Connect with us

Business

ഇന്ത്യന്‍ ഭക്ഷ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്; യൂസഫലി പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ ഭക്ഷ്യ-സംസ്‌കരണ റീട്ടെയില്‍ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയര്‍മാന്‍ എം എ യൂസഫലി. ഡല്‍ഹിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന മന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാന മന്ത്രിയെ ധരിപ്പിച്ചു. ലക്‌നോ, തിരുവനന്തപുരം എന്നിവിടങ്ങിലെ ഷോപ്പിംഗ് മാള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. ഇതുള്‍പ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയില്‍ നടത്തിയത്. കൂടുതല്‍ ആളുകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ ഉത്തേജന പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ വാണിജ്യ വ്യവസായ ലോകം പുത്തനുണര്‍വാണ് കൈവരിച്ചതെന്നും യൂസഫലി പ്രധാന മന്ത്രിയോട് പറഞ്ഞു. പ്രവാസികളായ നിരവധി നിക്ഷേപകര്‍ രാജ്യത്ത് കൂടുതലായി മുതല്‍ മുടക്കാന്‍ തയാറാകുന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സര്‍ക്കാറിന്റെ പുതിയ നയമാണ്.

ഭക്ഷ്യ സംസ്‌കരണ രംഗത്തും ലുലു വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. നോയിഡയില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഉത്തര്‍ പ്രദേശ് സര്‍ക്കാറാണ് ഇതിനാവശ്യമായ സ്ഥലം അനുവദിച്ചത്. കശ്മീരില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും യൂസഫലി പ്രധാന മന്ത്രിയെ അറിയിച്ചു. കശ്മീര്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച ആവശ്യകതയാണ് ഗള്‍ഫ് നാടുകളിലുള്ളത്. ഗുജറാത്തില്‍ പുതിയ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ വിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോത്പന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാന മന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. ഇക്കാര്യം ഉറപ്പാക്കുന്നത് കര്‍ഷകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും പ്രധാന മന്ത്രി നേര്‍ന്നു.

---- facebook comment plugin here -----

Latest