Connect with us

Kerala

മഅദിന്‍ അക്കാദമി സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്ക് പ്രൗഢ തുടക്കം

'3000 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സൃഷ്ടിച്ച ഐ ലൗ ഇന്ത്യ' ശ്രദ്ധേയമായി

Published

|

Last Updated

മലപ്പുറം | രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് മലപ്പുറം മഅദിന്‍ അക്കാദമി. മൂവായിരം വിദ്യാര്‍ഥികള്‍ ഐ ലവ് യു ഇന്ത്യയുടെ മാതൃകയില്‍ അണി നിരന്ന പരേഡ് ഏറെ ശ്രദ്ധേയമായി. ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായുള്ള പതാക ഉയര്‍ത്തലിന് മഅ്ദിന്‍ ചെയര്‍മാനും കേരളമുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

കലാ പ്രകടനങ്ങള്‍, ഗ്രാന്‍ഡ് സെല്യൂട്ട്, ബലൂണ്‍ ഡിസ്‌പ്ലേ, ഗാനശില്‍പ്പം, സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ മാര്‍ച്ച് പാസ്റ്റ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റേതല്ലെന്നും എല്ലാ മതക്കാരും സമാധാനത്തോടെ കഴിയുമ്പോഴാണ് രാജ്യത്ത് സ്വാതന്ത്ര്യം പുലരുകയെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മഅദിന്‍ അക്കാദമിയിലെ 27,000 വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വീടുകളില്‍ പതാക ഉയര്‍ത്തും. സ്വതന്ത്ര്യദിന ക്വിസ് മത്സരങ്ങള്‍, സ്വതന്ത്ര്യദിന പ്രഭാഷണങ്ങള്‍, കൊളാഷ് പ്രദര്‍ശനം, സ്വതന്ത്ര്യസമരസേനാനികളെ പരിചയപ്പെടല്‍ തുടങ്ങി വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളാണ് മൂന്ന് ദിവസങ്ങളിലായി മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി, സൈതലവി സഅദി, അബൂബക്കര്‍ സഖാഫി, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മഅദിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൈതലവിക്കോയ, ദുല്‍ഫുഖാറലി സഖാഫി സംബന്ധിച്ചു.

 

Latest