Kerala
മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം; പി എം എ സലാമിനെ തള്ളി മുസ്ലിം ലീഗ്
വിമര്‍ശനങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാന്‍ പാടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം | മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തള്ളി മുസ്ലിം ലീഗ്. വിമര്‍ശനങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാന്‍ പാടില്ലെന്ന് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് പി എം ശ്രീയില്‍ ഒപ്പുവെച്ചതെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ അധിക്ഷേപ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പി എം എ സലാമിനെ തള്ളി സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം മാപ്പ് പറയണമെന്ന് സി പി എം ആവശ്യപ്പെട്ടിരുന്നു. പി എം എ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാതകള്‍ പാലിക്കാത്തതുമാണെന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.


