Connect with us

Malappuram

നീറ്റ് പരീക്ഷക്കെത്തിയവര്‍ക്ക് മികച്ച സൗകര്യമൊരുക്കി മഅദിന്‍ അക്കാദമി

പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളെ വിജയാശംസകള്‍ നേര്‍ന്നാണ് മഅ്ദിന്‍ ഭാരവാഹികളും ജീവനക്കാരും യാത്രയാക്കിയത്.

Published

|

Last Updated

മലപ്പുറം | നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടേയും മനസ്സ് നിറച്ച് മഅദിന്‍ അക്കാദമി. നീറ്റ് പരീക്ഷാ കേന്ദ്രമായ മലപ്പുറം സ്വലാത്ത് നഗറിലെ മഅദിന്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷക്കെത്തിയ 936 വിദ്യാര്‍ഥികള്‍ക്കും കൂടെയെത്തിയ രക്ഷിതാക്കള്‍ക്കും ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നിര്‍ദേശ പ്രകാരം വിവിധ സൗകര്യങ്ങളാണ് കാമ്പസിലൊരുക്കിയത്. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന വേളയില്‍ രക്ഷിതാക്കള്‍ക്കായി കുട്ടികളുടെ തുടര്‍ പഠനാവസരങ്ങളും വിദ്യാഭ്യാസ ഭാവിയും ചര്‍ച്ച ചെയ്യുന്ന പാരന്റിംഗ് ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത ട്രൈനറും മഅദിന്‍ അക്കാദമിക് ഡയറക്ടറുമായ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ ക്ലാസിന് നേതൃത്വം നല്‍കി.

ഉന്നത പഠനത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെ ആകുലതകളകറ്റുന്നതിനും കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തുടര്‍ പഠന മേഖലകള്‍ തിരഞ്ഞെടുക്കുന്നതിന് പ്രാപ്തമാക്കുന്നതുമായിരുന്നു ക്ലാസ്. രക്ഷിതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കിയിരുന്നു. കുട്ടികളുടെ പരീക്ഷ കഴിയും വരെ വെറുതെ തള്ളി നീക്കേണ്ട സമയത്ത് ഉപകാരപ്രദമായ ക്ലാസ്സ് ലഭിച്ചതിന്റെ സംതൃപ്തിയിലായിരുന്നു രക്ഷിതാക്കള്‍.
മഅ്ദിന്‍ കാമ്പസില്‍ പലയിടങ്ങളിലായി കുടിവെള്ള കിയോസ്‌കുകളും പ്രാഥമിക കൃത്യങ്ങള്‍ക്കായി ടോയ്ലെറ്റ് സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു. രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാന്‍ മഅ്ദിന്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളൊരുക്കിയതും വളണ്ടിയേഴ്‌സിന്റെ കൃത്യമായ ഇടപെടലുകളും പരീക്ഷക്കെത്തിയവര്‍ക്ക് ഏറെ ആശ്വാസമായി.

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഫോട്ടോ പ്രിന്റിംഗ്, ആവശ്യമായ ഡോക്യുമെന്റുകള്‍ പ്രിന്റെടുക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയതും വളരെ ഉപകാരപ്രദമായി. രാവിലെ പെയ്ത കനത്ത മഴയിലും പരീക്ഷക്കെത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സഹായങ്ങള്‍ നല്‍കുന്നതിന് മലപ്പുറം പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍, മഅദിന്‍ ജീവനക്കാര്‍ കഠിന പരിശ്രമം നടത്തി. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളെ വിജയാശംസകള്‍ നേര്‍ന്നാണ് മഅ്ദിന്‍ ഭാരവാഹികളും ജീവനക്കാരും യാത്രയാക്കിയത്.

Latest