Connect with us

Malappuram

മഅ്ദിന്‍ ദശദിന ഹിജ്‌റ ക്യാമ്പയിന് ആത്മീയ സംഗമത്തോടെ തുടക്കമായി

ഓരോ പുതു വര്‍ഷവും പുനര്‍ വിചിന്തനത്തിന്റേതാകണമെന്നും കഴിഞ്ഞകാല ജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ തിരുത്താനുള്ള അവസരങ്ങളാണ് പുതുവര്‍ഷമെന്നും ഖലീൽ തങ്ങൾ

Published

|

Last Updated

മലപ്പുറം | ഇസ്‌ലാമിക് കലണ്ടറിലെ ആദ്യ മാസമായ മുഹറത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടുനില്‍ക്കുന്ന ഹിജ്‌റ ക്യാമ്പയിന് പ്രൗഢമായ തുടക്കം. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ക്യാമ്പയിന്‍ പരിപാടികളുടെ പ്രഖ്യാപനം നടത്തി. ആത്മീയ സംഗമത്തിന് അദ്ദേഹം നേതൃത്വം നല്‍കി.

ഓരോ പുതു വര്‍ഷവും പുനര്‍ വിചിന്തനത്തിന്റേതാകണമെന്നും കഴിഞ്ഞകാല ജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ തിരുത്താനുള്ള അവസരങ്ങളാണ് പുതുവര്‍ഷമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വിടപറഞ്ഞ ലോക പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഹബീബ് അബൂബക്കര്‍ അല്‍ അദനി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി എന്നിവരെ അനുസ്മരിച്ചു.

ഹിജ്‌റ ക്യാമ്പയിനിന്റെ ഭാഗമായി ഫസ്റ്റ് ഓഫ് മുഹര്‍റം, ഹിജ്‌റ ശില്‍പ്പശാല, ഗോള ശാസ്ത്ര സെമിനാര്‍, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, മെസ്സേജ് ഡിസ്‌പ്ലേ, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ നടക്കും. മുഹറം 10ന് ആശൂറാഅ് ദിന പ്രാര്‍ത്ഥനാ സമ്മേളനം നടക്കും. വനിതകള്‍ക്കായി മുഹറം 9 ന് മഹ്‌ളറത്തുല്‍ ബദ്‌രിയ്യ, മുഹറം 10 ന് പ്രാര്‍ത്ഥനാ മജ്‌ലിസ് എന്നിവയും നടക്കും.

സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഹീര്‍ തങ്ങള്‍ കവരത്തി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, എസ്.എം.എ തൃശൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, സിറാജുദ്ധീന്‍ അഹ്‌സനി കൊല്ലം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ കോഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.