Connect with us

Story

ഇടംകൈയൻ

മഹാനഗരത്തിലേക്കുള്ള യാത്ര തീർച്ചപ്പെടുത്തിയപ്പോൾ തന്നെ മലബാറിലെ പല സൗഹൃദ മുഖങ്ങൾക്കിടയിലും മനോജിന്റെ മുഖമായിരുന്നു മനസ്സിലേക്ക് ആദ്യം തെളിഞ്ഞു വന്നത്. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലത്തിന് മുന്പുള്ള തന്റെ ജീവിതത്തെ നടുക്കിയ ആ അസാധാരണ സംഭവത്തെത്തുടർന്ന് മലബാറിലെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോയതും പിന്നെ ഇടയ്ക്കൊക്കെ നേരിൽ കാണുമ്പോഴൊക്കെ അയാളുടെ നാട്ടിലേക്കുള്ള ക്ഷണം ആവർത്തിച്ചുകൊണ്ടിരുന്നതും ഓർമയിലെത്തി.

Published

|

Last Updated

മഹാനഗരത്തിലേക്കുള്ള യാത്ര തീർച്ചപ്പെടുത്തിയപ്പോൾ തന്നെ മലബാറിലെ പല സൗഹൃദ മുഖങ്ങൾക്കിടയിലും മനോജിന്റെ മുഖമായിരുന്നു മനസ്സിലേക്ക് ആദ്യം തെളിഞ്ഞു വന്നത്. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലത്തിന് മുന്പുള്ള തന്റെ ജീവിതത്തെ നടുക്കിയ ആ അസാധാരണ സംഭവത്തെത്തുടർന്ന് മലബാറിലെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോയതും പിന്നെ ഇടയ്ക്കൊക്കെ നേരിൽ കാണുമ്പോഴൊക്കെ അയാളുടെ നാട്ടിലേക്കുള്ള ക്ഷണം ആവർത്തിച്ചുകൊണ്ടിരുന്നതും ഓർമയിലെത്തി.

“അച്ചായാ കോടഞ്ചേരിയ്ക്ക് വായോ…നമുക്ക് അടിച്ചുപൊളിക്കാം’..! ഇതായിരുന്നു സ്ഥിരം പല്ലവി.
ബസ് വളവുകൾ തിരിഞ്ഞ് കുന്ന് കയറി തുടങ്ങിയപ്പോഴേക്കും മിഴികളിലെ ആകാംക്ഷ ചെന്നെത്തേണ്ട ലക്ഷ്യസ്ഥാനത്തേക്ക് വളരെ മുന്പേ പാഞ്ഞുകൊണ്ടിരുന്നു. കുറച്ചു മുമ്പ് അനുഭവപ്പെട്ട മഹാനഗരത്തിലെ തിരക്കിലകപ്പെട്ടപ്പോഴുള്ള ചൂട് ഹൈറേഞ്ചിലെ തണുപ്പിലെപ്പോഴോ നന്നായി അലിഞ്ഞുചേർന്നു കഴിഞ്ഞിരുന്നു. ഹരീഷിനോടൊപ്പം ബസ് ഇറങ്ങി കണ്ണുകൾ മനോജിനെ ബസ് സ്റ്റോപ്പിൽ തിരയുമ്പോഴേക്കും നിറഞ്ഞ പുഞ്ചിരിയുമായി പകരമെത്തിയത് അയാളുടെ ഭാര്യ ഷേർലിയായിരുന്നു. നേരത്തെ ഓർഡർ ചെയ്ത ചിക്കൻ വാങ്ങാനായി ഷേർലി കടയിലേക്ക് കയറി. തൊട്ടടുത്ത് തെളിഞ്ഞുനിൽക്കുന്ന ചിതറിയ പാറക്കൂട്ടങ്ങളെ വലംവെച്ചും ചിലപ്പോഴൊക്കെ മെല്ലെ തഴുകിയും പതഞ്ഞൊഴുകിവരുന്ന ഇരുവഞ്ചി പുഴയുടെ സൗന്ദര്യം നുകർന്ന്‌ ഇരുകണ്ണുകളും ദൂരേക്കൊഴുകി. അങ്ങകലെ സഹ്യൻ തന്നിലേക്കെത്തുന്ന അപ്പൂപ്പൻതാടി കൂട്ടങ്ങളുടെ തഴുകലിൽ ഇക്കിളിപ്പെട്ടിട്ടും അതൊട്ടും പുറത്ത് കാണിക്കാതെ നെഞ്ചുവിരിച്ച് ഒരു യോദ്ധാവിനെപ്പോലെ നിൽക്കുന്നതായി മിഴികൾ അപ്പോൾ കഥ പറഞ്ഞു തന്നു.

ഷേർലി കയറ്റിവിട്ട ഓട്ടോറിക്ഷയിലുള്ള യാത്ര പുരോഗമിക്കുന്തോറും റോഡുകൾക്ക് വീതി കുറഞ്ഞു വന്നു. എന്നാൽ കയറ്റങ്ങളും വളവുകളുമാകട്ടെ കൂടിക്കൂടിയും വന്നുകൊണ്ടുമിരുന്നു. ഓട്ടോറിക്ഷ മനോജിന്റെ വീട്ടുമുറ്റത്ത് എത്തിയപ്പോഴേക്കും ഷേർലി സ്കൂട്ടറിൽ പിറകെ എത്തി. അവരുടെ മകൾ ചിന്നു മുൻവാതിൽ തുറന്ന് പുഞ്ചിരിപൊഴിച്ചു. അതിശയപ്പെടുത്തിയ അവരുടെ വലിയ വീടിനെ ചുറ്റിപ്പറ്റി നിന്ന ചിന്തകൾ കുറെക്കാലം പുറകോട്ടുകൊണ്ടുപോയി.
“അച്ചായാ….ഒരു ചെറിയ ഷെഡ്ഡ് വച്ച് അങ്ങ് താമസമായി’
മനോജിൽ നിന്നും മുന്പ് എപ്പോഴോ പുറത്ത് വന്ന നിസ്സഹായവസ്ഥ, കഠിനാധ്വാനത്തിലൂടെയും ആരോടൊക്കെയുള്ള ഒരു വെല്ലുവിളിപോലെയും ഭംഗിയുള്ള വീടായി കൺമുന്നിൽ ഇപ്പോൾ ഉയർന്നു നിൽക്കുന്നത് കാണുമ്പോൾ മനസ്സിലേക്ക് കയറിവന്ന സന്തോഷം അതിരുകൾ തേടിയിറങ്ങി.
“എന്നെക്കാളും കൂടുതൽ വീട് വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നത് മനോജാണ് ‘ ഷേർലിയുടെ മറുപടി പ്രതീക്ഷിച്ചതിലും മുന്പേ എത്തി.
കുളിയെല്ലാം കഴിഞ്ഞ് ചൂട് ചായയിൽ ചെറുതായി തണുപ്പകറ്റിയപ്പോഴേക്കും ഒരു വണ്ടിയുടെ ശബ്ദം കേട്ടു തുടങ്ങി. പച്ച നാലുവീലുള്ള സ്വന്തം ഓട്ടോ-ടാക്സിയിൽ മനോജ് തന്റെ വരവറിയിച്ചു.

“അച്ചായാ എന്നാ ഉണ്ട് വിശേഷം.. ഞങ്ങടെ നാടൊക്കെ ഇഷ്ടപ്പെട്ടോ….?
കാക്കി ഷർട്ടൊക്കെയിട്ട് ചിരിച്ചുകൊണ്ട് കയറി വന്ന മനോജിന്റെ പെരുമാറ്റം സന്ദർഭോചിതമായി മനസ്സിൽ ഒരു പോസിറ്റീവ് ഊർജം പകർന്നുതന്നു.
കുറച്ചുനേരത്തെ കുശലം പറച്ചിലിനുശേഷം വീണ്ടും അപ്രത്യക്ഷനായ മനോജിനെ തിരക്കിച്ചെന്നപ്പോൾ രണ്ട് തേങ്ങകളെ പൂർണമായും തൊണ്ട്‌ ഇളക്കിമാറ്റിയ ശേഷം മൂന്നാമത്തെ തേങ്ങ തന്റെ ഇടംകൈ പ്രയോഗത്താൽ ക്ഷണ നേരത്തിൽ നഗ്നരൂപം പ്രാപിക്കുന്നതും കണ്ട് വിസ്മയിക്കാതിരിക്കാൻ കഴിഞ്ഞില്ല . വീണ്ടും അത്ഭുതപ്രവൃത്തികൾ ഓരോന്നായി ഷേർലിയുടെ സാന്നിധ്യത്തിൽ തന്നെ അയാളിൽ നിന്നും പുറത്തേക്കൊഴുകി. സ്വന്തം വീടിന്റെ തേപ്പ് ജോലി, തറയിലെ ടൈൽസ് പാകി മിനുക്കൽ, പട്ടിക്കൂട് നിർമാണം, വർക്ക് ഏരിയ പൂർത്തിയാക്കിയത് തുടങ്ങി മനോജിന്റെ ഇടംകൈയുടെ വേഗതയും പാകതയും ഭംഗിയും പ്രകടമാക്കി അവയൊക്കെ വിസ്മയക്കാഴ്ചകളായി മുന്നിൽ നിരന്നുനിന്നു.
രാവിലെ മടങ്ങിപ്പോകാനായി നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നെങ്കിലും മനോജിന്റെ ഇടംകൈ മാഹാത്മ്യത്തെക്കുറിച്ചുള്ള ചിന്തകൾ യാത്രാ ക്ഷീണത്തിന്റെ പാരമ്യത്തിലും ഉറക്കത്തെ കൂടുതൽ വൈകിപ്പിച്ചു. തൊട്ടപ്പുറത്തെ കട്ടിലിൽ മനോജിനെ യാതൊരു പരിചയവുമില്ലാത്ത ഹരീഷ് വളരെ മുന്പേ ഉറക്കത്തിലേക്കെത്തിയിരുന്നു.

മുറ്റം തൂക്കുന്ന ശബ്ദം കേട്ടുണർന്ന പ്രഭാതത്തിൽ മനോജ് ഇടം കൈകൊണ്ടുള്ള തന്റെ അത്ഭുതപ്രവൃത്തികൾ ഓരോന്നായി വീണ്ടും പുറത്തെടുത്തു കൊണ്ടേയിരുന്നു. ഷേർലിയെ അടുക്കളയിൽ സഹായിക്കൽ, പട്ടിയെ കുളിപ്പിക്കൽ ഇവയെല്ലാം പൂർത്തിയാക്കി കുളിച്ച് ഭക്ഷണവും കഴിച്ച് വണ്ടിയുടെ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു.

“അച്ചായാ പെട്ടെന്ന് വായോ…. ഇപ്പോൾ ഒരു ബസ് ഉണ്ട് അവിടേക്ക് കൊണ്ട് വിടാം ‘ മനോജ് തിടുക്കപ്പെട്ടു.
വളവും തിരിവും കയറ്റവും ഇറക്കവുമുള്ള ഏതാണ്ട് എട്ടു കിലോമീറ്റർ ദൂരം മനോജിന്റെ ഡ്രൈവിംഗ് ചാരുത അടുത്തറിഞ്ഞു. ഹരീഷിനോടൊപ്പം അടിവാരം ബസ് സ്റ്റോപ്പിൽ ചെന്നിറങ്ങുമ്പോൾ മനോജിന് അടുത്ത ഓട്ടത്തിനുള്ള ഫോൺകോൾ എത്തിയിരുന്നു.
“ശരിക്കും മനുഷ്യന് ഒരു കൈയുടെ ആവശ്യമേയുള്ളു അല്ലേ.. മനോജേ ….? എന്ന ചോദ്യത്തിന് നിറഞ്ഞ ഒരു ചിരി ഉത്തരമായി നൽകി യാത്ര പറയാനൊരുങ്ങുമ്പോൾ മനോജിന്റെ വലതുകൈയുടെ ഭാഗത്തെ വലിയ ശൂന്യതയെ കാറ്റത്ത് ആടിക്കളിക്കുന്ന കാക്കിഷർട്ടിന്റെ വലതുകൈ മറയ്ക്കാനുള്ള ഒരു പാഴ്ശ്രമം നടത്തി. ഒറ്റകൈയൻമാരായ ഗോവിന്ദ ചാമിമാരുടെ ക്രൂര മുഖങ്ങൾ സമൂഹത്തിൽ ഇതുപോലുള്ള മനോജുമാർ തന്നിലെ നന്മ ഉപയോഗിച്ച് മായിക്കുന്നതായി ചിന്തയിലേക്കെത്തി.

കോൺക്രീറ്റ് മിക്സ്‌ചർ മെഷീനിൽ കുടുങ്ങി തന്റെ വലതു കൈ നഷ്ടപ്പെട്ട് ആകെ നിരാശയുടെ കരിപുരണ്ട മനസ്സുമായി ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമൊത്ത് മലബാറിലേക്ക് തിരിച്ചെത്തിയ മനോജിന്റെ ജീവിതകഥ മഹാനഗരത്തിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസിലിരുന്ന് ഹരീഷിനോട് പങ്കുവെക്കുമ്പോൾ അങ്ങ് ദൂരെയൊരു ഓട്ടോ-ടാക്സി പച്ച കുഞ്ഞുപൊട്ടായി പുതിയ ഏതോ യാത്രക്കാരനേയും പേറി പശ്ചിമഘട്ടത്തെ സാക്ഷിയാക്കി മനസ്സിലെ പാതയിലൂടെ അതിവേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു.

Latest