Connect with us

Articles

മണിപ്പൂര്‍: കനലൂതുന്നവര്‍ക്ക് അജന്‍ഡകളുണ്ട്‌

ഭൂരിപക്ഷ മതധ്രുവീകരണത്തിനായി മനുഷ്യരെ വിഘടിപ്പിച്ച് അധികാരം ഉറപ്പിക്കുകയെന്ന തന്ത്രത്തിന്റെ ദുരന്തഫലമാണ് മണിപ്പൂരില്‍ കാണുന്നത്. ജനങ്ങളില്‍ വിഭജനം സൃഷ്ടിച്ച് തങ്ങള്‍ക്കനുകൂലമായ ഭൂരിപക്ഷ ഏകീകരണം ഉണ്ടാക്കുകയെന്നതാണ് ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രം. അതിനായി അവര്‍ ദേശീയതലത്തില്‍ തന്നെ ഇസ്‌ലാമോഫോബിയയെ രാഷ്ട്രീയ തന്ത്രമാക്കുന്നു. ക്രിസ്ത്യന്‍ മതവിശ്വാസികളുള്ള വടക്കുകിഴക്കന്‍ മേഖലകളില്‍ ക്രൈസ്തവ വിരുദ്ധ പ്രചാരണവും ബി ജെ പി രാഷ്ട്രീയ തന്ത്രമാക്കുന്നു.

Published

|

Last Updated

മണിപ്പൂരില്‍ വര്‍ഗീയതയുടെ തീയാളിക്കത്തിക്കുകയാണ് സംഘ്പരിവാര്‍. വീണ്ടും മണിപ്പൂര്‍ താഴ്്വര അശാന്തിയിലേക്ക് തള്ളിവിടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മെയ് മൂന്നിന് ആരംഭിച്ച വര്‍ഗീയ കലാപങ്ങളില്‍ 72 പേരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ അഭയാര്‍ഥികളാക്കപ്പെട്ടു. താമസസ്ഥലങ്ങളും ഉപജീവന സംരംഭങ്ങളുമടക്കം ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ തകര്‍ത്തു. 23,000ത്തിലേറെ പേര്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. ചര്‍ച്ചുകളും ക്ഷേത്രങ്ങളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടു. എട്ട് ദിവസം നീണ്ടുനിന്ന ആ കലാപം പട്ടാളവും അസം റൈഫിള്‍സും ചേര്‍ന്നാണ് നിയന്ത്രണ വിധേയമാക്കിയത്. ഇപ്പോഴിതാ വീണ്ടും ഇന്‍ഫാലില്‍ സംഘര്‍ഷമാരംഭിച്ചിരിക്കുന്നു. തിങ്കളാഴ്ച രാവിലെ ന്യൂചെക്കാല്‍ ബസാര്‍ മേഖലയില്‍ മെയ്തി, കുക്കി വംശവിഭാഗങ്ങള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കങ്ങളാണ് ഉച്ചയോടെ ഈ മേഖലയില്‍ വീടുകള്‍ക്കുള്ള തീവെപ്പും ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളുമായി വളര്‍ന്നത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി. ഭൂരിപക്ഷ വംശീയ വിഭാഗങ്ങള്‍ സംഘ്പരിവാര്‍ സംഘടനകളുടെ ഒത്താശയില്‍ കുക്കികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കു നേരേ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് തിരികൊളുത്തിയത്. മെയ്തി വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തിലുള്‍പ്പെടുത്താനുള്ള ബി ജെ പിയുടെ ഭരണ നടപടികള്‍ക്കെതിരായ കുക്കി, നാഗാ, സോമി വിഭാഗങ്ങളുടെ പ്രതിഷേധം ഉയര്‍ന്നതോടു കൂടിയാണ് മണിപ്പൂരില്‍ കലാപങ്ങള്‍ പടര്‍ന്നത്. മണിപ്പൂരിലെ മുന്‍കോണ്‍ഗ്രസ്സുകാരനായ, ഇപ്പോഴത്തെ ബി ജെ പി മുഖ്യമന്ത്രിയുടെ ഭൂരിപക്ഷ പ്രീണന നയങ്ങളാണ് കുക്കി, നാഗാ, സോമി വിഭാഗങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയത്.

മണിപ്പൂരിലെ 42 ശതമാനത്തോളം വരുന്ന ഗോത്ര വിഭാഗങ്ങള്‍ ക്രൈസ്തവ മതവിശ്വാസികളാണ്. ഭൂരിപക്ഷ മെയ്തി ഹൈന്ദവ വിഭാഗത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായി തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് ബി ജെ പിയുടെ സോഷ്യല്‍ എന്‍ജിനീയറിംഗിന്റെ ഭാഗമായി മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികളായ ഗോത്രജനത കുടിയേറ്റക്കാരും പുറമെ നിന്ന് വന്നവരും കുഴപ്പക്കാരുമാണെന്ന വിദ്വേഷ പ്രചാരണമാണ് മുഖ്യമന്ത്രിയും ഹിന്ദുത്വ സംഘടനകളും കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ കലാപങ്ങള്‍ക്കിടയില്‍ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സെന്റ്പോള്‍സ് പള്ളി സംഘ്പരിവാര്‍ ക്രിമിനലുകള്‍ ആക്രമിച്ച് തീയിട്ട ദൃശ്യങ്ങള്‍ ദി ടെലഗ്രാഫ് പത്രം റിപോര്‍ട്ട് ചെയ്തതാണ്. മണിപ്പൂരിലെ ദുഃഖകരമായ സംഭവ ഗതികളെല്ലാം വ്യക്തമാക്കുന്നത് സംഘ് ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന വര്‍ഗീയ കലാപമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നാണ്. ഭൂരിപക്ഷ മതധ്രുവീകരണത്തിനായി മനുഷ്യരെ വിഘടിപ്പിച്ച് അധികാരം ഉറപ്പിക്കുകയെന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ദുരന്തഫലമാണ് മണിപ്പൂരില്‍ കാണുന്നത്. ജനങ്ങളില്‍ വിഭജനം സൃഷ്ടിച്ച് തങ്ങള്‍ക്കനുകൂലമായ ഭൂരിപക്ഷ ഏകീകരണം ഉണ്ടാക്കുകയെന്നതാണ് ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രം. അതിനായി അവര്‍ ദേശീയതലത്തില്‍ തന്നെ ഇസ്‌ലാമോഫോബിയയെ രാഷ്ട്രീയ തന്ത്രമാക്കുന്നു. ക്രിസ്ത്യന്‍ മതവിശ്വാസികളുള്ള വടക്കുകിഴക്കന്‍ മേഖലകളില്‍ ക്രൈസ്തവ വിരുദ്ധ പ്രചാരണവും ബി ജെ പി രാഷ്ട്രീയ തന്ത്രമാക്കുന്നു.

കേരളത്തിലിരുന്ന് ബിഷപ് പാംപ്ലാനിയെ പോലുള്ളവര്‍ സംഘ്പരിവാറിനു വേണ്ടി ക്രൈസ്തവരെ ഇടതുപക്ഷത്തിനും മുസ്‌ലിംകള്‍ക്കുമെതിരെ തിരിച്ചുവിടാനുള്ള പ്രസ്താവന നടത്തിക്കൊണ്ടിരിക്കുമ്പോള്‍, വടക്കുകിഴക്കന്‍ മേഖലകളിലും ഛത്തീസ്ഗഢ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ തുടര്‍ച്ചയായി വേട്ടയാടപ്പെടുകയാണ്. ക്രൈസ്തവ പ്രാര്‍ഥനാലയങ്ങളും ആരാധനാലയങ്ങളും നിരന്തരം ആക്രമിക്കപ്പെടുകയാണ്. ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്ര ഗ്രന്ഥമായ വിചാരധാരയില്‍ പറയുന്ന ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്യുകയെന്ന അജന്‍ഡയാണ് മണിപ്പൂരിലും വടക്കുകിഴക്കന്‍ മേഖലകളിലും ഛത്തീസ്ഗഢിലുമൊക്കെ നടക്കുന്ന ക്രൈസ്തവ വേട്ടയെന്ന് തിരിച്ചറിയാനുള്ള വിവേകശേഷി നഷ്ടപ്പെട്ട തിരുമേനിമാര്‍ വിദ്വേഷത്തിന്റെ വിത്ത് വിതക്കുകയാണ്. സംഘ് അജന്‍ഡയില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കും മുസ്‌ലിംകള്‍ക്കുമൊക്കെ എതിരായി വിദ്വേഷ പ്രചാരണം നടത്തുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള, ബി ജെ പി ഭരിക്കുന്നയിടങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലായെന്നാണല്ലോ കേരളത്തിലെ പല ക്രൈസ്തവ മേലധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ചങ്ങാതിമാര്‍ ഇവിടെ ഇറക്കിയ നരേറ്റീവ്. ഈ മതമേലധ്യക്ഷന്മാര്‍ മനസ്സിലാക്കണം, 42 ശതമാനത്തോളം ക്രിസ്ത്യാനികളുള്ള മണിപ്പൂരിലാണ് ഹിന്ദുത്വ വാദികള്‍ വിശ്വാസികള്‍ക്കെതിരായി ക്രൂരമായ കടന്നാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ 20 ശതമാനം പോലും ഇല്ലായെന്നും തിരിച്ചറിയണം. എന്തുകൊണ്ടോ അവര്‍ക്കതിന് കഴിയാതെ പോകുന്നു.

മണിപ്പൂരും വടക്കുകിഴക്കന്‍ മേഖലകളും 35ഓളം വരുന്ന ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശമാണ്. എത്രയോ കാലമായി ഗോത്ര വര്‍ഗങ്ങള്‍ തമ്മില്‍ തമ്മിലുള്ള വൈരവും കുടിപ്പകയും നിലനിന്നിരുന്ന പ്രദേശങ്ങളാണ്. ആ വംശീയ വൈരത്തിന് പകരം വര്‍ഗീയമായ മാനമുള്ള കലാപങ്ങളിലേക്കാണ് മണിപ്പൂര്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് ഇപ്പോഴത്തെ സംഭവങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. ഏഴ് സഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്ന് ദശലക്ഷത്തോളം ജനസംഖ്യ വരുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. 1949 ഒക്ടോബര്‍ 15നാണ് മണിപ്പൂര്‍ ഇന്ത്യന്‍ യൂനിയന്റെ ഭാഗമായി തീരുന്നത്. 1956ല്‍ മണിപ്പൂര്‍ യൂനിയന്‍ ടെറിട്ടറിയായി മാറി. 1972ലാണ് മണിപ്പൂരിന് സംസ്ഥാന പദവി കൈവന്നത്.

2011ലെ സെന്‍സസ് പ്രകാരം 41.39 ശതമാനം ഹിന്ദുക്കളും 41.29 ശതമാനം ക്രിസ്ത്യാനികളും മണിപ്പൂരിലുണ്ട്. ജനസംഖ്യയില്‍ 57.2 ശതമാനം ആളുകള്‍ താഴ്്വരയിലുള്ള ജില്ലകളിലും അവശേഷിക്കുന്ന 42.8 ശതമാനം മലമ്പ്രദേശങ്ങളിലുമാണ് താമസിക്കുന്നത്. മണിപ്പൂരി, കുക്കി, സോ, നാഗ എന്നീ ഗോത്രങ്ങളും പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട മെയ്തി വിഭാഗവും ഉള്‍പ്പെടുന്നതാണ് മണിപ്പൂരിലെ ജനത. ഭരണഘടനയുടെ പരിരക്ഷയുള്ള പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണവും ഭൂമിസംരക്ഷിക്കാനുള്ള അവകാശങ്ങളും മെയ്തി വിഭാഗത്തിനു കൂടി നല്‍കാനുള്ള മണിപ്പൂര്‍ സര്‍ക്കാറിന്റെ നടപടികളാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. മെയ്തി വിഭാഗം 90 ശതമാനം ഹിന്ദുക്കളും സനമാഹികളും ബാക്കിയുള്ള ഒരു ചെറിയ വിഭാഗം ഇസ്‌ലാം മതസ്ഥരുമാണ്.

ഗോത്രാധിഷ്ഠിത സാമൂഹിക സാഹചര്യങ്ങളില്‍ കഴിയുന്ന ഇവര്‍ക്കിടയില്‍ പരസ്പര വൈരവും കുടിപ്പകയും അതിന്റെ ഫലമായ ഏറ്റുമുട്ടലുകളും എത്രയോ കാലമായി ഉണ്ടാകാറുള്ളതാണ്. അതിനൊയൊക്കെ മറികടക്കുന്ന രീതിയില്‍ തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളും മറ്റും ഒരുകാലത്ത് മണിപ്പൂരില്‍ സജീവമായ സ്വാധീനം ചെലുത്തിയിരുന്നു. തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി ചിലരാണ് ഭൂരിപക്ഷ മെയ്തി വിഭാഗത്തെ പ്രീണിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിച്ചതും ഗോത്രങ്ങള്‍ക്കിടയിലെ കിടമത്സരത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയം കളിച്ചതും. അതിന്റെയൊക്കെ ദുരന്ത പരിണതി എന്ന നിലക്കാണ് സംഘ്പരിവാറിന്റെ കൈകളിലേക്ക് മണിപ്പൂരിന്റെ രാഷ്ട്രീയം എത്തിയത്.

കൊളോണിയല്‍ കാലം മുതല്‍ നടന്ന പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ ക്രൈസ്തവ സ്വാധീനമുണ്ടാക്കിയത്. യഥാര്‍ഥത്തില്‍ മണിപ്പൂരിന്റെ പിന്നാക്കാവസ്ഥയും വികസനമില്ലായ്മയും കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗങ്ങളെ സഹായിക്കുന്ന നയങ്ങളുടെ ഫലമാണ്. എന്നാല്‍ മണിപ്പൂരിന്റെ വികസന അസന്തുലിതാവസ്ഥയെ, മലമ്പ്രദേശത്തെയും താഴ്്വരയിലെയും ജനങ്ങള്‍ക്കിടയിലുള്ള വൈരുധ്യവും ശത്രുതയുമാക്കി മാറ്റുകയാണ് ബൂര്‍ഷ്വാ വര്‍ഗീയ രാഷ്ട്രീയ കക്ഷികള്‍ ചെയ്തത്. മലയോരത്തെയും താഴ്്വരയിലെയും ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസരാഹിത്യത്തെ തീക്ഷ്ണമാക്കുകയാണ് അവിടുത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കാലാകാലമായി ചെയ്തുപോന്നത്.

മണിപ്പൂരില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി വികസനം നടക്കുന്നത് മെയിന്‍ലാന്‍ഡ് എന്ന് പറയുന്ന താഴ്്വാര ജില്ലകളില്‍ മാത്രമാണ്. അവിടെയാണ് ഭൂരിപക്ഷ മെയ്തി വിഭാഗം അധിവസിക്കുന്നത്. ഈയൊരു സാഹചര്യമാണ് മലയോര ഗോത്ര മേഖലക്ക് ഭൂരിപക്ഷ സമുദായത്തോടുള്ള കടുത്ത അതൃപ്തിക്കും വൈരുധ്യത്തിനും കാരണമായിരിക്കുന്നത്. ഈയൊരു സാഹചര്യത്തെ ഉപയോഗിച്ച് തങ്ങളുടെ സോഷ്യല്‍ എന്‍ജിനീയറിംഗ് വഴി ഭൂരിപക്ഷ വിഭാഗത്തെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള സംഘ്പരിവാര്‍ തന്ത്രമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമെന്ന് വ്യക്തം. മുതലാളിത്ത വികസനം സൃഷ്ടിക്കുന്ന പ്രാദേശിക അസന്തുലിതത്വങ്ങളെ മതപരവും വംശീയവുമായ പ്രശ്നങ്ങളാക്കി മാറ്റുന്ന അങ്ങേയറ്റം പ്രതിലോമപരമായ സ്വത്വ രാഷ്ട്രീയത്തിന്റെ ദുരന്തഫലങ്ങളാണ് മണിപ്പൂരില്‍ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.