Connect with us

Kerala

മത്സരിക്കാന്‍ ഗെഹ്ലോട്ട് ഇല്ല; ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ ഭയന്ന് ഹൈക്കമാന്‍ഡ്

പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം അട്ടിമറിക്കാന്‍ ഗെഹ്ലോട്ട് നടത്തിയ നീക്കങ്ങളും അതേ തുടര്‍ന്ന് മറ്റു സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഹൈക്കമാന്‍ഡിന്റെ നെട്ടോട്ടവും കണ്ട ശശി തരൂര്‍, തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ കുറേക്കൂടി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും തനിക്കു പിന്‍തുണയുണ്ടെന്നു കരുതുന്ന തരൂര്‍ വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും.

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള തീരുമാനത്തിലുറച്ച് ശശി തരൂര്‍ എംപി മുന്നോട്ടു പോകുമ്പോള്‍ കോണ്‍ഗ്രസ്സില്‍ ആശങ്ക. ഹൈക്കമാന്റ് കണ്ടുവച്ചിരുന്ന സ്ഥാനാര്‍ഥി അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം വിട്ടു പാര്‍ട്ടിയെ നയിക്കാന്‍ വരില്ലെന്നു വ്യക്തമായതോടെ പുതിയ സ്ഥാനാര്‍ഥികളെ തേടുകയാണ് ഹൈക്കമാന്റ്. എന്നാലും ശശി തരൂരിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പരിഗണിക്കില്ലെന്നുറപ്പാണ്.

ശശീ തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ്സുകാരില്‍ ഉള്ളതുപോലെ എതിര്‍പ്പ് ദേശീയ തലത്തില്‍ ഉണ്ടാവാനിടയില്ല. ഈ സാഹചര്യത്തില്‍ മത്സരമുണ്ടായാല്‍ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ അട്ടിമറിച്ച് ശശി തരൂര്‍ വിജയിച്ചേക്കുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തില്‍ പടരുകയാണ്.

പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം അട്ടിമറിക്കാന്‍ ഗെഹ്ലോട്ട് നടത്തിയ നീക്കങ്ങളും അതേ തുടര്‍ന്ന് മറ്റു സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഹൈക്കമാന്‍ഡിന്റെ നെട്ടോട്ടവും കണ്ട ശശി തരൂര്‍, തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ കുറേക്കൂടി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും തനിക്കു പിന്‍തുണയുണ്ടെന്നു കരുതുന്ന തരൂര്‍ വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. ദേശീയ തലത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്ന ആയാറാം ഗയാറാം രീതികളോടു വെറുപ്പുള്ള കേരളത്തിലെ ഒരു വിഭാഗം അടക്കം വലിയൊരു വിഭാഗത്തിന്റെ പിന്തുണ തനിക്കു ലഭിക്കുമെന്നാണു ശശി തരൂര്‍ കരുതുന്നത്.

പാലക്കാട്ട് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശശി തരൂര്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്‍തുണ തേടി ദേശീയ തലത്തില്‍ ആശയ വിനിമയം ആരംഭിച്ചു കഴിഞ്ഞു. പത്രിക നല്‍കിക്കഴിഞ്ഞാല്‍ തനിക്കുള്ള പിന്‍തുണ വര്‍ധിക്കുമെന്നാണു തരൂര്‍ കരുതുന്നത്.

മുഖ്യമന്ത്രിസ്ഥാനം വിട്ടുള്ള കളിയില്ലെന്ന് ഹൈക്കമാന്‍ഡ് കണ്ടെത്തിയ സ്ഥാനാര്‍ഥി ഗെഹ്ലോട്ട് വ്യക്തമാക്കിയതോടെ പകരം മുകുള്‍ വാസിനിക്കിനെയോ ദിഗ് വിജയ് സിംഗിനേയോ സ്ഥാനാര്‍ഥിയാക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. ഹിന്ദി ബെല്‍ട്ടില്‍ നിന്നുള്ള സ്ഥാനാര്‍ഥി തന്നെ വേണം പാര്‍ട്ടിയെ നയിക്കാന്‍ എന്ന് ഹൈക്കമാന്‍ഡ് ഉറപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ പ്രസിഡന്റിനെ ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയിലല്ല കോണ്‍ഗ്രസ്.

ശശി തരൂരിനെ പോലെ വ്യക്തിത്വവും പേരും പ്രശസ്തിയുമെല്ലാം ഉള്ള ഒരാളെ ആ പദവിയില്‍ ഉള്‍ക്കൊള്ളാനുള്ള വിശാലത ഇപ്പോള്‍ ഹൈക്കമാന്‍ഡിനില്ല. ശശീ തരൂരിനെ പോലെ ഒരാള്‍ വന്നാല്‍, പ്രസിഡന്റ് തന്നെ ഹൈക്കമാന്‍ഡായി പരിണമിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍ക്കൊള്ളുന്ന ഹൈക്കമാന്‍ഡ് എന്ന സങ്കല്‍പ്പം അതോടെ പുനര്‍ നിര്‍ണയിക്കപ്പെട്ടേക്കാം. നേതാക്കള്‍ക്ക് പാര്‍ട്ടി അധ്യക്ഷനു വഴങ്ങേണ്ട അവസ്ഥ ഉണ്ടായേക്കും. ഈ ഒരുവസ്ഥ ഉണ്ടായാല്‍ കോണ്‍ഗ്രസിനെ നയിച്ചുകൊണ്ടിരിക്കുന്ന നെഹ്രു കുടുംബം എന്ന വികാരത്തിന് അതു ക്ഷതമേല്‍പ്പിക്കും എന്ന ഭയപ്പാടുമുണ്ട്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest