Editorial
കേരളത്തില്‍ കൂടുതല്‍ വി എഫ് എസ് സെന്ററുകള്‍ തുറക്കണം
കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് വി എഫ് എസ് കേന്ദ്രമുള്ളത്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ ഇവിടെയെത്തി വേണം വിരലടയാളം നല്‍കാന്‍. അപേക്ഷകര്‍ അനേക ദൂരം താണ്ടി കൊച്ചിയിലെ വി എഫ് എസ് ഓഫീസിനു മുമ്പില്‍ കാത്തുകിടക്കണം. കുടുംബ വിസയില്‍ യാത്ര ആഗ്രഹിക്കുന്ന സ്ത്രീകളെയും കുട്ടികളെയുമെല്ലാം കൊച്ചിയിലെത്തിച്ച് വിരലടയാളം നല്‍കണം.

വിസ സ്റ്റാമ്പിംഗില്‍ വരുത്തിയ പരിഷ്‌കരണം സഊദിയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരെ കടുത്ത പ്രയാസത്തിലാക്കിയിരിക്കുന്നു. മുംബൈയിലെ സഊദി കോണ്‍സുലേറ്റായിരുന്നു ഇതുവരെയും വിസ സ്റ്റാമ്പിംഗ് നടത്തിയിരുന്നത്. ഇപ്പോള്‍ സ്റ്റാമ്പിംഗിനുള്ള അധികാരം രാജ്യത്തെ വിസ ഫെസിലിറ്റേഷന്‍ സര്‍വീസസ്-തഅ്ശീര്‍ (വി എഫ് എസ്) കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്. വി എഫ് എസ് കേന്ദ്രങ്ങളാണ് വിസിറ്റ്, റസിഡന്റ് വിസകള്‍ സ്റ്റാമ്പ് ചെയ്യാനുള്ള പാസ്പോര്‍ട്ടുകള്‍ സഊദി നയതന്ത്ര കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടത്. യാത്രക്ക് ഉദ്ദേശിക്കുന്നവര്‍ വി എഫ് സെന്ററില്‍ നേരിട്ട് ഹാജരായി വിരലടയാളം നല്‍കിയെങ്കില്‍ മാത്രമേ സ്റ്റാമ്പിംഗ് നടത്തിക്കിട്ടുകയുള്ളൂ.
കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് വി എഫ് എസ് കേന്ദ്രമുള്ളത്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ ഇവിടെയെത്തി വേണം വിരലടയാളം നല്‍കാന്‍. അപേക്ഷകര്‍ അനേക ദൂരം താണ്ടി കൊച്ചിയിലെ വി എഫ് എസ് ഓഫീസിനു മുമ്പില്‍ കാത്തുകിടക്കണം. കുടുംബ വിസയില്‍ യാത്ര ആഗ്രഹിക്കുന്ന സ്ത്രീകളെയും കുട്ടികളെയുമെല്ലാം കൊച്ചിയിലെത്തിച്ച് വിരലടയാളം നല്‍കണം. വിസ സ്റ്റാമ്പിംഗ് സഊദി കോണ്‍സുലേറ്റില്‍ നിന്നായിരുന്ന ഘട്ടത്തില്‍ ട്രാവല്‍സുകള്‍ മുഖേനയായിരുന്നു അപേക്ഷകര്‍ ഇത് നിര്‍വഹിച്ചിരുന്നത്. നാട്ടിലെ ഏതെങ്കിലുമൊരു ട്രാവല്‍ ഏജന്‍സിയെ സമീപിച്ചാല്‍ കാര്യം സാധിക്കുമായിരുന്നു. സ്റ്റാമ്പിംഗ് ചുമതല വി എഫ് എസിക്ക് കൈമാറിയതോടെ എജന്റുമാര്‍ക്ക് നേരിട്ട് കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ അനുമതി ഇല്ലാതായി.
വിസ സ്റ്റാമ്പ് ചെയ്തു കിട്ടുന്നതിനുള്ള കാലതാമസമാണ് പരിഷ്‌കരണം കൊണ്ടുവന്ന മറ്റൊരു പ്രശ്‌നം. ഇന്ത്യയിലാകെ ഒമ്പത് വി എഫ് എസ് സെന്ററുകളേയുള്ളൂ. രാജ്യത്തെ അഞ്ഞൂറോളം അംഗീകൃത ട്രാവല്‍സ് ഏജന്‍സികള്‍ ചെയ്തു കൊണ്ടിരിക്കുന്ന വിസ സ്റ്റാമ്പിംഗ് ഒമ്പത് വി എഫ് എസ് കേന്ദ്രങ്ങളിലേക്ക് പരിമിതപ്പെടുമ്പോള്‍ കാലതാമസം സ്വാഭാവികം. കോണ്‍സുലേറ്റ് സ്റ്റാമ്പിംഗ് നടത്തിയിരുന്ന കാലത്ത് ട്രാവല്‍സ് ഏജന്‍സി മുഖേന പത്ത് ദിവസത്തിനകം വിസ അടിച്ചു കിട്ടുമായിരുന്നു. ഇപ്പോള്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. കൊച്ചിയിലെ വി എസ് എഫ് കേന്ദ്രത്തിലേക്ക് പോകണമെങ്കില്‍ ആദ്യം തഅ്ശീര്‍ എന്ന വെബ്‌സൈറ്റ് വഴി അപ്പോയിന്റ്‌മെന്റ് എടുക്കണം. നിലവില്‍ ഒരു ദിവസം 50 വിസകള്‍ മാത്രമേ വി എഫ് എസ് സെന്റര്‍ സ്റ്റാമ്പിംഗിന് സ്വീകരിക്കുന്നുള്ളൂ. ഇപ്പോള്‍ തന്നെ അടുത്ത മാസം പകുതി വരെയുള്ള അപ്പോയിന്റ്‌മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. അപ്പോയിന്റ്‌മെന്റ് കിട്ടിയവര്‍ക്ക് അന്നേ ദിവസം വിസ അടിച്ചു കിട്ടുന്നുമില്ല. റൂമെടുത്ത് കൊച്ചിയില്‍ തങ്ങേണ്ടി വരുന്നു പലര്‍ക്കും. കുടുംബ വിസക്കാര്‍ക്ക് ഇത് സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. കൊച്ചി വി എഫ് എസ് കേന്ദ്രത്തില്‍ പത്തോളം ജീവനക്കാരാണുള്ളത്. അവര്‍ക്ക് സ്റ്റാമ്പിംഗ് വിഷയത്തില്‍ പരിചയം കുറവുമാണ്. ഇതും കാലതാമസത്തിനിടയാക്കുന്നു. ഉപഭോക്താവിന്റെ സാമ്പത്തിക ബാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട് പുതിയ സ്റ്റാമ്പിംഗ് സമ്പ്രദായം. ട്രാവല്‍സ് ഏജന്‍സികള്‍ വാങ്ങിയിരുന്ന നിരക്കിനേക്കാള്‍ 3,000 രൂപ മുതല്‍ 5,000 വരെ കൂടുതല്‍ വരുന്നുണ്ട് വി എസ് എഫ് സ്റ്റാമ്പിംഗിന്.
നേരത്തേ ബയോമെട്രിക് എടുത്തിരുന്നത് യാത്രക്കാര്‍ സഊദിയില്‍ വിമാനമിറങ്ങുമ്പോള്‍ അവിടെ വെച്ചായിരുന്നു. ഇപ്പോള്‍ യാത്ര പുറപ്പെടുന്ന രാജ്യത്ത് നിന്ന് തന്നെ ബയോമെട്രിക് എടുക്കണമെന്ന് നിഷ്‌കര്‍ശിച്ചിരിക്കുകയാണ് സഊദി. ഇതുവഴി സഊദിയില്‍ വിമാനമിറങ്ങുന്ന ഒരു യാത്രക്കാരന് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാനാകും. എന്നാല്‍ അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ബയോമെട്രിക് നടത്താനുള്ള സൗകര്യവും സാങ്കേതിക മികവും ഇന്ത്യയിലെ വി എഫ് എസ് ഓഫീസുകള്‍ക്ക് ഇല്ലെന്നതാണ് പ്രശ്‌നം. കൂടാതെ അപേക്ഷകന്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ ചെറിയ അക്ഷരത്തെറ്റുണ്ടായാല്‍ പോലും സ്റ്റാമ്പിംഗിന് വി എസ് എഫ് കേന്ദ്രങ്ങള്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു. ഇതുമൂലം അപേക്ഷകര്‍ നാട്ടിലേക്ക് തിരിച്ച് രേഖകള്‍ ക്ലിയര്‍ ചെയ്ത് വീണ്ടും വരണം. അതിനിടെ വിസയുടെ കാലാവധി തീര്‍ന്നാല്‍ അതും പൊല്ലാപ്പായി. നേരത്തേ ഇത്തരം പ്രശ്‌നങ്ങളിലെ പരിഹാരത്തിന് ട്രാവല്‍സ് ഏജന്‍സികള്‍ ഉപഭോക്താക്കളെ സഹായിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് വിശിഷ്യാ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തുന്നത് സഊദിയിലേക്കാണ്. മാത്രമല്ല, സഊദി അറേബ്യ എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ടൂറിസം മേഖല ആകര്‍ഷകമാക്കി കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് എത്തിക്കാനുള്ള പദ്ധതികളാവിഷ്‌കരിച്ചു വരികയാണ്. ഈ ലക്ഷ്യത്തില്‍ ഭരണകൂടം ചരിത്രപരമായ സ്ഥലങ്ങളും മറ്റ് ആകര്‍ഷണീയ കേന്ദ്രങ്ങളും വീണ്ടും തുറന്നിട്ടുണ്ട്. നേരത്തേ ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലൂടെ മാത്രമേ ഉംറ വിസക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനും അനുമതിയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സഊദിയിലെ ഏത് വിമാനത്താവളത്തിലൂടെയും സഊദിയില്‍ ഇറങ്ങാനുള്ള അനുമതിയുണ്ട്.
ടൂറിസ വികസനത്തില്‍ ഇന്ത്യയെയാണ് സഊദി പ്രധാനമായും നോട്ടമിടുന്നതെന്നാണ് വിവരം. ഇതിനിടെ ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ സഊദിയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടികള്‍ സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമായിരുന്നു. വിസിറ്റിംഗ് വിസയില്‍ ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് പുറപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. സഊദിയുടെ ഈ ഉദാര നയങ്ങളും പരിഷ്‌കരണങ്ങളും കേരളീയര്‍ക്ക് ഗുണം ചെയ്യണമെങ്കില്‍ വിസ സ്റ്റാമ്പിംഗ് എത്രയും വേഗത്തില്‍ നടത്തിക്കൊടുക്കാനുള്ള സംവിധാനം നടപ്പാക്കേണ്ടതുണ്ട്. കേരള മുസ്‌ലിം ജമാഅത്ത് ചൂണ്ടിക്കാണിച്ചതു പോലെ സംസ്ഥാനത്ത് കൂടുതല്‍ വി എഫ് എസ് സെന്ററുകള്‍ ആരംഭിക്കുകയാണ് ഇതിനൊരു പരിഹാരം. ചുരുങ്ങിയ പക്ഷം മലബാറിലും തെക്കന്‍ കേരളത്തിലും ഓരോ സെന്ററുകളെങ്കിലും തുറക്കണം. അല്ലെങ്കില്‍ സ്റ്റാമ്പിംഗിലെ മാറ്റം ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സൃഷ്ടിച്ച പ്രയാസങ്ങള്‍ സഊദിയെ ബോധ്യപ്പെടുത്തി പഴയ രീതി പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സത്വര നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.