Kerala
മലങ്കര ടൂറിസം പദ്ധതി ക്രമക്കേട് ആരോപണം; റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
ഇടുക്കി വിജിലന്‍സ് ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. പദ്ധതിയില്‍ 112 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് പരാതി.
തിരുവനന്തപുരം | മലങ്കര ടൂറിസം പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്‍ മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇടുക്കി വിജിലന്‍സ് ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. പദ്ധതിയില്‍ 112 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് പരാതി.
എഫ് എസ് ഐ ടി റീഡിഫൈന്‍ ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് മുട്ടം സ്വദേശി ബേബി ജോസഫാണ് പരാതിക്കാരന്‍. 30 വര്‍ഷത്തേക്ക് ജലാശയം സ്വകാര്യ ഏജന്‍സിക്ക് പാട്ടത്തിന് നല്‍കിയെന്നും പദ്ധതി ലാഭത്തിന്റെ 3.5 ശതമാനം മാത്രം സര്‍ക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടകരാറെന്നും പരാതിയില്‍ പറയുന്നു. ബാക്കി 96.5 ശതമാനവും സ്വകാര്യ ഏജന്‍സിക്ക് ലഭിക്കുന്ന രീതിയിലാണ് കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് ആരോപിക്കുന്നു. ഇതിനു പുറമെ, ടെന്‍ഡര്‍ വിളിച്ചതിന് ശേഷം രൂപവത്കരിച്ച ഒരു ‘കടലാസ് കമ്പനി’ക്കാണ് കരാര്‍ നല്‍കിയത്. ഈ കമ്പനി മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. റീ-ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
അതിനിടെ, ആരോപണങ്ങള്‍ നിഷേധിച്ച് റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. കരാര്‍ നടപടികള്‍ പൂര്‍ണമായും സുതാര്യമായാണ് നടത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധി തവണ പരസ്യം നല്‍കി ടെണ്ടര്‍ വിളിച്ചിരുന്നു. എന്നാല്‍ ഒരു കമ്പനി മാത്രമാണ് മുന്നോട്ട് വന്നതെന്നും സര്‍ക്കാരിന്റെ നയപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചതെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി..







