Connect with us

Story

മാഷ്

കുട്ടികളെ മുഴുവൻ അവരുടെ മാതാപിതാക്കളുടെ കൂടെ അയച്ച ശേഷം മാഷ് വീട്ടിലെത്തുമ്പോൾ രാത്രിയായിരുന്നു. വീട്ടിൽ ചെന്ന് കയറിയതും സുമതി പറഞ്ഞു. "അനുമോളിതുവരെ സ്കൂൾ വിട്ട് വന്നില്ല. കേശു അമ്മാവൻ പോലീസിലും പരാതിപ്പെട്ടിട്ടുണ്ട് ....'

Published

|

Last Updated

കുന്നിൻചരുവിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ ….
ആ സമയം ഒരു സിഗരറ്റ് വലിക്കാമെന്ന് കരുതിയാണ് മുരളീധരൻ മാഷ്
ഒരു മരത്തിൻ തണലിൽ നിന്നത്.
അപ്പോഴാണ് തേർഡ് ബിയിൽ പഠിക്കു
ന്ന സുബലക്ഷ്മി മാഷേ കുഞ്ഞുമോളേ
കാണുന്നില്ലെന്ന് പറഞ്ഞോടിവന്നത്.
“എന്ത് ? എന്താ കുട്ടി നീ ഈ പറയണത് ?’
“അതെ മാഷേ…’ എന്നവൾ വീണ്ടും പറഞ്ഞപ്പോൾ കൂട്ടത്തിൽ മുതിർന്ന കുട്ടികളെ കുഞ്ഞുമോളെ തിരക്കാൻ അയച്ചിട്ട് മാഷ് ആ മരത്തണലിൽ തന്നെ നിന്നു.
കുഞ്ഞുമോളെ തിരക്കാൻ പോയ കുട്ടികൾ പോയപോലെ തന്നെ തിരിച്ചുവന്നു.
കുഞ്ഞുമോൾ ഇല്ലാതെ ഞങ്ങൾ വരില്ലെന്ന് കുട്ടികളാദ്യം പറഞ്ഞെങ്കിലും താനെത്ര സാധ്യം പറഞ്ഞ ശേഷമാണെന്നോ കുട്ടികൾ തന്നോടൊപ്പം തിരികെ വന്നത്.
താനപ്പോഴെ പറഞ്ഞിരുന്നതാ ഇത്രയും ചെറിയ കുട്ടികളുമായൊരു ടൂർ വേണ്ടെന്ന്.
അതിന് പ്രധാന അധ്യാപികയും മറ്റു മാസ്റ്ററന്മാരും ടീച്ചേഴ്സുമൊക്കെ സമ്മതിക്കേണ്ടേ?
“കൊച്ചു കുട്ടികളെ സംബന്ധിച്ചാകുമ്പോൾ ഇതൊക്കെയൊരു ആഹ്ലാളാദമല്ലേ മാഷേ?’ എന്നായി പ്രധാന അധ്യാപിക ത്രേസ്യ മാഡം.
ടൂർ തീരുമാനിച്ചപ്പോഴേക്കും അന്നേ ദിവസം എല്ലാവർക്കുമുണ്ട് തലയൂരാൻ കഴിയാത്ത ഒരോ പ്രശ്നങ്ങൾ …….
“ഇക്കുറി മാഷ്തന്നെ കുട്ടികളോടൊപ്പം പോകുക …’
“കുട്ടികളോടൊപ്പം ആരെങ്കിലും പോകാതെ ഒക്കില്ലല്ലോ? ‘
സത്യവതി ടീച്ചർ പറഞ്ഞു.
അവസാനം ആ ഉത്തരവാദിത്വം മാഷിന്മേൽ അർപ്പിതമായതിങ്ങനെയാണ്.
കുട്ടികളെ മുഴുവൻ അവരുടെ മാതാപിതാക്കളുടെ കൂടെ അയച്ച ശേഷം മാഷ് വീട്ടിലെത്തുമ്പോൾ രാത്രിയായിരുന്നു. വീട്ടിൽ ചെന്ന് കയറിയതും സുമതി പറഞ്ഞു.
“അനുമോളിതുവരെ സ്കൂൾ വിട്ട് വന്നില്ല. കേശു അമ്മാവൻ പോലീസിലും പരാതിപ്പെട്ടിട്ടുണ്ട് ….’
അനുമോൾ.
മകളെന്നും മകനെന്നും പറയുവാൻ ആ ഒരുവളയെ ദൈവം മാഷിന് കൊടുത്തിട്ടുള്ളു. അതും സുമതിയെ കെട്ടി എത്ര പ്രാർഥനകൾക്കും നേർച്ചകൾക്കും വഴിപാടുകൾക്കുമൊക്കെ ശേഷമായിരുന്നു മകളുടെ പിറവി…ആ കുട്ടിയെയാണിപ്പോൾ കാണാതായിരിക്കുന്നത്…
സുമതി മോളേ കാണാനില്ലെന്ന് പറഞ്ഞതും മനോനില തകർന്ന ഒരാളെ പോലെ എന്റെ മോളേയെന്നൊരു നിലവിളിയുടെ അകമ്പടിയാൽ മാഷ് വീടിന് വെളിയിലേക്കോടുകയായിരുന്നു……
അപ്പോൾ സുമതി പിന്നിൽ നിന്നെന്തൊക്കയോ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു കൊണ്ടിരുന്നെങ്കിലും വേവലാതികളുടെ വേനലിലായിരുന്ന മാഷതൊന്നും കേട്ടില്ല…