Connect with us

National

ആര്‍ത്തവ ദിവസങ്ങളില്‍ ശമ്പളത്തോടു കൂടിയ അവധി നല്‍കണം; സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്

Published

|

Last Updated

ന്യൂഡല്‍ഹി| ആര്‍ത്തവ ദിവസങ്ങളില്‍ അവധി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ആര്‍ത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആര്‍ത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ആര്‍ത്തവ സമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് നടത്തിയ പഠനത്തെ ഉദ്ധരിച്ച് ഹര്‍ജിയില്‍ പറയുന്നു. ആര്‍ത്തവ വേദന ജീവനക്കാരിയുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്ളൈമൈബിസ്, ഗോസൂപ്പ് എന്നീ രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം തുല്യതയ്ക്കുള്ള അവരുടെ അവകാശത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാരി വാദിച്ചു.

 

Latest