Connect with us

National

രജിസ്റ്റർ വിവാഹം: വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി

വിവാഹിതര്‍ ആകുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മലയാളിയും മിശ്രവിവാഹിതയുമായ ആതിര ആര്‍.മേനോനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ വിവാഹിതരാകുന്ന സ്ത്രീ – പുരുഷന്മാരുടെ വിവരങ്ങൾ ഒരു മാസം മുമ്പ് പരസ്യപ്പെടുത്തണമെന്ന വവ്യവസ്ഥക്ക് എതിരായ ഹർജി സുപ്രീം കോടതി തള്ളി. വിവാഹത്തിന് അപേക്ഷ നൽകിയവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് രജിസ്ട്രാര്‍ ഓഫീസില്‍ പതിക്കണമെന്ന വ്യവസ്ഥയ്ക്കെതിരായ ഹർജിയാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

വിവാഹിതര്‍ ആകുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മലയാളിയും മിശ്രവിവാഹിതയുമായ ആതിര ആര്‍.മേനോനാണ് സുപ്രീം കോടതിയെ സമീപിച്ചത്. വ്യവസ്ഥകള്‍ നേരിട്ട് ബാധിക്കാത്ത വ്യക്തി നല്‍കുന്ന ഹര്‍ജിയെ പൊതുതാത്പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു.

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതര്‍ ആകുന്നവര്‍ നൽകുന്ന അപേക്ഷ രജിസ്ട്രാർ ഓഫീസിൽ പതിക്കണമെന്നാണ് ചട്ടം. വിവാഹിതര്‍ ആകാന്‍ പോകുന്നവരുടെ പേര്, ജനന തീയതി, പ്രായം, ജോലി, രക്ഷകര്‍ത്താക്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ ഉൾപ്പെട വിവരങ്ങൾ അടങ്ങിയതാണ് അപേക്ഷ. വിവാഹിതര്‍ ആകുന്നവരില്‍ ഒരാള്‍ കഴിഞ്ഞ മുപ്പത് ദിവസമായി താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ഓഫീസില്‍ ആണ് ഇങ്ങനെ പതിക്കേണ്ടത്. വിവാഹത്തില്‍ എതിര്‍പ്പ് ഉള്ളവര്‍ക്ക് അത് അറിയിക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ വ്യവസ്ഥകള്‍ സ്വകാര്യതയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രവി ശങ്കര്‍ ജാന്‍ഡ്യാല, അഭിഭാഷകന്‍ ശ്രീറാം പ്രക്കാട്ട്, അഭിഭാഷക അനുപമ സുബ്രഹ്‌മണ്യം എന്നിവര്‍ വാദിച്ചു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.