Connect with us

Ongoing News

മുംബൈക്ക് ഒരു ഗോള്‍ ജയം; ഈസ്റ്റ് ബംഗാള്‍ പുറത്തേക്ക്

Published

|

Last Updated

ബംബോലിം | ഐ എസ് എലില്‍ എസ് സി ഈസ്റ്റ് ബംഗാളിനെതിരെ മുംബൈ സിറ്റി എഫ് സിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ ബംഗാളിനെ കീഴടക്കിയത്. 51ാം മിനുട്ടില്‍ ബിപിന്‍ സിങിന്റെ വകയായിരുന്നു മുംബൈയുടെ ഗോള്‍. ബംഗാള്‍ പ്രതിരോധ നിരയുടെ വിള്ളലുകളുടെ സാക്ഷ്യപത്രം കൂടിയായിരുന്നു ഈ ഗോള്‍. ബിപിന്റെ ഇടതുകാലുകൊണ്ടുള്ള കട്ട് ഷോട്ട് ബംഗാള്‍ ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിക്കുകയായിരുന്നു. രണ്ട് പ്രതിരോധ നിര താരങ്ങള്‍ക്കിടയിലൂടെ പോസ്റ്റിന്റെ മൂലയിലേക്ക് തൊടുത്ത ഷോട്ട് തടയാന്‍ ഗോളി ഡൈവ് ചെയ്‌തെങ്കിലും വിഫലമായി.

അതുവരെ ആക്രമിച്ചു കളിച്ച ഈസ്റ്റ് ബംഗാള്‍ ഗോള്‍ വഴങ്ങേണ്ടി വന്നതോടെ അല്‍പം പതറി. ഈ അവസരം മുതലെടുത്ത് മുംബൈ ചില മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ലീഡ് വര്‍ധിപ്പിക്കാനായില്ല. എന്നാല്‍, പിന്നീട് ശൗര്യം വീണ്ടെടുത്ത ബംഗാള്‍ മുംബൈ ഗോള്‍മുഖം വിറപ്പിച്ചു. 80ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ താരം രാജു ഗെയ്ക്വാദിന്റെ മനോഹരമായ ഒരു ബൈസിക്കിള്‍ കിക്കിനും മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിന്റെ അതിഗംഭീര രക്ഷപ്പെടുത്തലിനും സ്റ്റേഡിയം സാക്ഷിയായി. ഫ്രാന്‍ സോറ്റയുടെ ഷോട്ട് ക്ലിയര്‍ ചെയ്യുന്നതില്‍ മുംബൈ പ്രതിരോധം പരാജയപ്പെട്ടു. പന്ത് ലഭിച്ച് ഗെയ്ക്വാദ് പോസ്റ്റിന് മൂന്ന് യാര്‍ഡ് മാത്രം അകലെ വച്ച് തൊടുത്ത ബൈസിക്കിള്‍ കിക്ക് നവാസ് തട്ടിയകറ്റുകയായിരുന്നു. മൂന്ന് മിനുട്ട് പിന്നിടും മുമ്പ് ലഭിച്ച തുറന്ന അവസരം മുംബൈയുടെ ഗാര്‍ഷിയോ ഗബ്രിയേലും നഷ്ടപ്പെടുത്തി. ഗോള്‍ കീപ്പര്‍ മാത്രം മുമ്പില്‍ നില്‍ക്കെ ഗബ്രിയേല്‍ പന്ത് ലോബ് ചെയ്തിട്ടെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നു.

വിജയത്തോടെ 28 പോയിന്റിലെത്തിയ മുംബൈ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. 17 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും പോയിന്റ്. ടേബിളില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ മുംബൈ. അതേസമയം പത്താമത്തെ തോല്‍വിയോടെ ബംഗാള്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്തായി. 18 കളികളില്‍ നിന്ന് പത്ത് പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.

---- facebook comment plugin here -----

Latest