Connect with us

Kerala

രാജ്യത്തിന്റെ യുവത്വം തൊഴിലിനായി തെരുവില്‍ അലയുന്നു: രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെയോ രാജ്യത്തെ പൗരന്മാരുടെയോ വളര്‍ച്ചയ്ക്കല്ല, മറിച്ച് സര്‍ക്കാരുമായി അടുപ്പം പുലര്‍ത്തുന്ന ചില സമ്പന്നരുടെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് ബിജെപി ഗവണ്‍മെന്റ് നിലകൊള്ളുന്നതെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

കായംകുളം | രാജ്യത്തെ യുവാക്കള്‍ തെരുവില്‍ തൊഴിലിനു വേണ്ടി അലയുകയാണെന്ന് കോണ്‍ഗ്രസ് നേതാവും ഭാരത് ജോഡോ യാത്ര നായകനുമായ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനം യൂത്ത് കോണ്‍ഗ്രസ് തൊഴില്‍രഹിത ദിനമായി ആചരിച്ചതിന്റെ ഭാഗമായി തൊഴില്‍ രഹിതരുമായി സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗാര്‍ത്ഥികളായ യുവാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ അവര്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍പില്‍ അവതരിപ്പിച്ചു. മികച്ച വിദ്യാഭ്യാസവും തൊഴില്‍ മികവും ഉണ്ടായിട്ടും പലര്‍ക്കും തൊഴില്‍ ഇല്ലാത്ത അവസ്ഥയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് വഴി പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നിയമനം നടക്കാത്ത സ്ഥിതിയുണ്ടാകുന്നു,

വിദ്യാഭ്യാസയോഗ്യത ഉണ്ടായിട്ടും ചെറിയ തുകയാണ് ശമ്പളമായി ലഭിക്കുന്നത്. മെഡിക്കല്‍, എന്‍ജിനീയറിങ്, നിയമ പഠനങ്ങള്‍ക്കുള്ള പ്രവേശന സീറ്റുകളുടെ എണ്ണം നിലവില്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ സീറ്റ് നില വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കൂ, മിനിമം വേതനം ഉറപ്പുവരുത്തണം, ചില പഠനങ്ങള്‍ക്കുള്ള കോച്ചിങ്ങിന് ജിഎസ്ടി വര്‍ദ്ധനമുണ്ടായത് വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്, നഴ്‌സിങ് മേഖലയിലുള്ളവര്‍ക്ക് മെച്ചപ്പെട്ട വേതനമോ അടിസ്ഥാന സൗകര്യങ്ങളോ പോലും ലഭിക്കുന്നില്ല- തുടങ്ങി ഒട്ടേറെ പ്രയാസങ്ങള്‍ യുവാക്കള്‍ രാഹുല്‍ഗാന്ധിയുമായി പങ്കുവെച്ചു.

ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരനായ ഉണ്ണികൃഷ്ണന്‍ തന്റെ അവസ്ഥയെപ്പറ്റി ഏറെ വൈകാരികമായാണ് സംസാരിച്ചത്. മികച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിട്ടും സ്ഥിര ജോലി എന്നത് താന്‍ ഉള്‍പ്പെടുന്ന എണ്ണമറ്റ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണെന്ന് ഉണ്ണികൃഷ്ണന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് സംസാരിച്ച രാഹുല്‍ഗാന്ധി ഇന്ത്യയില്‍ പുതിയതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് പറഞ്ഞു.

കേരളത്തില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ള അവസരമുണ്ടെങ്കിലും ഭരണ സംവിധാനങ്ങളുടെ പരാജയം മൂലം മികച്ച തൊഴില്‍ ലഭിക്കുന്നില്ല. രാജ്യത്തിന്റെയോ രാജ്യത്തെ പൗരന്മാരുടെയോ വളര്‍ച്ചയ്ക്കല്ല, മറിച്ച് സര്‍ക്കാരുമായി അടുപ്പം പുലര്‍ത്തുന്ന ചില സമ്പന്നരുടെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് ബിജെപി ഗവണ്‍മെന്റ് നിലകൊള്ളുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎല്‍എ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത്‌കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം സംവാദത്തില്‍ പങ്കുചേര്‍ന്നു.

Latest