Connect with us

pocso case

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; ട്രാൻസ് വുമണിന് കഠിന തടവ്

കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡർ യുവതിയെ ശിക്ഷിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | പോക്‌സോ പീഡന കേസിൽ ട്രാൻസ്‌ജൻഡറായ പ്രതിക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സഞ്ജു സാംസണി(34)നാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ സുദർശൻ ശിക്ഷ വിധിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡർ യുവതിയെ ശിക്ഷിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2016 ഫെബ്രുവരി 23ന് ഉച്ചക്ക് രണ്ടരയോടെയാണ് കുട്ടിയെ പീഡിപ്പിച്ചത്. ചിറയിൻകീഴിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കുട്ടിയെ പരിചയപ്പെട്ട പ്രതി തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കൊപ്പം പോകാൻ വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നുവെന്നാണ് കുട്ടി മൊഴി നൽകിയിരുന്നത്. ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞിരുന്നില്ല. പിന്നീട് പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെ തുടർന്ന് ഫോണിലൂടെ നിരന്തരം മെസ്സേജുകൾ അയച്ചു. ഇത് ശ്രദ്ധിച്ച മാതാവ് ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. എന്നാൽ കുട്ടിയുടെ ഫേസ്ബുക്ക് അമ്മയുടെ ഫോണിൽ ടാഗ് ചെയ്തിരുന്നതിനാൽ മെസഞ്ചറിലെ മെസേജുകൾക്ക് മറുപടി അയച്ചപ്പോഴാണ് പീഡന വിവരമറിഞ്ഞത്.

തുടർന്ന് തമ്പാനൂർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് നിർദേശ പ്രകാരം മാതാവ് പ്രതിക്ക് മെസേജുകൾ അയച്ച് തമ്പാനൂരിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സംഭവ സമയം പുരുഷനായിരുന്ന പ്രതി വിചാരണ വേളയിൽ ട്രാൻസ് വുമണായി മാറിയിരുന്നു. സംഭവ സമയത്തും ട്രാൻസ്‌ജെൻഡറായിരുന്നെന്നും ഷെഫിൻ എന്ന പേരായിരുന്നുവെന്നും പ്രതി വാദിച്ചിരുന്നു. എന്നാൽ സംഭവ സമയത്ത് പ്രതിയുടെ ലൈംഗികശേഷി പരിശോധന പോലീസ് നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഭിഭാഷകരായ എം മുബീന, ആർ വൈ അഖിലേഷ് ഹാജരായി.