Connect with us

Editorial

തിരു. മെഡിക്കല്‍ കോളജിലെ 'ചികിത്സാ പിഴവ്'

കൃത്യമായ അന്വേഷണത്തിനു ശേഷമേ തിരുവനന്തപുരം ആശുപത്രിയിലെ രോഗിയുടെ മരണ കാരണമെന്തെന്ന് വിധിയെഴുതുകയും ഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യാവൂ. തന്റേതല്ലാത്ത കാരണത്തിന് ഒരാളും ക്രൂശിക്കപ്പെടാന്‍ ഇടയാകരുത്.

Published

|

Last Updated

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയനായ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പും ഡോക്ടര്‍മാരുടെ സംഘടനയും തമ്മില്‍ കൊമ്പുകോര്‍ക്കുകയാണ്. ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണ് രോഗി മരിച്ചതെന്ന് ആരോഗ്യ വകുപ്പ് കുറ്റപ്പെടുത്തുന്നു. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന രണ്ട് ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. അതേസമയം ഡോക്ടര്‍മാരുടെ ഉദാസീനതയല്ല സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ് കാരണമെന്നും എവിടെയാണ് വീഴ്ചയെന്നന്വേഷിച്ചു കണ്ടെത്തുന്നതിനു മുമ്പ് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ശരിയായില്ലെന്നുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധ്യാപക സംഘടന പറയുന്നത്.

ശനിയാഴ്ച രാത്രിയാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന വൃക്ക മാറ്റിവെച്ചയാള്‍ മരിച്ചത്. മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജിലെത്തിയെങ്കിലും ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയതാണ് മരണ കാരണമെന്നാണ് ആരോപിക്കപ്പെടുന്നത്. സാധാരണഗതിയില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ അവയവം എത്തുന്നതിനു മണിക്കൂറുകള്‍ മുമ്പേ ശസ്ത്രക്രിയക്കുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും രോഗിയെ തിയേറ്ററില്‍ എത്തിക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ വിവാദ സംഭവത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച അടിയന്തര ശസ്ത്രക്രിയയായിട്ടും പ്രോട്ടോകോള്‍ പ്രകാരമുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്നും സര്‍ജന്‍മാരാരും ഉണ്ടായിരുന്നില്ലെന്നുമാണ് പറയപ്പെടുന്നത്. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് എത്തി സര്‍ജന്‍മാരെ വിളിച്ചുവരുത്തുകയായിരുന്നുവത്രെ. സംഭവം വിവാദമായ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് വകുപ്പ് മന്ത്രി.

ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ മരണങ്ങള്‍ പലപ്പോഴും വിവാദമാകാറുണ്ട്. രോഗിയുടെ ജീവന്‍ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്തയിലാണ് ബന്ധുക്കള്‍ അവരെ ആശുപത്രികളിലെത്തിക്കുന്നത്. ചികിത്സക്കിടെ രോഗി മരിക്കുമ്പോള്‍ ബന്ധുക്കളെ അത് കടുത്ത ദുഃഖത്തിലും പ്രയാസത്തിലുമാക്കുകയും ചികിത്സയിലെ പിഴവോ അശ്രദ്ധയോ ആണ് മരണ കാരണമെന്ന ആരോപണം ഉയര്‍ന്നുവരികയും ചെയ്യുന്നു. സ്വാഭാവികമായും ഡോക്ടര്‍മാര്‍ക്കു നേരേയാണ് സംശയത്തിന്റെ മുനകള്‍ നീളുന്നത്. ഇത് കേവല സന്ദേഹമല്ലെന്നും ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന 25 ശതമാനം പേരും ആശുപത്രികളുടെ തന്നെ പിഴവുകൊണ്ട് ചികിത്സ തേടി എത്തുന്നതാണെന്നും ഇക്കഴിഞ്ഞ ഏപ്രില്‍ ആദ്യത്തില്‍ കൊച്ചിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ കിംസ് ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ. എം ഐ സഅദുല്ല തുറന്നു പറയുകയുണ്ടായി. “ഡോക്ടര്‍മാര്‍ രോഗിയോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിലെ പിഴവ്, മരുന്ന് നല്‍കുന്നതിലെ പിഴവ്, ചികിത്സയില്‍ വരുന്ന കാലതാമസം തുടങ്ങി പല പിഴവും അശ്രദ്ധയും ഡോക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കും സംഭവിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയെന്നോ സ്വകാര്യ ആശുപത്രിയെന്നോ വ്യത്യാസമില്ലാതെ ലോകത്ത് എല്ലായിടത്തും ഇത് സംഭവിക്കുന്നു’ണ്ടെന്നും പറഞ്ഞ ഡോക്ടര്‍, ഒരു സ്വകാര്യ ആശുപത്രിയില്‍ കോസ്മറ്റിക് സര്‍ജറിക്കെത്തിയ യുവതി ചികിത്സാ പിഴവില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവവും വിവരിക്കുകയുണ്ടായി. ശസ്ത്രക്രിയക്കു മുമ്പ് രണ്ട് ഡോക്ടര്‍മാര്‍ യുവതിയുമായി സംസാരിച്ചിരുന്നു. എങ്കിലും അവര്‍ ആസ്പിരിന്‍ ഗുളിക കഴിക്കുന്ന വിവരം ചോദിച്ചറിഞ്ഞില്ല. ഒടുവില്‍ ഓപറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്നതിനു തൊട്ടു മുമ്പ് അത് കണ്ടെത്തി ഡോക്ടറെ അറിയിച്ചത് ഒരു നഴ്‌സാണ്. നഴ്‌സ് അത് ചെയ്തില്ലായിരുന്നെങ്കില്‍ രക്തം വാര്‍ന്ന് ചികിത്സ വിപരീത ഫലമുണ്ടാക്കുമായിരുന്നുവെന്നും ഡോ. എം ഐ സഅദുല്ല കൂട്ടിച്ചേര്‍ത്തു.

കേവലമൊരു തൊഴിലല്ല ആതുര ശുശ്രൂഷ; മഹത്തായ സേവനവും കാരുണ്യ പ്രവര്‍ത്തനവും കൂടിയാണ്, തപസ്യയാണ്. അതോടൊപ്പം സങ്കീര്‍ണവും അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ട മേഖലയുമാണ്. തന്നില്‍ വിശ്വാസമര്‍പ്പിച്ചാണ് രോഗിയും കുടുംബവും എത്തിയതെന്ന ബോധത്തോടെ, തികഞ്ഞ അര്‍പ്പണ മനഃസ്ഥിതിയോടെയായിരിക്കണം ഡോക്ടര്‍ പരിശോധനാ മുറികളിലും ഓപറേഷന്‍ തിയറ്ററിലും കയറേണ്ടത്. ഒരാളുടെ ജീവിതത്തില്‍ നിര്‍ണായകമാണ് രോഗബാധിതനാകുമ്പോഴുള്ള അവന്റെ ഓരോ നിമിഷവും. ആ ഘട്ടത്തില്‍ അവന്റെ ഓരോ മിടിപ്പിലും ഉയര്‍ന്ന് കേള്‍ക്കുന്നത് ജീവന്റെ പിടപ്പാണ്. അന്നേരം ഡോക്ടര്‍മാരില്‍ അശ്രദ്ധയും ഉദാസീനതയും പ്രകടമായാല്‍ നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകളാണ്.

അതേസമയം ഡോക്ടര്‍മാര്‍ എത്ര ശ്രദ്ധപുലര്‍ത്തിയാലും ചില കേസുകളില്‍ ഓപറേഷന്‍ വിജയിക്കാതെ ആശുപത്രിക്കിടക്കയില്‍ രോഗി മരിച്ചേക്കാം. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാറാശുപത്രികളില്‍ ഒരുപാട് പോരായ്മകള്‍ ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. കൊവിഡ് കാലത്ത് ഇതൊക്കെ വാര്‍ത്തയായതാണ്. ഇത്തരം പോരായ്മകള്‍ പരിഹരിക്കുകയും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്‌തെങ്കിലേ മതിയായ ചികിത്സ ലഭ്യമാക്കാനും ആശുപത്രികള്‍ക്കും ആരോഗ്യ വകുപ്പിനും പൊതു സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കാനും സാധിക്കുകയുള്ളൂ. കൃത്യമായ അന്വേഷണത്തിനു ശേഷമേ തിരുവനന്തപുരം ആശുപത്രിയിലെ രോഗിയുടെ മരണ കാരണമെന്തെന്ന് വിധിയെഴുതുകയും ഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യാവൂ. തന്റേതല്ലാത്ത കാരണത്തിന് ഒരാളും ക്രൂശിക്കപ്പെടാന്‍ ഇടയാകരുത്. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെ കൊലപാതകിയാക്കുന്ന ആള്‍ക്കൂട്ട വിചാരണയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി കൈക്കൊള്ളുകയുമരുത്. അഥവാ ഡോക്ടര്‍മാരുടെ അനാസ്ഥയും നിരുത്തരവാദിത്തവും ബോധ്യമായാല്‍ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കുകയും വേണം.

---- facebook comment plugin here -----

Latest