തിരശ്ശീല വീഴുന്നത് നാം കാണേണ്ടി വരും.