Connect with us

earth quake

മരണത്തിന്റെ മാത്രമല്ല, ജീവന്റേതും

എത്ര നിസ്സാരനാണ് മനുഷ്യൻ. എത്ര നിസ്സഹായൻ. എത്ര അനിശ്ചിതമാണ് അവന്റെ കാലം. ഭൂമിയുടെ ചെറിയൊരു വിറയൽ മതി എല്ലാം തകർന്നടിയാൻ. സന്തുലനത്തിന്റെ ഔദാര്യത്തിലല്ലേ ജീവിലോകത്തിന്റെ നിൽപ്പ്. അനന്തമജ്ഞാതമവർണനീയം മാത്രമല്ല അനിശ്ചിതം കൂടിയാണ് ഈ ലോക ഗോളം തിരിയുന്ന മാർഗം. സന്തുലനത്തിന്റെ സർവാധിപന് മുന്നിൽ വിനീതനാകാൻ മറ്റെന്ത് വേണം?

Published

|

Last Updated

തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂചലനത്തിന്റെ വാർത്തകൾ സാവധാനം ഉൾപ്പേജുകളിലേക്കും ഒറ്റ, ഇരട്ട കോളങ്ങളിലേക്കും മാറുകയാണ്. സ്വാഭാവികമാണത്. പുതിയതാണല്ലോ വാർത്ത. നാൽപ്പതിനായരത്തോളം മനുഷ്യർ മരിച്ചു വീണതിന്റെ വാർത്ത ഒറ്റ ദിവസമല്ലല്ലോ വന്നത്. ഒരോ ദിനവും ഒരോ മണിക്കൂറും മിനുട്ടും എണ്ണം കൂട്ടിച്ചേർക്കപ്പെട്ടു കൊണ്ടേയിരുന്നു. വാർത്ത വെറും എണ്ണത്തിന്റെ പുതുക്കൽ മാത്രമായി. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ കൂറ്റൻ കൂമ്പാരങ്ങൾക്ക് താഴെ ഇനിയും മനുഷ്യർ മരിച്ച് കിടക്കുന്നുണ്ടാകാം. ജീവന്റെ നേർത്ത മിടിപ്പുമായി ഒരു കുഞ്ഞ്, ഒരു യുവാവ്, ഒരു സ്ത്രീ, ഒരു ഉപ്പൂപ്പ ബോധാബോധങ്ങളുടെ നൂൽപ്പാലത്തിൽ, മരണത്തിന്റെയും ജീവന്റെയും വിളുമ്പിൽ കഴിയുന്നുമുണ്ടാകാം. കൊടും തണുപ്പും പൊടിയും, അമരാൻ കാത്തു നിൽക്കുന്ന കരിങ്കൽ ഭാരങ്ങളും വകവെക്കാതെ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചു കൊണ്ട് ഒരു രക്ഷാ ഭടൻ അവരെ ചെന്ന് തൊടുന്നതോടെ ജീവിതത്തിന്റെ ആനന്ദത്തിലേക്ക് അവർ കടന്നുവരും. ദുരന്ത ഭൂമി മരണത്തിന്റേത് മാത്രമല്ല, ജീവന്റേത് കൂടിയാണ്.

എത്ര നിസ്സാരനാണ് മനുഷ്യൻ. എത്ര നിസ്സഹായൻ. എത്ര അനിശ്ചിതമാണ് അവന്റെ കാലം. ഭൂമിയുടെ ചെറിയൊരു വിറയൽ മതി എല്ലാം തകർന്നടിയാൻ. സാങ്കേതികമായി വലുതായി അടയാളപ്പെടുത്തുമ്പോഴും 7.8 തീവ്രതയെന്നൊക്കെ പറയുന്നത് എത്ര ഹ്രസ്വമായ അനക്കമാണത്. ഓരോ കുഞ്ഞു തുടരനക്കവും പേർത്തും പേർത്തും ബലപ്പെടുത്തിയ എത്രയെത്ര ഉറപ്പുകളെയാണ് ഞൊടിയിടയിൽ നിസ്സാരമാക്കിക്കളഞ്ഞത്. ഭൂകമ്പ സാധ്യതാ പ്രദേശമെന്ന് അടയാളപ്പെടുത്തുമ്പോഴും എത്ര അപ്രതീക്ഷിതമായാണ് അത് സംഭവിക്കുന്നത്. സന്തുലനത്തിന്റെ ഔദാര്യത്തിലല്ലേ ജീവിലോകത്തിന്റെ നിൽപ്പ്. അനന്തമജ്ഞാതമവർണനീയം മാത്രമല്ല അനിശ്ചിതം കൂടിയാണ് ഈ ലോക ഗോളം തിരിയുന്ന മാർഗം. സന്തുലനത്തിന്റെ സർവാധിപന് മുന്നിൽ വിനീതനാകാൻ മറ്റെന്ത് വേണം?

ദുരന്ത ഭൂമിയിലെ ആഘോഷങ്ങൾ അതിമനോഹരമാണ്. അതിന് കണ്ണീർ നനവാർന്ന മഴവിൽ നിറമുണ്ട്. ദുരന്തം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം 64 കാരിയെ ജീവനോടെ പുറത്തെടുക്കുമ്പോൾ രക്ഷാപ്രവർത്തകരിൽ മിക്കവരും നിന്ന് കരയുകയാണ് ചെയ്തത്. അക്കൂട്ടത്തിൽ അവരുടെ മകനുമുണ്ടായിരുന്നു. അവന് ബോധക്ഷയമുണ്ടായി. രക്ഷാപ്രവർത്തകർ ആ ഉമ്മയോട് നന്ദി പറഞ്ഞു. കൂടുതൽ ഉണർവോടെ ജീവൻ തേടാൻ ആത്മവിശ്വാസം തന്നതിന്. തിരയുന്നത് മയ്യിത്തുകൾ മാത്രമല്ലെന്ന ഉറപ്പ് തന്നതിന്. കൂടിനിന്നവരെല്ലാം കൈയടിച്ചു. അവരെ വരവേറ്റു. ആ കൈയടി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ ആദരിക്കാൻ വേണ്ടി മാത്രമായിരുന്നില്ല. ആ ഉമ്മക്ക് വേണ്ടി കൂടിയായിരുന്നു. ജർമൻ രക്ഷാപ്രവർത്തക സംഘം കഹ്റമൻമറാസിൽ നിന്ന് സൈനബിനെ ജീവനോടെ പുറത്തെടുക്കുമ്പോൾ 108 മണിക്കൂറിന്റെ വിശപ്പും പ്രാണവായുക്കുറവും കൊടും തണുപ്പും മുകളിലടിഞ്ഞ അവശിഷ്ടങ്ങളുടെ ഭാരവും അവർ അനുഭവിച്ച് തീർത്തിരുന്നു. ഇത്തിരി വീർപ്പ് മാത്രമാണ് ശേഷിച്ചിരുന്നത്.

അവരെ അനക്കത്തോടെ കാണുമ്പോൾ രക്ഷാദൂതർ തേങ്ങി. കെട്ടിപ്പിടിച്ചു. പക്ഷേ, സൈനബ് മരണാസന്നയായിരുന്നു. ആശുപത്രിയിലെത്തിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട അവരുടെ ചില ബന്ധുക്കൾ അവിടെയുണ്ടായിരുന്നു. അവർ സൈനബിനെ പുണർന്നു. മണിക്കൂറുകൾക്കകം സൈനബ് മരിച്ചു. അപ്പോഴും രക്ഷാ പ്രവർത്തകർ ആനന്ദക്കണ്ണീർ പൊഴിച്ചു. സൈനബ് ആ പൊടിയിലും ഇരുട്ടിലും ഉപേക്ഷിക്കപ്പെട്ടല്ലല്ലോ മരിച്ചത്!

ഭൂചലനം ഏറ്റവും നാശം വിതച്ച അന്താക്യയയിൽ നിന്ന് മുസ്തഫ ആവ്‌സിയെ കണ്ടെത്തിയത് 278 മണിക്കൂറുകൾക്ക് ശേഷമാണ്. മുസ്തഫയുടെ കുഞ്ഞും ഭാര്യയും പിതാവും നേരത്തേ രക്ഷപ്പെട്ടിരുന്നു. ജനിച്ചിട്ട് പത്ത് ദിവസം പോലുമാകാത്ത പിഞ്ചു കുഞ്ഞിനോട് ഉമ്മ പറഞ്ഞുവത്രേ: നിന്റെ ഉപ്പ… അവളുടെ വിധി ഉപ്പ നഷ്ടപ്പെട്ട കുഞ്ഞാകാനായിരുന്നില്ല. ലണ്ടൻ യൂനിവേഴ്‌സിറ്റിയിലെ ഡിസാസ്റ്റർ ആൻഡ് ഹെൽത്ത് വിഭാഗം പ്രൊഫസർ ഇലാൻ കിൽമാൻ പറയുന്നതിങ്ങനെ: “ഭൂചലനം ആരെയും കൊല്ലുന്നില്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് മരിക്കുന്നത്. ഗുരുതരമായി പരുക്കില്ലാതെ അകപ്പെടുന്നവരിൽ 90 ശതമാനവും ആദ്യ 72 മണിക്കൂറിനുള്ളിൽ രക്ഷപ്പെടും. പിന്നെ രക്ഷപ്പെടുവന്നവർ മഹാത്ഭുതങ്ങളാണ്’ ആശുപത്രി കിടക്കയിലുള്ള മുസ്തഫ ആവ്‌സിയെ ഭാര്യ ബിൽഗെ ആവ്‌സി കുഞ്ഞിനെ കാണിക്കുന്ന രംഗമുണ്ട്. ജീവിതം കണക്കിലൊതുങ്ങാത്ത യാഥാർഥ്യമാണെന്ന് വിളിച്ചു പറയുന്ന രംഗം.

ലോകത്തെ ഏത് സാധാരണ മനുഷ്യനും ഒരു നിമിഷം കൊണ്ട് അസാധാരണ തിളക്കമുള്ളയാളാകാനുള്ള ഒരേയൊരു മാർഗം സാന്ത്വനമാകുകയെന്നതാണ്. മരണവും വേദനയും നിരാശയും മാത്രം നിറഞ്ഞ ദുരന്തഭൂമിയിൽ അനന്തമായ അലച്ചിലിനൊടുവിൽ അപ്രതീക്ഷിതമായി ജീവനെ തൊടുന്ന രക്ഷാഭടന്റെ അതിമനോഹര ദൃശ്യം വിവരിക്കുന്നുണ്ട് അൽ ജസീറ സംഘത്തിലെ കോളമിസ്റ്റ് ആൻഡ്ര്യൂ. വലിയ ബീം ചരിഞ്ഞു കിടക്കുന്നതിന്റെ ഒഴിവിൽ നിന്ന് സിറിയൻ ബാലനെ പുറത്തെടുക്കുമ്പോൾ അവൻ ഉല്ലാസവാനായിരുന്നു. അവൻ ഉറക്കെ ചിരിച്ചു. വാരിയെടുത്ത രക്ഷാ ഭടൻമാരെ അവൻ സ്‌നേഹപൂർവം തല്ലി. അവർ അവന്റെ ചെവി കടിച്ചു, ഉമ്മ വെച്ചു. ആ വീഡിയോ കണ്ടുകണ്ടിരിക്കെ ഏത് പരീക്ഷണത്തിലും ജീവന്റെ ആനന്ദം ഒളിപ്പിച്ചു വെച്ച മഹാ ഔദാര്യം അനുഭവിക്കാനാകും. ആൻഡ്ര്യൂ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് ഹ്യുമാനിറ്റി അറ്റ് വർക്ക് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്.

യു എൻ പ്രതിനിധിയായ മുഹമ്മദ് സ്വഫ പുറത്തുവിട്ട ചിത്രം ഹൃദയഹാരിയായിരുന്നു. ഏഴ് വയസ്സുകാരി കുഞ്ഞനുജനെ തലയിൽ കൈകൊരുത്തു വെച്ച് സംരക്ഷിക്കുന്ന ചിത്രം. അവർ കിടക്കുന്നതിന് തൊട്ടുമുകളിൽ വലിയ കോൺക്രീറ്റ് സ്ലാബാണ്. അതൊന്നനങ്ങിയാൽ ആ രണ്ട് കുഞ്ഞുങ്ങളും അരഞ്ഞ് പോകും. എന്നിട്ടും അവൾ അനുജന് കവചമൊരുക്കുന്നു, കുഞ്ഞു കൈകൊണ്ട്. അനുജൻ ആ ഇളം കൈയിൽ സുരക്ഷിതത്വം നുണഞ്ഞു കിടന്നു. 17 മണിക്കൂർ കഴിഞ്ഞ് ദൗത്യ സംഘം കണ്ടെത്തും വരെ. കരുതലിനോളം കരുത്ത് മറ്റെന്തിനാണുള്ളത്?
ജീവിതത്തിലേക്ക് പുഞ്ചിരിച്ചെത്തുന്ന കുഞ്ഞുങ്ങളാണ് ഭൂചലനത്തിന്റെ ഏറ്റവും വികാരഭരിതമായ ശേഷിപ്പ്. തുർക്കിയിൽ ഭൂകമ്പ പ്രഭവ കേന്ദ്രമായ കഹ്‌റാമൻമാരസിൽ നിന്ന് തലസ്ഥാന നഗരമായ അങ്കാറയിലേക്ക് വ്യാഴാഴ്ച വരെ സുരക്ഷിതമായി എത്തിച്ചത് 16 കുരുന്നുകളെയാണ്. ഇവരുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നുണ്ടോ? മരിച്ചോ? അറിയില്ല. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങൾ തീവ്രപരിചരണ വിഭാഗത്തിൽ തുടരും. ബാക്കിയുള്ള കുട്ടികളെ സർക്കാർ നിയമിച്ച ആയമാർ നോക്കും. ആ വളർത്തമ്മമാരേക്കാൾ ആഘോഷിക്കേണ്ട മാതൃത്വം വേറെയേതുണ്ട്.

സർവം തകർന്ന മേഖലയിൽ നിന്ന് വന്ന മറ്റൊരു മനോഹരമായ ചിത്രം ഇന്ത്യൻ സംഘത്തിലെ വനിതാ ഡോക്ടറെ തുർക്കി വനിത ആശ്ലേഷിക്കുന്നതായിരുന്നു. മനുഷ്യരെക്കുറിച്ച് നിരാശപ്പെടുമ്പോഴെല്ലാം എടുത്തു നോക്കാവുന്ന, ഫ്രെയിം ചെയ്തു വേക്കേണ്ട ചിത്രം. ഇന്ത്യയുടെ ഓപറേഷൻ ദോസ്തിന്റെ ഭാഗമായാണ് ഡോക്ടർമാരുടെയും സൈനികരുടെയും ടെക്‌നീഷ്യൻമാരുടെയും സംഘം തുടർക്കിയിലെത്തിയത്. നോക്കൂ ആ പേര് തന്നെ എത്ര അർഥവത്താണ്: ചങ്ങാതിമാർ. രാജ്യങ്ങളുടെ അതിർത്തികൾ എത്ര വേഗമാണ് മാഞ്ഞു പോകുന്നത്. എവിടെ വീഴുന്ന പ്രഹരവും എന്റെ പുറത്താകുന്നുവെന്ന് എൻ വി പറയുന്നതിന്റെ അർഥം എത്ര മനോഹരമായാണ് പുലരുന്നത്. എല്ലാ രാഷ്ട്രീയവും അസ്തമിച്ച് പരസ്പരം താങ്ങാകുകയെന്ന മാനുഷികതയാണ് ഓപറേഷൻ ദോസ്തിൽ ഉദിക്കുന്നത്. കൊടുംശൈത്യവും മഴയും അടക്കമുള്ള ദുഷ്‌കരമായ കാലാവസ്ഥ. അതിശക്തമായി കട്ടറുകൾ പ്രവർത്തിപ്പിച്ച് കോൺക്രീറ്റ് ബീമുകൾ മുറിക്കാനാകില്ല. അകത്താരെങ്കിലും ഉണ്ടെങ്കിലോ. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ രക്ഷാ പ്രവർത്തകരെ ഏകോപിപ്പിക്കാനും ബുദ്ധിമുട്ടുണ്ട്. ദുരന്ത മേഖലയിൽ കടന്നു ചെല്ലുന്നത് തന്നെ ദുഷ്‌കരം. പലയിടത്തും ദുരിതാശ്വാസപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുമുണ്ട്. മഞ്ഞു വീഴ്ചയിൽ വീഴാതെ ഉറ്റവരെ തിരയുന്നവർ പലപ്പോഴും രക്ഷാപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുന്നില്ല. അവർക്ക് അവിടം വിട്ട് പോകാനാകില്ലല്ലോ. അവരുടെ ഉടപ്പിറപ്പുകളല്ലേ അവിടെ കിടക്കുന്നത്. കുടിവെള്ളമടക്കം ഭക്ഷ്യവസ്തുക്കൾ ലഭ്യമല്ല. രക്ഷപ്പെട്ടവർക്ക് ആവശ്യത്തിന് വസ്ത്രങ്ങളോ പുതപ്പോ ഇല്ല. പരുക്കേറ്റവർക്കുള്ള വൈദ്യ സഹായം എത്രയൊക്കെ എത്തിച്ചിട്ടും തികയുന്നില്ല.

തുർക്കിക്ക് ഇതുവരെ എഴുപതോളം രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര സഹായം തുർക്കിയിലേക്ക് ഒഴുകുമ്പോഴും അമേരിക്കൻ ഉപരോധം നിലനിന്നിരുന്നതിനാൽ സിറിയയിലേക്ക് ഈ പ്രവാഹമില്ല (വിലക്ക് പിന്നീട് നീക്കി). അക്കാര്യത്തിലും ഇന്ത്യ വ്യത്യസ്തത നിലനിർത്തി. ഉപരോധം അവിടെ നിൽക്കട്ടെ സഹായം പ്രവഹിക്കട്ടെ എന്നതാണ് ഇന്ത്യൻ നിലപാട്.

സിറിയയിലെ വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള ഇടങ്ങളാണ് പ്രധാനമായും ഭൂചലനത്തിന് ഇരയായത്. അവിടേക്ക് അന്താരാഷ്ട്ര ഏജൻസികളെ സിറിയൻ സർക്കാർ കടത്തിവിടില്ല. ദുരിതാശ്വാസ സാമഗ്രികൾ ഞങ്ങളെത്തിക്കാം എന്നതാണ് അവരുടെ ഭാഷ്യം. അപ്പറഞ്ഞതിൽ രാഷ്ട്രീയമുണ്ട്. ബശർ അൽ അസദ് സർക്കാറിന് കടന്നു ചെല്ലാനാകാത്ത വിമത ശക്തി കേന്ദ്രങ്ങളിലേക്ക് ചെല്ലാനുള്ള കുറുക്കുവഴിയായി ദുരന്തത്തെ ഉപയോഗിക്കുകയാണ്.
ഇത് യു എൻ അടക്കമുള്ള ഏജൻസികൾ തിരിച്ചറിയുന്നുണ്ട്. ഈ സംഘട്ടനങ്ങൾക്കിടയിൽ ഉഴലുന്നത് നിരാലംബരായ മനുഷ്യരാണ്. ഈ സങ്കടങ്ങൾക്കിടയിലും അവിടെ ഭീകരാക്രമണം നടന്നുവെന്നാണ് വാർത്ത. കുഞ്ഞുങ്ങളുടെ നക്ഷത്രക്കണ്ണുകൾ കാണാനാകാത്ത വിധം ഹൃദയത്തിൽ ഇരുട്ടുപരന്ന ഈ നരാധമരെ നേരെയാക്കാൻ ഏത് ഭൂമികുലുക്കത്തിനാണ് സാധിക്കുക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്