Connect with us

Eranakulam

സ്റ്റുഡിയോ ഉടമയുടെ കൊലപാതകം; സുഹൃത്തും മാതാപിതാക്കളും അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | കോതമംഗലത്തെ സ്റ്റുഡിയോ ഉടമ എല്‍ദോസ് പോളിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തിനെയും മാതാപിതാക്കളെയും കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കോതമംഗലം പെരിയാര്‍ വാലിയുടെ ഭൂതത്താന്‍കെട്ട് ഹൈ ലെവല്‍ കനാലിന്റെ തീരത്തുള്ള നിരവത്തു കണ്ടത്തില്‍ എല്‍ദോസ് പോളിന്റെ മൃതദേഹം കണ്ടെത്തിയത്. എല്‍ദോസ് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും മറിഞ്ഞ് കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തലയ്ക്ക് പുറകില്‍ പരുക്കേറ്റിരുന്നതും സ്‌കൂട്ടറിന് വലിയ കേടുപാടൊന്നും കാണാതിരുന്നതുമാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തുടര്‍ന്ന് എല്‍ദോസിനോട് വൈരാഗ്യമുള്ള വ്യക്തികളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പോളിന്റെ സുഹൃത്ത് എല്‍ദോ ജോയിലേക്കെത്തിയത്. പോളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും മാതാവില്‍ നിന്ന് പണം വാങ്ങി തിരികെ നല്‍കിയെന്നുമായിരുന്നു പ്രതി പോലീസിന് ആദ്യം മൊഴി നല്‍കിയത്. ഇതിന്റെ നിജസ്ഥിതി തേടി പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്.

മകന് പണം നല്‍കിയില്ലെന്ന് മാതാവ് പോലീസിനെ അറിയിച്ചതോടെ പ്രതി കുറ്റം സമ്മതിച്ചു. രാത്രിയില്‍ വീട്ടിലെത്തി പണം തിരികെ ചോദിച്ച് എല്‍ദോസ് തന്നെ മര്‍ദിച്ചുവെന്നും ഇതിന്റെ ദേഷ്യത്തില്‍ തിരികെ കോടാലി കൊണ്ട് പുറകിലിടിച്ചാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രതി പറയുന്നത്. മൃതദേഹം കനാല്‍ തീരത്തെത്തിക്കാന്‍ സഹായിച്ച പ്രതിയുടെ പിതാവ് ജോയിയെയും മാതാവ് മോളിയെയും പോലീസ് അറസ്റ്റു ചെയ്തു. മാതാപിതാക്കള്‍ ചേര്‍ന്ന് പോളിന്റെ മൊബൈല്‍ ഫോണും കൊലപാതകത്തിനുപയോഗിച്ച കോടാലിയും നശിപ്പിച്ചതായും പോലീസ് കണ്ടെത്തി.

 

Latest