Connect with us

Health

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാന്‍ ലൈപ്പോസക്ഷന്‍

ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിക്കിടക്കുന്ന കൊഴുപ്പിനെ അഞ്ചോ ആറോ മില്ലിമീറ്റര്‍ മാത്രം നീളമുള്ള മള്‍ട്ടിപ്പിള്‍ കീ ഹോള്‍സിലൂടെ പ്രത്യേക ഉപകരണമുപയോഗിച്ച് വലിച്ചെടുക്കുയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്.

Published

|

Last Updated

രീരത്തിലെ അനാവശ്യമായ കൊഴുപ്പ് നീക്കം ചെയ്യാന്‍ ശാസ്ത്രീയവും സുരക്ഷിതവുമായ ഒരു ചികിത്സാരീതിയാണ് ലൈപ്പോസക്ഷന്‍. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിക്കിടക്കുന്ന കൊഴുപ്പിനെ അഞ്ചോ ആറോ മില്ലിമീറ്റര്‍ മാത്രം നീളമുള്ള മള്‍ട്ടിപ്പിള്‍ കീ ഹോള്‍സിലൂടെ പ്രത്യേക ഉപകരണമുപയോഗിച്ച് വലിച്ചെടുക്കുയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. വളരെ ചെറിയ മുറിവുകളാണ് ഇതിന് വേണ്ടി ഉണ്ടാക്കേണ്ടതുള്ളൂ. അതിനാല്‍ സര്‍ജറിയ്ക്ക് ശേഷം ചെറിയ കല മാത്രമേ ശരീരത്തില്‍ കാണുകയുള്ളൂ. അതുപോലെ മറ്റു ഓപ്പറേഷനുകളെപ്പോലെ സര്‍ജറിയ്ക്കുശേഷം കുറേ ദിവസം ആശുപത്രിയില്‍ താമസിക്കേണ്ട ആവശ്യവുമില്ല.

കൊഴുപ്പ് അടിഞ്ഞു കൂടി വീര്‍ത്തിരിക്കുന്ന വയര്‍, വണ്ണമുള്ള കൈകള്‍, അരക്കെട്ട് എന്നിവ കുറയ്ക്കാന്‍ വളരെ മികച്ച ചികിത്സയാണ് ലൈപ്പോസക്ഷന്‍. എന്നാല്‍ ഇത് ഭാരം കുറയ്ക്കാനുള്ള ഓപ്പറേഷനല്ല. ശരീരത്തിന്റെ ആകൃതി ക്രമീകരിക്കുക എന്നതുമാത്രമാണ് ചെയ്യുന്നത്. ഒരു ഓപ്പറേഷനില്‍ അഞ്ചോ ആറോ ലിറ്റര്‍ കൊഴുപ്പാണ് വലിച്ചെടുക്കുക. ഇത് നാലോ അഞ്ചോ കിലോ മാത്രമേ ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് തന്നെ അമിതവണ്ണമുള്ള ഒരാളുടെ ശരീരത്തിലെ വളരെ ചെറിയ അളവ് കൊഴുപ്പ് മാത്രമേ ഒഴിവാക്കുന്നുള്ളൂ. അമിതവണ്ണം ഇല്ലാതാക്കാന്‍ ഭക്ഷണക്രമീകരണം, വ്യായാമം എന്നിവ ഫലപ്രദമാകാത്ത ആളുകള്‍ക്ക് ബാരിയാട്രിക് സര്‍ജറി എന്ന പ്രത്യേക ഓപ്പറേഷനാണ് ആവശ്യമായി വരിക.

തൂങ്ങിക്കിടക്കുന്ന വയര്‍, കൈകള്‍ എന്നിവ ഉള്ളവരുടെ അധികം വരുന്ന ചര്‍മ്മം എടുത്തുകളയേണ്ട ആവശ്യം ചിലപ്പോള്‍ വന്നേക്കാം. അതിന് ലൈപ്പോസക്ഷന്‍ മാത്രം മതിയാകുകയില്ല. പാര്‍ശ്വഫലങ്ങളും റിസ്‌കും വളരെ കുറഞ്ഞ സര്‍ജറിയാണിത്. കാരണം ഓപ്പറേഷന്‍ ചെയ്യുന്നത് ചര്‍മ്മത്തിന്റെയും മസിലുകളുടെയും ഇടയ്ക്കുള്ള ലെയറിലെ കൊഴുപ്പാണ്. മസിലുകളുടെ അടിയിലേക്ക് സര്‍ജറി ചെയ്യുന്നില്ല. സര്‍ജറിയ്ക്ക് ശേഷം ചെറിയവീക്കം, വേദന, രക്തം കല്ലിച്ച കല തുടങ്ങിയവ കുറച്ചു ദിവസങ്ങള്‍ നീണ്ടു നിന്നേക്കാം. രണ്ടോ മൂന്നോ ദിവത്തേക്കുള്ള മരുന്നുകള്‍ മാത്രമേ ആവശ്യമുള്ളൂ.

ചര്‍മ്മത്തിനുണ്ടാകുന്ന ചെറിയ തരിപ്പ്, വേദന, തടിപ്പ് ഇതൊക്കെ കുറച്ചു മാസങ്ങള്‍ നീണ്ടുനിന്നേക്കാം. ഇതിനുവേണ്ടി പ്രത്യേകമായ കംപ്രഷന്‍ ജാക്കറ്റുകളോ അല്ലെങ്കില്‍ ഇലാസ്റ്റിക് ബാന്‍ഡേജുകളോ വേണ്ടി വരാം. ലൈപ്പോസക്ഷന്റെ ഏറ്റവും ആകര്‍ഷകമായ കാര്യം കുറഞ്ഞ ദിവസത്തെ വിശ്രമം, ആശുപത്രി വാസവും ഏറിയാല്‍ ഒരു ദിവസം മതി എന്നതാണ്. സാധാരണ ഗതിയില്‍ ഓഫീസ് ജോലി, പാചകം ഇക്കാര്യങ്ങളെല്ലാം സര്‍ജറി കഴിഞ്ഞ് രണ്ടു ദിവസംകൊണ്ട് ചെയ്യാന്‍ സാധിക്കും.

ഓപ്പറേഷനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏറ്റവും പ്രധാനപ്പെട്ട കാര്യം കൊഴുപ്പ് നീക്കം ചെയ്തശേഷം ആ ഭാഗം പഴയതുപോലെ ആകാതെ നോക്കണം എന്നതാണ്. ശരീരയായ ഭക്ഷണക്രമീകരണം, വ്യായാമം എന്നിവ ചെയ്ത് ശരീരത്തിന്റെ ആകൃതിയും അമിതവണ്ണവും കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ലൈപ്പോസക്ഷനുശേഷം കൊഴുപ്പ് എടുത്തു കളഞ്ഞ ഭാഗങ്ങളില്‍ വീണ്ടും കൊഴുപ്പ് അടിഞ്ഞുകൂടുമോ എന്നത് എല്ലാവര്‍ക്കുമുള്ള ഒരു സംശയമാണ്. ഓരോ വ്യക്തിയും ചിട്ടയായ രീതിയില്‍ ആഹാരം കഴിക്കുകയും വ്യായാമം എന്നിവ ചെയ്താല്‍ ഭയപ്പെടേണ്ട ആവശ്യമില്ല.

ലൈപ്പോസക്ഷനുവേണ്ടി കാണേണ്ട സര്‍ജന്‍

ഏറ്റവും അധികം ശ്രദ്ധിച്ചെടുക്കേണ്ട തീരുമാനമാണ് ആരാണ് നിങ്ങളുടെ ലൈപ്പോസക്ഷന്‍ സര്‍ജന്‍ എന്ന കാര്യം. ലൈപ്പോസക്ഷനില്‍ വൈദഗ്ധ്യമുള്ള പ്രഗത്ഭനായ പ്ലാസ്റ്റിക് സര്‍ജനുമാത്രമേ സര്‍ജറി ചെയ്യാനുള്ള അംഗീകാരമുള്ളൂ. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ അംഗീകാരമുള്ള വെബ്‌സൈറ്റുകള്‍ നോക്കിയാല്‍ മതി. രോഗിയുടെ ഏറ്റവും അടുത്ത സ്ഥലത്തെ പ്ലാസ്റ്റിക് സര്‍ജന്റെ പേരു വിവരങ്ങള്‍ ലഭിക്കാനും സഹായകമാണ്. കേരള പ്ലാസ്റ്റിക് സര്‍ജന്‍ അസോസിയേഷന്റെ വെബ്‌സൈറ്റായ WWW.KPSA.IN, ഇന്ത്യന്‍ പ്ലാസ്റ്റിക് സര്‍ജന്‍ അസോസിയേഷന്‍ വെബ്‌സൈറ്റ് WWW.APSI.IN, ഇന്ത്യന്‍ കോസ്മറ്റിക് പ്ലാസ്റ്റിക് സര്‍ജന്‍ അസോസിയേഷന്‍ വെബ്‌സൈറ്റ് WWW.IAAPS.NET, അമേരിക്കന്‍ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സര്‍ജന്‍സ് WWW.PLASTICSURGERY.ORG എന്നിവ സന്ദര്‍ശിച്ചാല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഹാഫിസ് മുഹമ്മദ് കെ
സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജന്‍
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്.

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്