Connect with us

Prathivaram

സുവർണ ഭൂമിയിലെ പൊലിഞ്ഞ ജീവിതങ്ങൾ

റോഹിംഗ്യകൾ വേരറ്റവരുടെ വേദനകൾ - മുസ്തഫ പി എറയ്ക്കൽ

Published

|

Last Updated

സർവതും നഷ്ടപ്പെട്ട റോഹിംഗ്യൻ മുസ്്ലിംകളുമായി കൂടിക്കാഴ്ച നടത്തി അവരനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളും പ്രതിസന്ധികളും നിറഞ്ഞ തീക്ഷ്ണമായ അനുഭവം സമൂഹത്തിന് മുമ്പിലെത്തിച്ച രചനയാണ് മാധ്യമ പ്രവർത്തകൻ മുസ്തഫ പി എറയ്ക്കലിന്റെ റോഹിംഗ്യകൾ – വേരറ്റവരുടെ വേദനകൾ എന്ന കൃതി. “കുടിയിറക്കൽ’ എന്ന ഇടശ്ശേരി കവിത പുസ്തകത്തിന്റെ തുടക്കത്തിൽ കൊടുത്തത് രചനയുടെ ഉള്ളടക്കത്തോട് ഏറെ യോജിച്ചുനിൽക്കുന്നു. സുവർണഭൂമി എന്നറിയപ്പെടുന്ന മ്യാൻമറിൽ ഭരണകൂടത്തിന്റെയും ബുദ്ധ മേലാളന്മാരുടെയും ഭാഗത്ത് നിന്ന് റോഹിംഗ്യൻ മുസ്്ലിംകൾ അനുഭവിക്കുന്ന വംശീയമായ പീഡനങ്ങളുടെയും യാതനകളുടെയും നേർച്ചിത്രമാണ് രചന.

10 അധ്യായങ്ങളടങ്ങിയ പുസ്തകത്തിന്റെ ആദ്യ അധ്യായത്തിന് നൽകിയ തലവാചകം “തോണി മനുഷ്യർ’ എന്നാണ്. മാസങ്ങളോളം കടലിലൂടെ യാത്ര ചെയ്ത് അയൽരാജ്യത്തിന്റെ കരയ്ക്കണയുമ്പോൾ അവിടെയുള്ള തീരസേനയുടെ ഭാഗത്ത് നിന്നും ആട്ടിയോടിക്കലും പീഡനവും നേരിടേണ്ടി വരുന്ന ദുരവസ്ഥ. നിർബന്ധിതരായി വീണ്ടും തോണിയിലേക്ക്. പലായനത്തിനിടക്ക് ഒട്ടേറെ മനുഷ്യർ പട്ടിണി മൂലവും കടലിൽ വീണും മരിച്ചു. രാഷ്ട്ര രഹിതരാണവർ. ഒരു രാഷ്ട്രവും മാനുഷികമായ പരിഗണന നൽകുന്നില്ല എന്നതാണ് വാസ്തവം. വായനക്കാരന്റെ മനസ്സിൽ റോഹിംഗ്യൻ ജനതയോടുള്ള സഹതാപവും മ്യാൻമറിലെ പട്ടാള ഭരണത്തോടും തെരവാദ ബുദ്ധിസം എന്നറിയപ്പെടുന്ന ബർമയിലെ ഭൂരിപക്ഷ ബുദ്ധ വിഭാഗത്തോടുള്ള അമർഷവും ഉളവാക്കുന്നു രചന. ഒരു സമൂഹത്തെ വംശഹത്യ ചെയ്യാനുള്ള ആറ് ഘട്ടങ്ങളെ വിശദീകരിക്കുകയും ആ ഘട്ടങ്ങളിലൂടെ കടന്നുപോയവരാണ് റോഹിംഗ്യൻ മുസ്്ലിംകൾ എന്ന് വായനക്കാരന് ബോധ്യപ്പെടുത്തിത്തരികയും ചെയ്യുന്നു രചയിതാവ്. ഏറെ പ്രയാസമനുഭവിക്കുമ്പോഴും ആംഗ് സാൻ സൂകി എന്ന നൊബേൽ സമ്മാന ജേതാവിലായിരുന്നു അവരുടെ ഏക പ്രതീക്ഷ. അതിനെ തകിടം മറിച്ചുകൊണ്ടാണ് സൂകിയുടെ അധികാര സ്ഥാപനം. തീർത്തും വർഗീയ സമീപനമാണ് സൂകിയും അവരോട് വച്ചുപുലർത്തുന്നത്.

എല്ലാ പ്രതീക്ഷകളും കച്ചിത്തുരുമ്പുകളും അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. വെളിച്ചത്തിലേക്ക് കൈ പിടിച്ചുയർത്താൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടെങ്കിലും വേണ്ടത്ര വിജയം കാണുന്നില്ലന്നതാണ് സത്യം. പിറന്ന നാടും വീടും വിട്ടെറിഞ്ഞ് കൊറിയ, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് കുടിയേറുകയും ചെന്നെത്തുന്ന രാജ്യങ്ങളിൽ ചെറിയ ടെന്റുകളിൽ രണ്ടും മൂന്നും കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുകയും ചെയ്യേണ്ടി വരുന്ന വേദനാജനകമായ ജീവിതമാണ് ഇവരുടേത്. അതിലുപരി സ്വന്തം കൺമുന്നിൽ സ്ത്രീകളെയും കുട്ടികളെയും മാനഭംഗപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന തീർത്തും അക്രമാസക്തമായ മിലിറ്ററി പ്രവർത്തനങ്ങൾക്കിരയാകുന്ന റോഹിംഗ്യൻ മുസ്്ലിംകളുടെ പച്ചയായ ജീവിതത്തെ വരച്ചുകാട്ടുന്നു “റോഹിംഗ്യകൾ – വേരറ്റവരുടെ വേദനകൾ’. പ്രസാധകർ ഐ പി ബി കല ബുക്സ്. വില 90 രൂപ.

മുഹമ്മദ് ജാബിർ കൊടിഞ്ഞി
jabirkvpayyoli@gmail.com

Latest