Connect with us

Editorial

വീട്ടുജോലിക്കാര്‍ക്ക് നിയമ പരിരക്ഷ

കേരളത്തില്‍ വീട്ടുജോലിക്കാരുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമാക്കിയുള്ള നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. അവര്‍ക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും പെന്‍ഷനും ഉറപ്പാക്കുന്ന "ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് (റെഗുലേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ആക്ടി'ന്റെ കരട് തയ്യാറായിക്കഴിഞ്ഞു.

Published

|

Last Updated

ദുരിതപൂര്‍ണമാണ് വീട്ടുജോലിക്കാരില്‍ പലരുടെയും അവസ്ഥ. കാലത്ത് അഞ്ച് മണിക്ക് ആരംഭിക്കുന്ന അവരുടെ ജോലി രാത്രി പത്തിനോ പന്ത്രണ്ടിനോ ആണ് അവസാനിക്കുന്നത്. ഇതിനിടയില്‍ അല്‍പ്പം വിശ്രമിക്കാന്‍ സമയം ലഭിക്കുന്നവര്‍ ചുരുക്കം. വീട് വൃത്തിയാക്കുക, വസ്ത്രങ്ങള്‍ അലക്കുക, ഭക്ഷണം പാകം ചെയ്യുക, ചെറിയ കുട്ടികളുടെയും പ്രായമായവരുടെയും പരിചരണം, കന്നുകാലി പരിചരണം, കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വരിക തുടങ്ങി വീട്ടിലെ ജോലികള്‍ മുഴുവന്‍ അവരുടെ തലയിലായിരിക്കും. തിരക്കിട്ട ഈ ജോലികള്‍ക്കിടയില്‍ എന്തെങ്കിലും ചെറിയൊരു അപാകത സംഭവിച്ചാല്‍ വീട്ടുടമയുടെ ശകാരവും പീഡനവും സഹിക്കുകയും വേണം. സ്ത്രീതൊഴിലാളികളെ തൊഴിലുടമകളും ഏജന്‍സികളും ചൂഷണം ചെയ്യുന്നതും പതിവാണ്. ഇന്ത്യയില്‍ ഏകദേശം അഞ്ച് ദശലക്ഷം ഗാര്‍ഹിക തൊഴിലാളികളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ഇത് 20 ദശലക്ഷത്തിനും 80 ദശലക്ഷത്തിനും ഇടയിലാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുണ്ട് ഈ ഗണത്തില്‍ ധാരാളം. പ്രയാസങ്ങള്‍ വകവെക്കാതെ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ പലരും തയ്യാറാകുന്നത് കുടുംബത്തിന്റെ നിലനില്‍പ്പ് കരുതി മാത്രമാണ്. നിരക്ഷരരും മെച്ചപ്പെട്ട തൊഴിലിന്റെ അഭാവത്തില്‍ വീട്ടുജോലി തിരഞ്ഞെടുക്കുന്നവരുമാണ് ഇവരില്‍ ഭൂരിഭാഗവും.
കൊവിഡ് കാലത്ത് കൂടുതല്‍ പ്രയാസകരമായിരുന്നു വീട്ടുജോലിക്കാരുടെ ജീവിതം. മഹാമാരി രാജ്യത്തെ ഭീതിയലാഴ്ത്തിയതോടെ ഒട്ടേറെ തൊഴിലുടമകള്‍ വീട്ടുവേലക്കാരെ പിരിച്ചുവിട്ടു. വര്‍ഷങ്ങളോളം ജോലി ചെയ്ത വീടുകളില്‍ നിന്ന് വെറും കൈയോടെ ഇറങ്ങിപ്പോരേണ്ടി വന്നു പലര്‍ക്കും. ഇവര്‍ പിന്നെ എങ്ങനെ ജീവിക്കുന്നു, മഹാമാരിയെ അതിജീവിച്ചോ തുടങ്ങി ഒരു വിവരവും വീട്ടുടമയോ ഭരണകൂടമോ അന്വേഷിച്ചില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അരിയും സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റും മാത്രമായിരുന്നു പലര്‍ക്കും ആശ്രയം. തൊഴില്‍ നഷ്ടപരിഹാരമായി നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമമനുസരിച്ച് മാസാന്തം 7,500 രൂപ നല്‍കണമെന്ന് തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെടുകയും ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും ബന്ധപ്പെട്ടവരില്‍ നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല.

യു എ ഇ, ഖത്വര്‍, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും മറ്റു പല വിദേശ രാഷ്ട്രങ്ങളിലും വീട്ടുജോലിക്കാരുടെ ക്ഷേമവും സുരക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമം ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലും ഇത്തരമൊരു നിയമ നിര്‍മാണത്തിന് നീക്കം നടന്നിരുന്നുവെങ്കിലും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. 2020ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് പഴയ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും ഏകീകരിക്കുകയും തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്, റിട്ടയര്‍മെന്റ് ഫണ്ട്, പ്രസവ സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡ് പാസ്സാക്കുകയും ചെയ്തുവെങ്കിലും വീടുകളെ ജോലി സ്ഥലമായി അംഗീകരിക്കാത്തതിനാല്‍ വീട്ടുജോലിക്കാര്‍ക്ക് ഇത് ഉപകാരപ്പെട്ടില്ല.

എന്നാല്‍ കേരളത്തില്‍ വീട്ടുജോലിക്കാരുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമാക്കിയുള്ള നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. അവര്‍ക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും പെന്‍ഷനും ഉറപ്പാക്കുന്ന “ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് (റെഗുലേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ആക്ടി’ന്റെ കരട് തയ്യാറായിക്കഴിഞ്ഞു. വീട്ടുവേലക്കാരെ തൊഴിലാളി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. തൊഴില്‍ സമയം, വേതനം, അവധി, ലീവ് ആനുകൂല്യം, വിശ്രമ സൗകര്യം, തൊഴില്‍ സുരക്ഷ, ആരോഗ്യം എന്നിവ ഉറപ്പാക്കുക, തൊഴില്‍ സമയവും അവധിയും തൊഴില്‍ക്കരാറില്‍ വ്യവസ്ഥ ചെയ്യുക, 15 വയസ്സില്‍ താഴെയുള്ളവരെ നിയമിക്കുന്നതിന് വിലക്ക്, 15നും 18നും ഇടയില്‍ പ്രായമുള്ളവരെ നിയമിക്കുമ്പോള്‍ രക്ഷിതാക്കളുടെ സമ്മതപ്പത്രം, ഏജന്‍സികള്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുക, ഇല്ലെങ്കില്‍ ഒരു വര്‍ഷം തടവോ 10,000 രൂപ പിഴയോ രണ്ടും ചേര്‍ന്നതോ ആയ ശിക്ഷ, ജോലിക്കാര്‍ക്ക് രജിസ്ട്രേഷന്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ്, 65 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പെന്‍ഷന്‍, പരാതികള്‍ പരിശോധിക്കാന്‍ അസി. ലേബര്‍ ഓഫീസറില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നിയമനം, തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തര്‍ക്കപരിഹാര കൗണ്‍സില്‍ രൂപവത്കരണം തുടങ്ങിയവയാണ് കരട് നിയമത്തിലെ നിര്‍ദേശങ്ങള്‍.

കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് സംസ്ഥാനമെങ്കിലും കടം വാങ്ങിയോ മറ്റു മാര്‍ഗേണയോ സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും അവരുടെ ആവശ്യങ്ങള്‍ മിക്കവാറും നിര്‍വഹിച്ചു കൊടുക്കുകയും ചെയ്യുന്നു. തൊഴില്‍ മേഖലയിലെ നിര്‍ണായക ഘടകമായ വീട്ടുജോലിക്കാരെ പക്ഷേ അവഗണിക്കുകയായിരുന്നു ഇതുവരെയും. വീട്ടുജോലിക്കാരുടെ അധ്വാന ഫലമായാണ് അവര്‍ ജോലി ചെയ്യുന്ന വീട്ടിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജോലിക്ക് പോകാനും സ്വന്തം കുടുംബത്തിന് ഉപജീവന മാര്‍ഗം കണ്ടെത്താനും കുട്ടികള്‍ക്ക് മികച്ച ഭാവി ഉറപ്പാക്കാനും കഴിയുന്നത്. എങ്കിലും വീട്ടുടമസ്ഥരോ സമൂഹമോ ഭരണകൂടമോ ഈ തൊഴിലിനൊരു മൂല്യവും കല്‍പ്പിക്കുന്നില്ല. ഈ വിഭാഗത്തിന്റെ വിയര്‍പ്പിന് ഒരു വിലയുമില്ല. ലോകതൊഴിലാളി സംഘടനയുടെ വിലയിരുത്തല്‍ അനുസരിച്ച്, ആഗോളതലത്തില്‍ വീട്ടുജോലിക്കാരില്‍ 60 ശതമാനവും ഒരുവിധ തൊഴില്‍ നിയമ പരിരക്ഷയും ലഭിക്കാത്തവരാണ്. ജോലി സമയം എട്ട് മണിക്കൂര്‍ എന്നത് ആഗോള നിയമമാണെങ്കിലും വീട്ടുജോലിക്കാരില്‍ ബഹുഭൂരിഭാഗത്തിനും ഈ സമയ വ്യവസ്ഥയില്ല. “ഡൊമസ്റ്റിക് വര്‍ക്കേഴ്സ് (റെഗുലേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ആക്ട്’ പ്രാബല്യത്തിലായാല്‍ സംസ്ഥാനത്തെ വീട്ടുജോലിക്കാരുടെ കാര്യത്തില്‍ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest