Connect with us

Nipah virus

നിപ പ്രതിരോധം: ഇത്തവണ ഉപയോഗിച്ചത് കൂടുതൽ കാര്യക്ഷമമായ രീതികൾ

കൊവിഡ് മുൻകരുതൽ നിപ വ്യാപനം തടഞ്ഞു

Published

|

Last Updated

കോഴിക്കോട് | നിപ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യവിദഗ്ധർക്കിടയിൽ വിലയിരുത്തൽ. 2018നെ അപേക്ഷിച്ച് കൊവിഡ് പ്രതിരോധ മാർഗങ്ങൾ അടക്കമുള്ള കാരണങ്ങളാൽ നിപ വ്യാപനം ഇത്തവണ നിയന്ത്രിക്കാൻ കഴിഞ്ഞു. എച്ച് 1 എൻ 1ന് വളരെ കാലം മുമ്പ് ഉപയോഗിച്ചു കൊണ്ടിരുന്ന സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള രീതിയായിരുന്നു 2018ൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സ്വീകരിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്ന് പാഠമുൾക്കൊണ്ട് 2019ൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനമുപയോഗിച്ചതിനാൽ നിപയെ വരുതിയിലാക്കാൻ കഴിഞ്ഞു. അന്നത്തേക്കാൾ വിപുലമായ രീതിയാണ് ഇപ്പോൾ ചാത്തമംഗലം പഞ്ചായത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അവലംബിച്ചത്.

2018ലേത് പോലെ രോഗത്തിന് പടർച്ചയുണ്ടാകാൻ സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഗുരുതരാവസ്ഥയിലാണ് നിപ്പാ വൈറസ് കൂടുതൽ പേരിലേക്ക് പകരുക. എന്നാൽ ആശുപത്രികളിലടക്കം മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ചുള്ള കൊവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ വൈറസ് പടരാനുള്ള സാധ്യത കുറയുന്നു.
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ ആരോഗ്യപ്രവർത്തകരുടെ ഫലം നെഗറ്റീവാകാൻ കാരണം ഇത്തരം പ്രതിരോധ മാർഗങ്ങളാണെന്നാണ് വിലയിരുത്തൽ. ഇത്തവണ കോൺടാക്റ്റ് ട്രേസിംഗ് എക്‌സ്പീരിയൻസും ഇൻഫെക്ഷൻ കൺട്രോൾ എക്‌സ്പീരിയൻസും സംയുക്തമായി ഉപയോഗപ്പെടുത്തി. 12കാരൻ മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ ചെറിയ പനിയുള്ളവരെ പോലും കണ്ടെത്തുന്നതിന് സമീപ വീടുകളിലും സ്ഥാപനങ്ങളിലും വിപുലമായ തോതിൽ സർവേ നടക്കുന്നുണ്ട്. ഇത് രോഗ ലക്ഷണങ്ങളുള്ളവരെ പോലും കണ്ടെത്തുന്നതിന് സഹായകമായി.