Connect with us

Malappuram

മഅദിന്‍ സി എം സെന്റര്‍ എമിനന്‍സ് മീറ്റ് സംഘടിപ്പിച്ചു

ഒരു മതത്തിന്റെ വിശ്വാസ കാര്യങ്ങളെ തെറ്റായി അവതരിപ്പിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം അപലപനീയമാണെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.

Published

|

Last Updated

നെടുമങ്ങാട് | വാളിക്കോട് സി എം കാമ്പസ് മലപ്പുറം മഅദിന്‍ അക്കാദമിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന വിവിധ മത, സാംസ്‌കാരിക, വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച എമിനന്‍സ് മീറ്റ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വര്‍ധിച്ച് വരികയാണെന്നും അന്താരാഷ്ട്ര നേട്ടങ്ങള്‍ കരഗതമാക്കാന്‍ പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ടത്  മത രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലടക്കം വിവിധ ലോക രാജ്യങ്ങളില്‍ നിരവധി തൊഴിലവസരങ്ങളുണ്ട്. വിദേശ ഭാഷാ പഠന രംഗത്തേക്ക് വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കണം.

അഭിപ്രായ വ്യത്യാസങ്ങളും ഭിന്നസ്വരങ്ങളും നാടിന്റെ വികസനത്തിന് വിഘാതമാകരുത്.  ജനങ്ങളെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ഒരു മതത്തിന്റെ വിശ്വാസ കാര്യങ്ങളെ തെറ്റായി അവതരിപ്പിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅദിന്‍ സി എം സെന്റര്‍ ജനല്‍ സെക്രട്ടറി ഏരൂര്‍ ശംസുദ്ദീന്‍ മദനി അല്‍ ഖാദിരി പരിപാടിയില്‍ അദ്ധ്യക്ഷനായി. നെടുമങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരികൃഷ്ണന്‍ നായര്‍, ഡി സി സി ജനറല്‍ സെക്രട്ടറി കല്ലയം സുകു ,ഡി വൈ എഫ്‌ ഐ ജില്ലാ സെക്രട്ടറി  കെ പി പ്രമോഷ്, നെടുമങ്ങാട് മുനിസിപ്പാലിറ്റി  കൗണ്‍സിലര്‍ പി രാജീവ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജ്ജാദ് മന്നൂര്‍ക്കോണം, യൂത്ത് കോണ്‍ഗ്രസ് നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം റഷീദ്, കല്ലറ നസ്വീറുദ്ധീന്‍ ജൗഹരി, മഅദിന്‍ സി എം സെന്റര്‍ സെക്രട്ടറിമാരായ ശറഫുദ്ദീന്‍ പോത്തന്‍കോട്, മുഹമ്മദ് ഷാഫി നെടുമങ്ങാട് പ്രസംഗിച്ചു.

മഅദിന്‍ അക്കാദമിക്ക് കീഴില്‍ സി എം സെന്റര്‍ കേന്ദ്രമാക്കിയുള്ള വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഖലീല്‍ ബുഖാരി തങ്ങള്‍ അവതരിപ്പിച്ചു. നിലവില്‍ 25,000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന 43 വിവിധ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 14 അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളുമായി വിദ്യാഭ്യാസ വിനിമയ കരാര്‍ ഒപ്പുവെച്ച സംരംഭമാണ്  മലപ്പുറം മഅദിന്‍ അക്കാദമി. ദേശീയവും അന്തര്‍ ദേശീയവുമായ മഅദിന്‍ വിദ്യാഭ്യാസ പദ്ധതികളുടെ തുടര്‍ച്ചെയെന്നോണം കുടുംബം, സാംസ്‌കാരികം, ആത്മീയം, ഭാഷാപഠനം, വിദ്യാഭ്യാസം, ഭിന്നശേഷി ശാക്തീകരണം, ഡീ അഡിക്ഷന്‍ സെന്റര്‍ എന്നിങ്ങനെ ബഹുമുഖ പദ്ധതികളാണ് മഅദിന്‍ സി എം സെന്ററില്‍ നടപ്പിലാക്കുന്നത്.

Latest