Editorial
കൂട്ട ആത്മഹത്യകള്‍, അഥവാ കൂട്ടക്കൊലകള്‍
നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ 2021ല്‍ പുറത്തുവിട്ട കണക്ക് പ്രകാരം കൂട്ട ആത്മഹത്യയുടെ കാര്യത്തില്‍ കേരളം നാലാമതും ദേശീയ ശരാശരിയേക്കാളും മീതെയുമാണ്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2017ല്‍ നിന്ന് 2022ലെത്തിയപ്പോള്‍ കേരളത്തിലെ ആത്മഹത്യാ നിരക്ക് 21.3 ശതമാനം വര്‍ധിച്ചു.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹിക പുരോഗതി നേടിയ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും രാജ്യത്ത് മുന്നിലാണ് മലയാളി. ആരോഗ്യ മേഖലയില്‍ ലോകാരോഗ്യ സംഘടന ലക്ഷ്യം വെച്ച ഒട്ടുമിക്ക വളര്‍ച്ചയും സംസ്ഥാനം കൈവരിക്കുകയും ചെയ്തു. എന്നിട്ടും പ്രതിസന്ധികളെ സമചിത്തതയോടെ നേരിടാനുള്ള കഴിവും തന്റേടവും കേരളീയ സമൂഹത്തില്‍ നല്ലൊരു പങ്കും ഇപ്പോഴും ആര്‍ജിച്ചിട്ടില്ലെന്നാണ് ആത്മഹത്യകളുടെ വിശിഷ്യാ കൂട്ട ആത്മഹത്യകളുടെ പെരുപ്പം വ്യക്തമാക്കുന്നത്. കൂട്ട ആത്മഹത്യകള്‍ അടിക്കടി റിപോര്‍ട്ട് ചെയ്യപ്പെടുകയാണ് സംസ്ഥാനത്ത്. കണ്ണൂര്‍ ചെറുപുഴക്കടുത്ത് പാടിച്ചാലില്‍ ഒരു വീട്ടിലെ അഞ്ച് പേരാണ് ബുധനാഴ്ച തൂങ്ങിമരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ തൃശൂര്‍ ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ 2021ല്‍ പുറത്തുവിട്ട കണക്ക് പ്രകാരം കൂട്ട ആത്മഹത്യയുടെ കാര്യത്തില്‍ കേരളം നാലാമതും ദേശീയ ശരാശരിയേക്കാളും മീതെയുമാണ്. മാത്രമല്ല ഇന്ത്യന്‍ നഗരങ്ങളില്‍ ആത്മഹത്യാ നിരക്കില്‍ കേരളത്തിലെ കൊല്ലം നഗരമാണ് ഒന്നാമത്. 2021ല്‍ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം പേരാണ് കൊല്ലത്ത് ആത്മഹത്യ ചെയ്തത്. ലക്ഷത്തില്‍ 12 പേരാണ് ദേശീയ ശരാശരി. കൊല്ലം നഗരത്തില്‍ ലക്ഷത്തില്‍ 43 പേര്‍ ആത്മഹത്യ ചെയ്തു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2017ല്‍ നിന്ന് 2022ലെത്തിയപ്പോള്‍ കേരളത്തിലെ ആത്മഹത്യാ നിരക്ക് 21.3 ശതമാനം വര്‍ധിച്ചു. 2017ല്‍, ഒരു ലക്ഷം പേരില്‍ 22.86 പേര്‍ സ്വയം ജീവനൊടുക്കിയപ്പോള്‍ 2021ല്‍ ഈ നിരക്ക് 27.20 ആയി.
കൂട്ട ആത്മഹത്യയെന്നു പറയുന്നതിനേക്കാള്‍ ആത്മഹത്യ ചെയ്യാനുറച്ച വ്യക്തി നടത്തുന്ന കൂട്ടക്കൊലപാതകമെന്നാണ് ഇത്തരം മരണങ്ങളെ വിശേഷിപ്പിക്കേണ്ടത്. കൂട്ട ആത്മഹത്യകളില്‍ ഒരാള്‍ മാത്രമേ ആത്മഹത്യ ചെയ്യുന്നുള്ളൂ. മറ്റുള്ളവരെ അയാള്‍ വിഷം നല്‍കിയോ മറ്റോ കൊല്ലുകയോ നിര്‍ബന്ധിച്ച് ആത്മഹത്യ ചെയ്യിപ്പിക്കുകയോ ആണ്. കുട്ടികളെ മുന്‍കൂട്ടി വിവരമറിയിച്ചും അവരുമായി കൂടിയാലോചിച്ചുമല്ല കുടുംബനാഥന്‍ അല്ലെങ്കില്‍ ദമ്പതിമാര്‍ ആത്മഹത്യാ തീരുമാനമെടുക്കുന്നത്. കുട്ടികള്‍ അറിയാതെയാണ് പലപ്പോഴും അവരെ കൊല്ലുന്നത്. മാതാപിതാക്കളുടെ തീരുമാനത്തിനു വഴങ്ങാതെ കുട്ടികള്‍ മരണത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട സംഭവങ്ങളുണ്ട്.
കുടുംബ-സാമ്പത്തിക പ്രശ്നങ്ങള്‍, മാനസിക പ്രയാസങ്ങള്‍, ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേട്, ദമ്പതികളില്‍ ഒരാളുടെ സദാചാരഭ്രംശം, ഭര്‍തൃ ഭവനത്തിലെ സ്‌നേഹരഹിതമായ പെരുമാറ്റം, പീഡനം, കടബാധ്യത, ഗുരുതര രോഗങ്ങള്‍, ലഹരി ഉപയോഗം, ലഹരി വസ്തുക്കളോടുള്ള ആസക്തി, ആത്മഹത്യക്ക് പ്രേരണ നല്‍കുന്ന സിനിമകളും സീരിയലുകളും തുടങ്ങിയവയാണ് ആത്മഹത്യക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുടുംബ പ്രശ്നങ്ങളാണ് മുഖ്യം. സംസ്ഥാനത്ത് 2021ല്‍ നടന്ന ആത്മഹത്യകളില്‍ 47.7 ശതമാനവും കുടുംബ പ്രശ്നങ്ങള്‍ മൂലമായിരുന്നു. സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരില്‍ 78 ശതമാനവും വിവാഹിതരാണെന്നതും ശ്രദ്ധേയം. കുടുംബ ബന്ധങ്ങളില്‍ ഉടലെടുക്കുന്ന അലോസരങ്ങളും അത് നേരിടാനുള്ള കഴിവില്ലായ്മയും മറ്റു വഴികളെക്കുറിച്ച് ചിന്തിക്കാനുള്ള പക്വതക്കുറവും വിവേകമില്ലായ്മയും ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.
കുടുംബ വ്യവസ്ഥയില്‍ വന്ന മാറ്റവും ആത്മഹത്യാ വര്‍ധനവില്‍ ഒരു ഘടകമാണ്. നേരത്തേ കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്നപ്പോള്‍ കുടുംബത്തില്‍ ഒരു വ്യക്തിക്ക്, അല്ലെങ്കില്‍ ഒരു ഉപ കുടുംബത്തിന് പ്രയാസങ്ങളും പ്രശ്നങ്ങളും നേരിട്ടാല്‍ കുടുംബം ഒന്നായി ചേര്‍ന്ന് അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമായിരുന്നു. അണുകുടുംബത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും കുടുംബനാഥന്‍ അല്ലെങ്കില്‍ ദമ്പതികള്‍ സ്വയം സഹിക്കുകയും പരിഹരിക്കുകയും വേണം. ഇക്കാര്യത്തില്‍ ഇതര കുടുംബാംഗങ്ങളില്‍ നിന്ന് സഹായവും സഹകരണവും കുറവായിരിക്കും. ഭാര്യയും ഭര്‍ത്താവും പക്വതയും പ്രായവും എത്താത്ത കുട്ടികളും ഉള്‍പ്പെടുന്നതും, മറ്റു സ്വന്തക്കാരില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതുമായ കുടുംബ വ്യവസ്ഥയെന്നാണ് സാമൂഹിക ശാസ്ത്ര നിഘണ്ടുകള്‍ അണുകുടുംബത്തെ നിര്‍വചിച്ചിരിക്കുന്നത്.
ലഹരിക്കുമുണ്ട് ആത്മഹത്യാ വര്‍ധനവില്‍ വലിയൊരു പങ്ക്. മദ്യം തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും തലച്ചോറിലെ സിറടോണിന്റെ അളവ് കുറക്കുകയും ചെയ്യുമ്പോള്‍ വിഷാദ രോഗം ബാധിക്കുകയും ആത്മഹത്യാ വാസന ഉടലെടുക്കുകയും ചെയ്യുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചതാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും കൃത്യം ചെയ്യുമ്പോള്‍ ലഹരിക്കടിമകളായിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്തെ കുടുംബ ആത്മഹത്യകളെക്കുറിച്ച് നടത്തിയ അവലോകനത്തില്‍ ഭര്‍ത്താക്കന്മാരുടെ അമിത മദ്യപാനത്തിനും അത് സൃഷ്ടിക്കുന്ന കുടുംബ പ്രശ്നങ്ങള്‍ക്കും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മദ്യം നിരോധിക്കുക, മയക്കുമരുന്നിന്റെ ലഭ്യത തീരെ ഇല്ലാതാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുക, കുടുംബ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ എല്ലാം ഉള്ളില്‍വെച്ച് സഹിക്കാതെ കുടുംബക്കാരോടോ അടുത്ത സുഹൃത്തുക്കളോടോ മനസ്സ് തുറക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് സഹായകമായ ബോധവത്കരണം നടത്തുക, മാധ്യമങ്ങള്‍ ആത്മഹത്യാ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കാതിരിക്കുക, സ്‌കൂള്‍, കോളജ് സിലബസുകളില്‍ ധാര്‍മിക ബോധം സൃഷ്ടിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുക, വീടുകളില്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും കടബാധ്യതകള്‍ ഒഴിവാക്കുന്നതിനുമുള്ള ബോധവത്കരണം നടത്തുക തുടങ്ങിയവയാണ് ആത്മഹത്യക്ക് പരിഹാരമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.