Connect with us

Education

അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മഅദിന്‍ വിദ്യാര്‍ഥിക്ക് നാലാം സ്ഥാനം

അന്താരാഷ്ട്ര നേട്ടത്തില്‍ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ശബീര്‍ അലിയെ അഭിനന്ദിച്ചു.

Published

|

Last Updated

മലപ്പുറം | ഷാര്‍ജ ഹോളി ഖുര്‍ആന്‍ റേഡിയോ, ഷാര്‍ജ ഫൗണ്ടേഷന്‍ ഫോര്‍ ഹോളി ഖുര്‍ആന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ഥി ഹാഫിസ് ശബീര്‍ അലിക്ക് നാലാം സ്ഥാനം. വിവിധ രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ മത്സരിച്ച ഭിന്നശേഷി വിഭാഗത്തിലാണ് ശബീര്‍ അലിയുടെ ഈ നേട്ടം. 40,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.

മഅദിന്‍ ബ്ലൈന്‍ഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ എത്തിയ ശബീര്‍ അലി ഒൻപത് എപ്ലസ് കരസ്ഥമാക്കിയാണ് എസ് എസ് എല്‍ സി പാസായത്. പ്ലസ്ടുവില്‍ 75 ശതമാനം മാര്‍ക്കും കരസ്ഥമാക്കി. തുടര്‍ന്ന് മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ പഠനമാരംഭിച്ച ശബീര്‍ അലി ഒന്നര വര്‍ഷം കൊണ്ടാണ് ബ്രയില്‍ ലിപിയുടെ സഹായത്തോടെ ഖുര്‍ആന്‍ മനപാഠമാക്കിയത്. കഴിഞ്ഞ എസ് എസ് എഫ് കേരള സാഹിത്യോത്സവില്‍ ഖവാലിയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയിരുന്നു. സ്‌കൂള്‍ യുവജനോത്സവില്‍ ഉറുദു സംഘഗാനത്തില്‍ ജില്ലാ തലത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.

മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നിരന്തര പ്രോത്സാഹനവും ഹിഫ്‌സ് അധ്യാപകരായ ഹാഫിസ് ബശീര്‍ സഅദി വയനാട്, ഖാരിഅ് അസ്ലം സഖാഫി മൂന്നിയൂര്‍, ഹബീബ് സഅദി മൂന്നിയൂര്‍ എന്നിവരുടെ ശിക്ഷണവുമാണ് ഇത്തരമൊരു നേട്ടത്തിന് പിന്നിലെന്ന് ശബീര്‍ അലി പറയുന്നു. പോത്തനൂര്‍ സ്വദേശി താഴത്തേല പറമ്പില്‍ ബശീര്‍- നദീറ ദമ്പതികളുടെ മൂത്ത മകനാണ്. അന്താരാഷ്ട്ര നേട്ടത്തില്‍ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ശബീര്‍ അലിയെ അഭിനന്ദിച്ചു.

Latest