Connect with us

Kerala

സംവരണ നഷ്ടം ലീഗ് പഠിക്കുന്നു; മുനീറിന് ചുമതല

Published

|

Last Updated

കോഴിക്കോട് | വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ നിലവിലുള്ള സംവരണ ക്വാട്ട അട്ടിമറിക്കപ്പെടുന്ന രീതിയിലുള്ള സര്‍ക്കാര്‍ നടപടികള്‍ സംവരണ സമുദായങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിലയിരുത്തി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണ തോതില്‍ വരുന്ന കുറവുകളെക്കുറിച്ച് വിശദമായി പഠിക്കുന്നതിനും ആവശ്യമായ പഠനത്തിനും ഡോ. എം കെ മുനീറിനെ യോഗം ചുമതലപ്പെടുത്തി. പഠനത്തിന് ശേഷം ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ലോകായുക്ത വിധി സ്വീകരിക്കാനും തള്ളിക്കളയാനും മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ യു ഡി എഫ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച വഖ്ഫ് സംരക്ഷണ സമര പരിപാടികള്‍ കൊവിഡ് സാഹചര്യം മാറുമ്പോള്‍ ശക്തമായി തുടരും. കലക്ടറേറ്റുകള്‍ക്കും നിയമസഭക്കും മുന്നിലുള്ള സമര പരിപാടികളാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിന് മുന്നോടിയായി നിയമസഭ തുടങ്ങുന്ന ദിവസം എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമര പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കും. ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു.

 

Latest