Connect with us

Travelogue

ശൗനീസിലെ വെളിച്ചം

ദിശാമാറ്റത്തിന്റെ നിമിഷങ്ങൾ. അയാളുടെ ഉള്ളം പിടച്ചു. പശ്ചാതാപത്തിന്റെ നോവിനാൽ ഇരു നയനങ്ങളും സജലങ്ങളായി. ശിഷ്ട ജീവിതം സത്കർമങ്ങളാൽ സമ്പന്നമാക്കാൻ തീരുമാനിച്ചു. അന്ന് രാത്രി സിഖ്തി തങ്ങൾ ഒരു സ്വപ്നം കണ്ടു. "സിരിയ്യ്, എന്നോടുള്ള സ്നേഹത്താൽ നീ അയാളുടെ വായ വൃത്തിയാക്കി. അതുപോലെ ഞാൻ നിന്റെ ഹൃദയവും വൃത്തിയാക്കിയിരിക്കുന്നു'. മഹാനവർകളുടെ ആത്മീയ ഔന്നത്യം വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം.

Published

|

Last Updated

വഴിയരികിൽ ഒരാൾ അർധബോധാവസ്ഥയിൽ കിടക്കുന്നു. മദ്യപാനിയാണ്. അയാളുടെ വായിൽ മദ്യം നുരയുന്നുണ്ട്. മുസ്‌ലിമാണ്. അല്ലാഹ്, എന്നയാൾ വിളിക്കുന്നു. അതുകണ്ട സിരിയ്യുസിഖ്തി(റ) അതീവ ദുഃഖിതനായി. എന്താണീ കാണുന്നത്?. ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ലാത്ത പാതകം. “യാ റബ്ബ്, നിന്റെ പേര് ഉച്ചരിക്കുന്നയാളുടെ വായ മാലിന്യം നിറഞ്ഞതാകുന്നത് എത്ര അസഹനീയമാണ്!’. ഇങ്ങനെ പറഞ്ഞ് അൽപ്പം വെള്ളമെടുത്ത് സിഖ്തി തങ്ങൾ അവന്റെ വായ ശുദ്ധിയാക്കി.

ഏറെ നേരം കഴിഞ്ഞാണ് അയാൾക്ക് പരിസര ബോധം തിരിച്ചുകിട്ടിയത്. അയാൾ ഒന്നും അറിഞ്ഞിരുന്നില്ല. ദൃസാക്ഷികളാണ് നടന്നതത്രയും പറഞ്ഞു കൊടുത്തത്.
ദിശാമാറ്റത്തിന്റെ നിമിഷങ്ങൾ. അയാളുടെ ഉള്ളം പിടച്ചു. പശ്ചാതാപത്തിന്റെ നോവിനാൽ ഇരു നയനങ്ങളും സജലങ്ങളായി. ശിഷ്ട ജീവിതം സത്കർമങ്ങളാൽ സമ്പന്നമാക്കാൻ തീരുമാനിച്ചു. അന്നു രാത്രി. സിഖ്തി തങ്ങൾ ഒരു സ്വപ്നം കണ്ടു. “സിരിയ്യ്, എന്നോടുള്ള സ്നേഹത്താൽ നീ അയാളുടെ വായ വൃത്തിയാക്കി. അതുപോലെ ഞാൻ നിന്റെ ഹൃദയവും വൃത്തിയാക്കിയിരിക്കുന്നു’. മഹാനവർകളുടെ ആത്മീയ ഔന്നത്യം വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം.

അബൂ അബ്ദില്ലാഹിബ്നു ജലാഅ് പറയുന്നു: അർധരാത്രി. സിഖ്തി തങ്ങൾ എഴുന്നേറ്റ് പുതുവസ്ത്രങ്ങൾ അണിഞ്ഞ് യാത്രക്കൊരുങ്ങി. “എവിടേക്കാണ്’. ഞാൻ ചോദിച്ചു. “ഫത്ഹുൽ മൂസ്വിലിയുടെ അടുത്തേക്ക്. അദ്ദേഹത്തിന്റെ കൂടെ ആരാധനാ കർമങ്ങളിൽ പങ്കാളിയാവുക വല്ലാത്ത അനുഭൂതിയാണ്’. പക്ഷെ, ആ യാത്ര അധികം മുന്നോട്ടു പോയില്ല. നൈറ്റ് ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ സിഖ്തി തങ്ങളെ പിടികൂടി തടവിലിട്ടു. അസമയത്ത് പുറത്തിറങ്ങിയതാണ് പ്രശ്നം. അടുത്ത പ്രഭാതം. പോലീസുകാരൻ തടവുകാരെ മർദിക്കവെ സിരിയ്യു സിഖ്തിയെയും അടിക്കാനോങ്ങി. കൈ പിന്നെ താഴ്ത്താൻ സാധിക്കുന്നില്ല. “എന്താണ് അടിക്കാത്തത്?’. “എന്നെ ആരോ തടയുന്നു’. പരിശോധിച്ചപ്പോൾ അത് ഫത്ഹുൽ മൂസ്വിലി ആയിരുന്നു. അക്കാലഘട്ടത്തിലെ സ്വൂഫീവര്യന്മാരിൽ പ്രധാനിയായിരുന്നു അദ്ദേഹം.

ആരാധന, സിരിയ്യു സിഖ്തി(റ)ക്ക് അത് ഹരമായിരുന്നു. ജുനൈദുൽ ബാഗ്ദാദി(റ)യുടെ അഭിപ്രായത്തിൽ ഗുരുവിനെ പോലെ ആരാധനയിൽ വ്യാപൃതനായ മറ്റൊരാളെയും കണ്ടിട്ടില്ല. തൊണ്ണൂറ്റിയെട്ട് വയസ്സിനിടയിൽ മരണ ശയ്യയിലല്ലാതെ ചെരിഞ്ഞു കിടക്കുന്നതായി ഞാൻ കണ്ടിട്ടില്ല. അഗ്നിബാധയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായെന്നും നിങ്ങളുടെ കടക്ക് കേടുപാടുകൾ ഇല്ലെന്നും കേട്ടപ്പോൾ അൽഹംദുലില്ലാഹ് എന്ന് പറഞ്ഞതിന്റെ പേരിൽ മുപ്പത് വർഷം പാപമോചനം നടത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
സ്വൂഫിവര്യന്മാരായ ഫുളൈലുബ്നു ഇയാളിന്റെ ശിഷ്യനും ബിഷ്റുൽ ഹാഫിയുടെ സുഹൃത്തുമായിരുന്നു സിരിയ്യു സിഖ്തി(റ). ദിനേന ആയിരം റകഅത് സുന്നത് നിസ്കാരമാണ് നിർവഹിച്ചിരുന്നത്. ഉദാരമനസ്കനായിരുന്നു.

അദ്ദേഹത്തോടല്ലാതെ ഞാൻ മറ്റാരോടും ഒരു വസ്തുവും ചോദിക്കാറുണ്ടായിരുന്നില്ല. എന്തായാലും അത് നൽകാൻ അദ്ദേഹത്തിന് പൂർണ സംതൃപ്തി ആയിരുന്നു. ബിഷ്റുൽ ഹാഫിയുടെ അനുഭവ സാക്ഷ്യമാണിത്.

ഒരിക്കൽ ഏതാനും ഇഷ്ടജനങ്ങൾ സമീപിച്ച് ക്ഷമയെ കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ടു. സംസാരം തുടങ്ങി. അപ്പോഴതാ ഒരു തേൾ. സിരിയ്യു സിഖ്തിയുടെ കാലിൽ ആഞ്ഞുകുത്തുന്നു. ഭാവമാറ്റങ്ങളില്ല. വിശദീകരണം തുടരുക തന്നെയാണ്. ” ശൈഖ്, ആ തേളിനെ കൊന്ന്, വലിച്ചെറിയൂ’. ആഗതർ ഒച്ചവെച്ചു. “പറയുന്ന കാര്യത്തിനെതിരായി പ്രവർത്തിക്കാൻ ഞാൻ ലജ്ജിക്കുന്നു. തേൾ കുത്തുമ്പോഴും ക്ഷമ പ്രകടിപ്പിക്കാനാകണം എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്’. ഇതായിരുന്നു അവിടുത്തെ പ്രതികരണം!.
അന്ത്യനിമിഷങ്ങൾ. ശിഷ്യനും മരുമകനുമായ ജുനൈദുൽ ബഗ്ദാദി(റ) വിശേഷങ്ങൾ അന്വേഷിച്ചു. “വൈദ്യനിൽ നിന്നുതന്നെയാണ് എനിക്ക് രോഗം വന്നിട്ടുള്ളത്. ആ വൈദ്യനോടു ചികിത്സ തേടുന്നത് ശരിയല്ലല്ലോ’.

ഇതു കേട്ടതും ഗുരുസാന്നിധ്യം ഇനി അധികം ഉണ്ടാകില്ലെന്ന് ശിഷ്യന് മനസ്സിലായി. “ജുനൈദ്, നീ തിന്മയുടെ വക്താക്കളുമായി കൂട്ടുകൂടരുത്. അല്ലാഹുവിനെ ഒരിക്കലും വിസ്മരിക്കരുത്’. അവസാനമായി അദ്ദേഹം ഉപദേശിച്ചു. ഹിജ്റ 253ൽ റമസാൻ ആറിന് ചൊവ്വാഴ്ച സുബ്ഹിക്കു ശേഷമായിരുന്നു വിയോഗം. ബഗ്ദാദിലെ ശൗനീസ് എന്ന പ്രദേശത്താണ് സിരിയ്യു സിഖ്തി(റ)യുടെ ഖബ്ർ. ഇറാഖിലെ പ്രധാന തീർഥാടന കേന്ദ്രമാണത്. തൊട്ടു ചാരെ ശൈഖ് ജുനൈദുൽ ബഗ്ദാദിയുടെ ദർഗയുമുണ്ട്. മഹാനവർകളെ കുറിച്ച് അടുത്ത ആഴ്ച വിശദമായി എഴുതാം.