Connect with us

mathura masjid

മഥുര ശാഹി മസ്ജിദ്: ബി ജെ പിയുടെ രാഷ്ട്രീയ അജന്‍ഡയെന്ന് അയോധ്യാ മുഖ്യ പൂജാരി

മഥുര ശാഹി മസ്ജിദ് തര്‍ക്കത്തിലേക്ക് കൊണ്ടുവരുന്നത് ബി ജെ പിയുടെ താത്പര്യമാണെന്നും തങ്ങളക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.

Published

|

Last Updated

ലക്‌നോ | ഉത്തര്‍ പ്രദേശില്‍ മഥുരയിലുള്ള ശാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്നത് ബി ജെ പിയുടെ മാത്രം രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്ന് അയോധ്യയിലെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ മുഖ്യപൂജാരിയാണ് ഇദ്ദേഹം. ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

മഥുര ശാഹി മസ്ജിദ് തര്‍ക്കത്തിലേക്ക് കൊണ്ടുവരുന്നത് ബി ജെ പിയുടെ താത്പര്യമാണെന്നും തങ്ങളക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു. അയോധ്യയിലെ ബാബരി മസ്ജിദിന് പിന്നാലെ കാശിയിലേക്കോ മഥുരയിലേക്കോ നീങ്ങുന്നത് ബി ജെ പിയുടെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മഥുരക്ക് പുറമെ കാശിയിലെ മസ്ജിദും പൊളിക്കണമെന്ന് സംഘ്പരിവാര്‍ ആവശ്യപ്പെടുന്നുണ്ട്.

ബാബരി മസ്ജിദ് സംഘ്പരിവാര്‍ ഭീകരര്‍ പൊളിച്ച ഡിസംബര്‍ ആറിന് മഥുര ശാഹി ഈദ്ഗാഹില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് അഖില്‍ ഭാരത് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് മഥുര. മഥുരയില്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ശാഹി ഈദ്ഗാഹ് പൊളിക്കണമെന്നാണ് സംഘ്പരിവാറിന്റെ ഇപ്പോഴത്തെ ആവശ്യം.