Connect with us

gst

പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം; എതിര്‍പ്പ് അറിയിച്ച് കേരളം

പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ നഷ്ടം കേന്ദ്രം വഹിക്കണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് കേന്ദ്ര നിലപാട്.

Published

|

Last Updated

ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ നീക്കം. വെള്ളിയാഴ്ച ലക്‌നൗവില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ടു വെക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നത് എതിര്‍ക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ നഷ്ടം കേന്ദ്രം വഹിക്കണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് കേന്ദ്ര നിലപാട്.

ഏവിയേഷന്‍ ഫ്യുവലിന്റെ വാറ്റ് നികുതി നാല് ശതമാനമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ട് അതുകൊണ്ട് നികുതി കുറയ്ക്കാന്‍ സാധിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. നഷ്ടം കേന്ദ്ര സര്‍ക്കാര്‍ വഹിച്ചാല്‍ പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ കൊണ്ടുവരുന്നതില്‍ തടസമില്ലെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചില്ല.

വരാനിരിക്കുന്ന ഗുജറാത്ത് യു പി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇന്ധന വില പ്രധാന പ്രചാരണായുധമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരിക്കെയാണ് പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

Latest