Connect with us

SSF Sahithyotsav 2021

സാഹിത്യം അപരനോട് സഹാനുഭൂതിയും സഹിഷ്ണുതയും വളർത്തും: രാഹുൽ ഗാന്ധി

കലയും സാഹിത്യവും നമ്മിൽ നിന്ന് വ്യത്യസ്തമായ സമൂഹങ്ങളോട് സഹാനുഭൂതിയും സഹിഷ്ണുതയും വളർത്തുമെന്നും അവരിലേക്ക് തുറന്നു വയ്ക്കപ്പെട്ട വാതിലാണ് സാഹിത്യമെന്നും വയനാട് എംപി രാഹുൽ ഗാന്ധി

Published

|

Last Updated

മലപ്പുറം | കലയും സാഹിത്യവും നമ്മിൽ നിന്ന് വ്യത്യസ്തമായ സമൂഹങ്ങളോട് സഹാനുഭൂതിയും സഹിഷ്ണുതയും വളർത്തുമെന്നും അവരിലേക്ക് തുറന്നുവയ്ക്കപ്പെട്ട വാതിലാണ് സാഹിത്യമെന്നും വയനാട് എംപി രാഹുൽ ഗാന്ധി. ശനി, ഞായർ ദിവസങ്ങളിൽ വണ്ടൂരിൽ നടക്കുന്ന എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ് സാഹിത്യോത്സവിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം ഉണർത്തിയത്.

വിദ്യാഭ്യാസ വിചക്ഷണർ സാഹിത്യകാരന്മാർ കലാകാരന്മാർ സർവോപരി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സാഹിത്യോത്സവിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് രാഹുൽ ഗാന്ധി സന്ദേശത്തിലൂടെ പങ്കുവെച്ചു.

ഇരുപത്തി എട്ടാമത് എഡിഷന്‍ എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ കേന്ദ്രീകരിച്ച് നടക്കും. വിരസതയുടെ അടച്ചിടല്‍ കാലത്തും സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോഗിച്ചാണ് സാഹിത്യോത്സവ് നടന്നു വരുന്നത്.

ശനിയാഴ്ച രാവിലെ ഒമ്പതിന് സംസ്ഥാന ഹജജ്കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വി മുസഫര്‍ അഹമ്മദ് വിശിഷ്ടാതിഥിയാകും. എ പി അനില്‍കുമാര്‍ എം എല്‍ എ അഭിവാദ്യം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ധീന്‍ ഫാളിലി സന്ദേശ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സി കെ ശാക്കിര്‍ സിദ്ധീഖി അദ്ധ്യക്ഷത വഹിക്കും.

പന്ത്രണ്ടു ഡിവിഷനുകളില്‍ നിന്നായി നൂറോളം മത്സര ഇനങ്ങളില്‍ ആയിരത്തില്‍പരം പ്രതിഭകള്‍ മാറ്റുരക്കും. ഞായറാഴ്ച വൈകീട്ട് സമാപന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിക്കും. മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, മുഹമ്മദ് ശരീഫ് നിസാമി, എം അബ്ദുറഹ്മാന്‍, ജാബിര്‍ സഖാഫി മാപ്പാട്ടുകര സംസാരിക്കും. വിജയികള്‍ക്കുള്ള ട്രോഫി വിതരണവും നടക്കും.

കാല്‍ ലക്ഷം വീടുകളില്‍ ഫാമിലി സാഹിത്യോത്സവുകളും ആയിരം ഗ്രാമങ്ങളില്‍ യൂണിറ്റ് തല മത്സരങ്ങളും ശേഷം സെക്ടര്‍, ക്യാമ്പസ്, ഡിവിഷന്‍ മത്സരങ്ങളും പൂര്‍ത്തീകരിച്ചാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നത്. വിജയികള്‍ ഒക്ടോബര്‍ ആദ്യവാരം നടക്കുന്ന സംസ്ഥാന സാഹിത്യോത്സവില്‍ മാറ്റരുക്കും.വാര്‍ത്താ സമ്മേളനത്തില്‍ എസ് എസ് എഫ് ഈസ്റ്റ് ജില്ല ജന.സെക്രട്ടറി കെ തജ്മല്‍ ഹുസൈന്‍, വി എം സല്‍മാന്‍സിദ്ധീഖി, സി.പി ഉസാമത്ത്, ടി എം ശുഹൈബ് സംബന്ധിച്ചു.

 

Latest