Connect with us

Congress Groupism

ഇനി വിവാദത്തിനില്ല; ഡയറി ഉയര്‍ത്തിക്കാട്ടിയത് തന്റെ വിശ്വാസ്യത തെളിയ്ക്കാനെന്ന് സുധാകരന്‍

മുന്നണിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ആര്‍ എസ് പി നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു

Published

|

Last Updated

കണ്ണൂര്‍ | പുതിയ ഡി സി സി അധ്യക്ഷ്യന്മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ ഇനി വിവാദങ്ങള്‍ക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഡി സി സി അധ്യക്ഷന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി കൊടുത്ത പേരുകള്‍ എഴുതിയ ഡയറി പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയത് തന്റെ വിശ്വാസ്യത തെളിയിക്കാനാണെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ച നടന്നില്ലെന്ന് പറഞ്ഞപ്പോള്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഇനിയാരും പാര്‍ട്ടി വിട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ആര്‍ എസ് പി നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിടുന്ന നേതാക്കന്മാരെ ബി ജെ പിയിലേക്ക് ക്ഷണിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പൊന്നുരുക്കുന്നിടത്ത് ബി ജെ പിക്ക് എന്ത് കാര്യം എന്നായിരുന്നു മറുപടി.

അതിനിടെ, കണ്ണൂര്‍ ഡി സി സി ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കും സുധാകരന്‍ മറുപടി നല്‍കി. ഡി സി സി ഓഫീസ് നിര്‍മ്മാണത്തിനായി വ്യാപക പണപ്പിരിവ് നടത്തി എന്നത് തെറ്റായ പ്രചാരണമാണ്. കണ്ണൂര്‍ ഡി സി സി ഓഫീസ് പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ വിലയാണ്. ഡി സി സി ഓഫീസ് നിര്‍മ്മിച്ചതില്‍ രണ്ട് പേരോടാണ് കടപ്പാടുള്ളത്. കെ സുരേന്ദ്രനോടും സതീശന്‍ പാച്ചേനിയോടും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.