Connect with us

Kerala

ആ പരിപ്പൊന്നും ഇവിടെ വേവില്ല, ഗവര്‍ണര്‍ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മതി; ആഞ്ഞടിച്ച് മുഖ്യമന്ത്രി

മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്

Published

|

Last Updated

പാലക്കാട് |  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച്് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മതി. അതില്‍ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സിഐടിയു പാലക്കാട് ജില്ലാ പൊതുസമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്. ആ കഥയിലേക്കൊന്നും ഞാന്‍ പോകുന്നില്ല. എന്നാല്‍ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ആരോട് ഇറങ്ങിപ്പോകാന്‍ ആര് പറഞ്ഞു എന്നാണ്. ആരെയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ഈ നാട്ടില്‍ അന്തസ്സോടെ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവര്‍ തന്നെയാണ് ഞങ്ങള്‍. ആരോടും അപമര്യാദയായി പെരുമാറുന്നില്ല, അതിന്റെ ആവശ്യമില്ല. അത് മനസ്സിലാക്കണം. മെല്ലെ തോണ്ടിക്കളയാം എന്ന് വെച്ചാല്‍, ആ തോണ്ടലൊന്നും ഏശില്ല -മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന നല്‍കിയിട്ടുള്ള അധികാരങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എന്താണ് നിങ്ങളെ ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുക എന്നതാണ് അത്. നിങ്ങള്‍ക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാനാവില്ല. അത്തരത്തില്‍ ഒന്നുമായിട്ട് പുറപ്പെടുകയും വേണ്ട. അങ്ങനെ ഒരു പുറപ്പെടലും സമ്മതിക്കുന്ന ഒരു നാടല്ല കേരളം എന്ന് മനസ്സിലാക്കിക്കൊള്ളണം. ഇവിടെ ഇത്തരത്തിലുള്ള പല കാര്യങ്ങളും വരും. അതൊന്നും ശ്രദ്ധിക്കാനുള്ള സമയം ഇല്ല. നമുക്ക് നമ്മുടെ നാട് കൂടുതല്‍ പുരോഗതിയിലേക്ക് പോകണം. കൂടുതല്‍ വികസനത്തിലേക്ക് കുതിക്കണം.നമ്മുടെ നാടിന്റെ വികസനത്തിന് തടയിടാന്‍ ആര് വന്നാലും, അത് എന്റെ സര്‍ക്കാര്‍ എന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ വിളിക്കുന്ന ഗവര്‍ണര്‍ ആയാല്‍ പോലും ഈ നാട് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

---- facebook comment plugin here -----

Latest