Connect with us

Kerala

കെ എം ഷാജിക്കെതിരെ ലീഗ് പ്രവര്‍ത്തക സമിതിയില്‍ രൂക്ഷ വിമര്‍ശനം

ചില നേതാക്കളെ ഷാജി പതിവായി അപമാനിക്കുന്നു; ഷാജിയെ കയറൂരിവിടരുതെന്ന് നേതാക്കള്‍

Published

|

Last Updated

മലപ്പുറം | മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരെ രൂക്ഷവിമര്‍ശം. ഷാജിയെ ഇങ്ങനെ കയറൂരി വിടരുതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കിട്ടുന്ന വേദികളിലെല്ലാം ഷാജി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. ചില നേതാക്കളെ ഒറ്റതിരിഞ്ഞ് വിമര്‍ശിക്കുകയും പതിവായി അപമാനിക്കുകയും ചെയ്യുന്നു.  പാര്‍ട്ടി വേദികളില്‍ അല്ലാതെ പാര്‍ട്ടിക്കെതിരെ ഷാജി വിമര്‍ശനം ഉന്നയിക്കുന്നു. ഇനിയും ഇത്തരം നടപടി തുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

സഊദിയിലെ ഒരു പരിപാടിയില്‍ പോലും പ്രധാന നേതാക്കളെ ഉന്നം വെക്കുന്ന രീതിയില്‍ ഷാജി പ്രസംഗിച്ചു. ചാനല്‍ അഭിമുഖങ്ങളിലും ഇത് തുടര്‍ന്നു. ലീഗിന്റെ ഉന്നതാധികാര സമിതി എന്ന ബോഡി ഭരണഘടനാനുസൃതമല്ലെന്ന വിമര്‍ശനമടക്കം ഷാജിയുടെ ഭാഗത്തുണ്ടായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.  വ്യവസായി എം എ യൂസഫലിക്കെതിരെ ഷാജി നടത്തിയ വിമര്‍ശനവും അനാവശ്യമായിരുന്നുവെന്ന് മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഷാജി അനുകൂലികളും കുഞ്ഞാലിക്കുട്ടി അനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഷാജിക്കൊപ്പമുള്ള കെ എസ് ഹംസക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതേ നടപടി ഷാജിക്ക് നേരെയും ഉണ്ടാകണമെന്ന് പാര്‍ട്ടിയില്‍ നേരത്തേ തന്നെ ആവശ്യമുയര്‍ന്നിരുന്നെങ്കിലും നടപടിയായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ കെ എം ഷാജിക്കെതിരെ വിമര്‍ശനമുണ്ടായത്.

നേരത്തേ തന്നെ അച്ചടക്കലംഘനം നിരീക്ഷിക്കാനും മറ്റുമായി ലീഗ് ഒരു സമിതിക്ക്  രൂപം നല്‍കിയിരുന്നു. ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല. ഇത് പൂര്‍ണതോതില്‍ കാര്യക്ഷമമാക്കാന്‍ ഇന്നത്തെ പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി. ഒരു ചെയര്‍മാനും നാലംഗങ്ങളുമായിരിക്കും സമിതിയിലുണ്ടാവുക. പത്ര,ദൃശ്യ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിമര്‍ശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് സാദിഖലി തങ്ങള്‍ യോഗത്തില്‍ അറിയിച്ചു.