Connect with us

Kerala

എൻ പരമേശ്വരൻ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി; ശംഭു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പന്തളം കൊട്ടാരം അംഗമായ ഗോവിന്ദ് വര്‍മ്മയാണ് ശബരിമല പുതിയ മേല്‍ശാന്തിയെ നറുക്കെടുത്തത്.

Published

|

Last Updated

പത്തനംതിട്ട | എൻ പരമേശ്വരൻ നമ്പൂതിരിയെ  ശബരിമല പുതിയ മേൽശാന്തിയായും മാളികപ്പുറം മേൽശാന്തിയായി കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെയും തിരഞ്ഞെടുത്തു. പന്തളം കൊട്ടാരം അംഗമായ ഗോവിന്ദ് വര്‍മ്മയാണ് ശബരിമല പുതിയ മേല്‍ശാന്തിയെ നറുക്കെടുത്തത്. നാലാമത്തെ നറുക്ക് വീണ എന്‍ പരമേശ്വരന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി പ്രഖ്യാപിക്കുകയായിരുന്നു. തട്ടാരമംഗലം,കളീയ്ക്കല്‍ മഠം, മാവേലിക്കര സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി.

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് ശേഷമാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. നാലാമത്തെ നറുക്കിലൂടെ കോഴിക്കോട് സ്വദേശി കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. പന്തളം കൊട്ടാര അംഗമായ നിരജ്ഞന്‍ ആര്‍ വര്‍മ്മയാണ് നറുക്കെടുത്തത്. പുറപ്പെടാ ശാന്തിമാര്‍ കൂടിയാകുന്ന ഇരുവരും നവംബര്‍ 15ന് ഇരുമുടി കെട്ടുമായി ശബരീശ സന്നിധിയില്‍ എത്തിച്ചേരും.  ആചാരാനുഷ്ടാന പരമായ ചടങ്ങുകള്‍ക്ക് ശേഷം മേല്‍ശാന്തിമാരായി ചുമതല ഏല്‍ക്കും. വൃശ്ചികം ഒന്നായ നവംബര്‍ 16ന് ശബരിമല – മാളികപ്പുറം തിരുനടകള്‍ തുറക്കുന്നത് ഇവരായിരിക്കും.

തുലാമാസം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നത്. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നെയ്യഭിഷേകവും നടന്നു. ശേഷം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മണ്ഡപത്തില്‍ മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ എന്നിവ നടന്നു. എട്ട് മണിക്കാണ് ശബരിമല പുതിയമേല്‍ശാന്തിക്കായുള്ള നറുക്കെടുപ്പ് നടപടികള്‍ ആരംഭിച്ചത്. മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയ ഒമ്പത് ശാന്തിമാരുടെ പേരുകള്‍ എഴുതിയ ഒമ്പത് തുണ്ട് കടലാസുകള്‍ ഒന്നാമത്തെ വെള്ളി പാത്രത്തിലും മേല്‍ശാന്തിയെന്ന് പേരെഴുതിയ ഒരു തുണ്ടും ഒന്നുമെഴുതാത്ത എട്ട് തുണ്ടുകളും ഉള്‍പ്പെടെ ഒമ്പത് തുണ്ടുകള്‍ രണ്ടാമത്തെ വെള്ളി പാത്രത്തിലും നിക്ഷേപിച്ച ശേഷം പാത്രങ്ങള്‍ പ്രത്യേകം തട്ടത്തില്‍ വച്ച് പൂജക്കായി ശ്രീകോവിലിനുള്ളിലേക്ക് നല്‍കി. തുടര്‍ന്ന് അയ്യപ്പന്റെ മുന്നിലെ പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നറുക്കെടുപ്പ് നടത്താന്‍ പാത്രങ്ങള്‍ പുറത്തേയ്ക്ക് കൈമാറുകയായിരുന്നു.

ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് നറുക്കെടുപ്പ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ എസ് രവി, പി എം തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി എസ്.പ്രകാശ്, ചീഫ് എഞ്ചീനിയര്‍ കൃഷ്ണകുമാര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുനില്‍ അരുമാനൂര്‍, ശബരിമല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗണേഷ് പോറ്റി തുടങ്ങിയവര്‍ നറുക്കെടുപ്പ് നടപടികളില്‍ സംബന്ധിച്ചു.

Latest