Connect with us

Gyanvapi masjid

ഭൂരിപക്ഷ ഹിതമോ കോടതി വിധികളുടെ മാനദണ്ഡം?

ബാബരി മസ്ജിദ് തകര്‍ത്തത് ഗുരുതര ക്രിമിനല്‍ കുറ്റമാകുമ്പോഴും ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്ത പരമോന്നത കോടതി വിധിയുടെ മാതൃകയിലാണ് ഗ്യാന്‍വാപിയില്‍ അന്‍ജുമാന്‍ ഇസ്‌ലാമിയ മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളിയ വിധിയിലൂടെ വാരാണസി ജില്ലാ കോടതി തീര്‍പ്പിന് ശ്രമിച്ചിരിക്കുന്നത്. അത് നിയമ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലുള്ളതോ കാര്യകാരണ ബന്ധങ്ങളുടെ ബലത്തിലുള്ള ശരിയായ നീതിന്യായ തീര്‍പ്പുകളോ ആകാത്തതും അതിനാലാണ്.

Published

|

Last Updated

“ആരാധനാ സ്ഥലങ്ങള്‍ കൈവശപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരികയും അത് സാമുദായിക അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം ആവശ്യമായി വന്നിരിക്കുന്നത്. പുതുതായി വിവാദങ്ങള്‍ ഉണ്ടാകുന്നത് കാര്യക്ഷമമായി തടയാന്‍ ഈ ബില്ലിന് കഴിയു’മെന്ന് 1991ല്‍ ആരാധനാ സ്ഥല നിയമം ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി എസ് ബി ചവാന്‍ പറഞ്ഞിരുന്നു. അയോധ്യയില്‍ രാമക്ഷേത്രമെന്ന പ്രമേയമുയര്‍ത്തി വലിയ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമയം കൂടെയായിരുന്നു അത്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് 1947 ആഗസ്റ്റ് 15ലെ തത്്സ്ഥിതി തുടരണമെന്നതാണ് 1991ലെ ആരാധനാ സ്ഥല നിയമത്തിന്റെ ലക്ഷ്യം. ബാബരി മസ്ജിദ് തകര്‍ത്ത സംഭവം കടുത്ത നിയമ ലംഘനമാണെന്ന് നിരീക്ഷിച്ചതിനൊടുവില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം പൂര്‍ണമായും രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കുകയായിരുന്നല്ലോ സുപ്രീം കോടതി. പ്രസ്തുത വിധിയിലും ആരാധനാ സ്ഥല നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നാണ് പരമോന്നത നീതിപീഠം പ്രസ്താവിച്ചത്. എന്നാല്‍ പ്രസ്താവിത നിയമത്തെ അപ്രസക്തമാക്കുന്ന വിധിയാണ് ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ വാരാണസി ജില്ലാ ജഡ്ജി പുറപ്പെടുവിച്ചത്.
ഗ്യാന്‍വാപി മസ്ജിദിന് മേല്‍ ആരാധനക്ക് (ഉടമസ്ഥാവകാശത്തിനല്ല) തന്നെയുമുള്ള അവകാശവാദം 1991ലെ ആരാധനാ സ്ഥല നിയമത്തിന്റെ 4(2) വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ടതാണ് എന്നതായിരുന്നു മസ്ജിദ് പരിപാലിച്ചുവരുന്ന അന്‍ജുമാന്‍ ഇസ്‌ലാമിയ മസ്ജിദ് കമ്മിറ്റിയുടെ പ്രധാന വാദമുഖം. 600 വര്‍ഷമായി മസ്ജിദായി നിലനില്‍ക്കുന്നതാണ് ഗ്യാന്‍വാപി. എന്നാല്‍ ഗ്യാന്‍വ്യാപി മസ്ജിദ് കോംപ്ലക്‌സിനകത്ത് ആരാധനക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹൈന്ദവ ഭക്ത വനിതകളുടെ എല്ലാ വാദങ്ങളും അതിന്റെ മെറിറ്റിലേക്ക് കടക്കാതെ അംഗീകരിക്കുകയായിരുന്നു വാരാണസി ജില്ലാ കോടതി.

1947 ആഗസ്റ്റ് 15ന് ഗ്യാന്‍വാപി മസ്ജിദ് ഒരു മുസ്‌ലിം ആരാധനാ സ്ഥലമായിരുന്നെന്ന് അന്തിമമായി പറയാനാകില്ല. മസ്ജിദ് കോംപ്ലക്‌സിനകത്ത് 1993 വരെ സ്ഥിരമായി ഹിന്ദു ദൈവാരാധന ഉണ്ടായിരുന്നു. അതിന് ശേഷം ഇക്കാലം വരെ ഉത്തര്‍ പ്രദേശ് ഭരണകൂടത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തിലൊരിക്കല്‍ ആരാധന നടക്കുന്നുണ്ട്. അതിനാല്‍ ആരാധനാ സ്ഥല നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്യായക്കാരുടെ ആവശ്യം തള്ളാനാകില്ലെന്ന വിധിപ്രസ്താവം നടത്തുകയായിരുന്നു കോടതി. ആരാധനാ സ്ഥല നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ് വാരാണസി ജില്ലാ കോടതി വിധിയെന്ന വിമര്‍ശം നിയമ രംഗത്തെ പ്രമുഖര്‍ ഉയര്‍ത്തിയിട്ടുണ്ട്. നിയമ നിര്‍മാണത്തിന്റെ താത്പര്യം പരിശോധിക്കാതെ പദാനുപദ വായനയാണ് കോടതി നടത്തിയിരിക്കുന്നത്. നിയമത്തെ കൃത്യമായി വ്യാഖ്യാനിക്കാന്‍ കോടതി തയ്യാറായില്ല.

വഖ്ഫുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സിവില്‍ കോടതി അധികാര പരിധിയില്‍ വരുന്നത് വിലക്കുന്നുണ്ട് 1995ലെ വഖ്ഫ് നിയമം. പ്രസ്തുത നിയമത്തിലെ 85ാം വകുപ്പ് പ്രകാരമാണ് ചില സവിശേഷ കാരണങ്ങളാലുള്ള പ്രസ്തുത നിരോധനം. എന്നാല്‍ ഹിന്ദു ദേവതയുടെ പേരിലുള്ള ഭൂസ്വത്തില്‍ പള്ളി നിര്‍മിക്കാനാകില്ലെന്നും അതിനാല്‍ ഗ്യാന്‍വാപി മസ്ജിദ് മുസ്‌ലിം വഖ്ഫല്ലെന്നുമുള്ള അന്യായക്കാരുടെ വാദം കോടതി അപ്പടി അംഗീകരിച്ചത് പ്രസ്തുത വാദത്തിന്റെ മെറിറ്റ് ഒട്ടും പരിശോധിക്കാതെയാണ്. പള്ളി നിര്‍മാണത്തിന് ഔറംഗസീബ് വഖ്ഫ് ചെയ്തിരുന്നതിന് ഒരു തെളിവുമില്ലെന്നും അതിനാല്‍ മുസ്‌ലിംകള്‍ സ്ഥലം കൈയേറിയതാണെന്ന അന്യായക്കാരുടെ ഭാഷ്യവും അതേവിധം കോടതിക്ക് സ്വീകാര്യമാകുകയായിരുന്നു.

1994ലെ ശ്രദ്ധേയമായ ഡോ. എം ഇസ്മാഈല്‍ ഫാറൂഖി കേസിലെ സുപ്രീം കോടതി വിധി ഗ്യാന്‍വാപി കേസില്‍ ഉദ്ധരിക്കുന്നുണ്ട് വാരാണസി ജില്ലാ കോടതി. ഇസ്‌ലാം അനുഷ്ഠിക്കാന്‍ പള്ളി അത്യന്താപേക്ഷിത ഘടകമല്ലെന്നും തുറന്ന സ്ഥലത്തടക്കം എവിടെ വെച്ചും നിസ്‌കരിക്കാമെന്നും ഉദ്ധരിക്കുന്നു കോടതി. അതുവഴി മുസ്‌ലിംകള്‍ക്ക് ആരാധനക്ക് പള്ളി പ്രധാനമല്ലെന്നും എന്നാല്‍ ഹൈന്ദവര്‍ക്ക് ക്ഷേത്രം ആരാധനാ കേന്ദ്രം എന്ന നിലയില്‍ പ്രധാനമാണെന്നും പറയുന്ന കോടതി ചോദിക്കാത്ത ചോദ്യത്തിനുള്ള ഉത്തരമാണ് കണ്ടെത്തുന്നത്. ബാബരി മസ്ജിദ് തകര്‍ത്തത് ഗുരുതര ക്രിമിനല്‍ കുറ്റമാകുമ്പോഴും ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്ത പരമോന്നത കോടതി വിധിയുടെ മാതൃകയിലാണ് ഗ്യാന്‍വാപിയില്‍ അന്‍ജുമാന്‍ ഇസ്‌ലാമിയ മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളിയ വിധിയിലൂടെ വാരാണസി ജില്ലാ കോടതി തീര്‍പ്പിന് ശ്രമിച്ചിരിക്കുന്നത്. അത് നിയമ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലുള്ളതോ കാര്യകാരണ ബന്ധങ്ങളുടെ ബലത്തിലുള്ള ശരിയായ നീതിന്യായ തീര്‍പ്പുകളോ ആകാത്തതും അതിനാലാണ്. ഭരണകൂട താത്പര്യവും ഭൂരിപക്ഷ ഹിതവും കോടതി വിധികളുടെ മാനദണ്ഡമായി മാറുന്നതിനേക്കാള്‍ വലിയ എന്ത് അപകടമാണ് ഈ ജനാധിപത്യ മതനിരപേക്ഷ റിപബ്ലിക്കിന് വന്നുചേരാനുള്ളത്.

Latest