Connect with us

Articles

ഹിജാബ് നിരോധനത്തിലെ നിയമവും രാഷ്ട്രീയവും

ഇന്ത്യന്‍ ഭരണഘടനയുടെ 14, 25 അനുഛേദങ്ങള്‍ യഥാക്രമം വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളായ തുല്യതക്കും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ നിഷേധിക്കുന്ന നീക്കമാണ് ഹിജാബ് നിരോധനം. പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിലും മത ജീവിതം നയിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിലും ഇടപെടാന്‍ ഭരണകൂടത്തിന് അവകാശമുള്ളത് പൊതുസമാധാന ക്രമം, സാമൂഹിക ധാര്‍മികത, സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പ് എന്നിവയെ അത് പ്രതികൂലമായി ബാധിക്കുമ്പോള്‍ മാത്രമാണ്. മുസ്ലിം വിദ്യാര്‍ഥിനികളുടെ ശിരോവസ്ത്രം ഒരു നിലയിലും സാമൂഹിക സുരക്ഷിതത്വത്തെയോ ധാര്‍മികതയെയോ സമൂഹത്തിന്റെ ആരോഗ്യകരമായ സഹവര്‍ത്തിത്വത്തെയോ അപകടപ്പെടുത്തുന്നതല്ല.

Published

|

Last Updated

‘ഞാനൊരു ഏകാധിപതി ആയിരുന്നെങ്കില്‍ മതത്തെയും സ്റ്റേറ്റിനെയും പ്രത്യക്ഷത്തില്‍ വേര്‍തിരിക്കുകയും എന്റെ മതവിശ്വാസത്തിന് മേല്‍ ഞാന്‍ പ്രതിജ്ഞാബദ്ധനായിരിക്കുകയും ചെയ്യും. അതിനായി മരണം വരിക്കാനും ഞാന്‍ തയ്യാറാകും. എന്നാല്‍ ഇവിടെ മതം എന്റെ വ്യക്തിപരമായ സംഗതിയാണ്. സ്റ്റേറ്റിന് അതില്‍ ഒന്നും ചെയ്യാനില്ല. നിങ്ങളുടെ മതേതര ക്ഷേമം, ആരോഗ്യം, വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍, വിദേശ ബന്ധങ്ങള്‍, നാണയ വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിലായിരിക്കണം സ്റ്റേറ്റിന്റെ ശ്രദ്ധ. നിങ്ങളുടെയോ എന്റെയോ മതത്തിലാകരുത്. അത് ഓരോരുത്തരുടെയും വ്യക്തിപരമായ വിഷയമാണ്’- പൗരന്റെ അടിസ്ഥാന അവകാശങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഒരു മതനിരപേക്ഷ സമൂഹത്തിലെ ഭരണകൂട കര്‍ത്തവ്യമെന്തെന്ന് ചൂണ്ടിക്കാട്ടുകയാണിവിടെ മഹാത്മാ ഗാന്ധി. മതത്തിനും ഭരണകൂട കാര്‍മികത്വത്തില്‍ അരങ്ങേറുന്ന സെക്യുലര്‍ വ്യവഹാരങ്ങള്‍ക്കുമിടയില്‍ വേര്‍തിരിവിന്റെ കൃത്യമായ രേഖ വേണമെന്ന് കൂടെ മേല്‍ വരികള്‍ക്കിടയിലുണ്ട്. ഭൂരിപക്ഷ വരേണ്യതയുടെ പ്രഘോഷണങ്ങളായി മതനിരപേക്ഷ രാജ്യത്തെ ഭരണകൂടത്തിന്റെ ചടങ്ങുകള്‍ മാറാതിരിക്കുക കൂടി വേണമല്ലോ.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ സര്‍ക്കാര്‍ വനിതാ കോളജില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം നിഷേധിക്കുന്ന അധികൃതരുടെ നടപടിയെ പൗരന്റെ മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായി വേണം പ്രാഥമികമായി അഡ്രസ്സ് ചെയ്യാന്‍. ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ കഴിഞ്ഞ ഡിസംബര്‍ 28 മുതല്‍ കോളജില്‍ കയറ്റാത്ത നടപടിയെ ഒരു മുസ്ലിം പ്രശ്നമായല്ല കാണേണ്ടത്. പ്രത്യുത, മുസ്ലിം എന്നതിനപ്പുറം എല്ലാതരം പൗരന്‍മാരുടെയും വിശ്വാസ സ്വാതന്ത്ര്യത്തിലേക്കുള്ള ഫാസിസ്റ്റ് ഭരണകൂട അധിനിവേശത്തെ കുരിശിലേറ്റുന്ന മനോനിലയാണ് ജനാധിപത്യ മതനിരപേക്ഷ സമൂഹത്തെ നയിക്കേണ്ടത്. ആ പൗരസഞ്ചയത്തിലെ അംഗങ്ങളാണ് ഓരോ മുസ്ലിമും എന്ന മനോഭാവമാണ് വേണ്ടത്.

ന്യൂനപക്ഷാവകാശങ്ങളെ നമ്മുടെ ഭരണഘടനയിലെ തന്നെ മൗലികാവകാശങ്ങള്‍ സവിശേഷമായി അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഹിജാബ് നിരോധനം നിരുപാധിക പൗരാവകാശ ലംഘനമായാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഭരണകൂടത്തിന്റെ മതാഭിമുഖ്യവും അതിന്റെ സെക്യുലര്‍ വ്യവഹാരങ്ങളും വേറിട്ട് നില്‍ക്കണം എന്ന് ഊന്നിപ്പറയുന്നതിന്റെ സാംഗത്യം അവിടെയാണ് തെളിയുന്നത്. ദക്ഷിണേന്ത്യയിലെ പ്രബല വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രാഷ്ട്രീയ അജന്‍ഡ വെളിപ്പെടുത്തുന്നതാണ് ഹിജാബ് നിരോധന ശ്രമങ്ങള്‍. ഭൂരിപക്ഷ യുക്തികളെ സാമൂഹിക മുഖ്യധാരയില്‍ പ്രതിഷ്ഠിച്ച് മുസ്ലിമെന്ന അപരത്വത്തെ നിര്‍മിക്കുന്നതാണത്. ഭൂരിപക്ഷ മുഖ്യധാരാ ജീവിതത്തിന്റെ നടത്തിപ്പുകാരായി ചമയുന്ന ഫാസിസ്റ്റ് ഭരണകൂടം ന്യൂനപക്ഷ മുസ്ലിംകളെ അന്യവത്കരിക്കുന്നതിലെ ആര്‍ എസ് എസ് അജന്‍ഡയെ രാഷ്ട്രീയമായി വിചാരണ ചെയ്യേണ്ടത് തന്നെയാണ്. അതേസമയം, ഹിജാബ് ധരിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നത് വൈജാത്യങ്ങള്‍ക്ക് ഇടം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന, ഉറപ്പുനല്‍കുന്ന മൗലികാവകാശ ലംഘനമായി പരിശോധിക്കാനുള്ള ആത്മവിശ്വാസം ജനാധിപത്യ മതനിരപേക്ഷ സമൂഹം വലിയ തോതില്‍ പ്രകടിപ്പിക്കേണ്ട സമയമാണിത് എന്നാണ് പറഞ്ഞുവരുന്നത്. ആ നിലയില്‍ ഹിജാബ് നിരോധനത്തിലെ പൗരാവകാശ ലംഘനത്തെ ഭരണഘടനാപരമായി സമീപിക്കുകയാണിവിടെ ചെയ്യുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ 14, 25 അനുഛേദങ്ങള്‍ യഥാക്രമം വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളായ തുല്യതക്കും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ നിഷേധിക്കുന്ന നീക്കമാണ് ഹിജാബ് നിരോധനം. പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിലും മത ജീവിതം നയിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിലും ഇടപെടാന്‍ ഭരണകൂടത്തിന് അവകാശമുള്ളത് പൊതുസമാധാന ക്രമം, സാമൂഹിക ധാര്‍മികത, സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പ് എന്നിവയെ അത് പ്രതികൂലമായി ബാധിക്കുമ്പോള്‍ മാത്രമാണ്. മുസ്ലിം വിദ്യാര്‍ഥിനികളുടെ ശിരോവസ്ത്രം ഒരു നിലയിലും സാമൂഹിക സുരക്ഷിതത്വത്തെയോ ധാര്‍മികതയെയോ സമൂഹത്തിന്റെ ആരോഗ്യകരമായ സഹവര്‍ത്തിത്വത്തെയോ അപകടപ്പെടുത്തുന്നതല്ല. മാത്രമല്ല ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) പ്രകാരം മതശാസന അനുസരിച്ചുള്ള വസ്ത്രം തിരഞ്ഞെടുക്കാനുള്ള മുസ്ലിം സ്ത്രീയുടെ അവകാശമാണത്. പരമോന്നത നീതിപീഠം മത സംബന്ധിയായി രൂപപ്പെടുത്തിയ അത്യന്താപേക്ഷിത മതാചാര സിദ്ധാന്തത്തിന്റെ ഭാഗമാണ് മുസ്ലിം സ്ത്രീകളുടെ ശിരോവസ്ത്രം എന്ന് വരുമ്പോള്‍ അവിതര്‍ക്കിതമായ കാര്യമാണത്.

1954ലെ പ്രസിദ്ധമായ ശിറൂര്‍ മത്ത് കേസിലാണ് അത്യന്താപേക്ഷിത മതാചാരം എന്താണെന്നതിന് സുപ്രീം കോടതി വിശദീകരണം നല്‍കിയത്. നമ്മുടെ ഭരണഘടനയിലെ മതസ്വാതന്ത്ര്യം വിശ്വാസ സ്വാതന്ത്ര്യം മാത്രമല്ലെന്നും അത് മതപരമായ കര്‍മങ്ങളിലേക്ക് വികസിക്കുന്നതാണെന്നും പ്രസ്തുത കേസിന്റെ വിധിയില്‍ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി. വിശ്വാസം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ പൊതുവില്‍ മതത്തിന്റെ അത്യന്താപേക്ഷിത ഘടകങ്ങളാണ്. ഓരോ മതത്തിന്റെയും മേല്‍ പ്രസ്താവിത ഘടകങ്ങള്‍ അത്യന്താപേക്ഷിത മതാചാരമാണോ എന്ന് നിര്‍ണയിക്കുന്നത് മത പ്രമാണങ്ങള്‍, മതപരമായ വ്യവഹാരങ്ങള്‍, അടിസ്ഥാന തത്വങ്ങള്‍, ചരിത്ര പശ്ചാത്തലം തുടങ്ങിയ കാര്യങ്ങള്‍ പരിഗണനക്കെടുത്ത് കൊണ്ടാണ്.
1961ലെ ദര്‍ഗ കമ്മിറ്റി അജ്മീര്‍ കേസിലുള്‍പ്പെടെ മറ്റു പല നിയമ വ്യവഹാരങ്ങളിലും പരമോന്നത നീതിപീഠം ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ അരങ്ങേറുന്ന അന്ധവിശ്വാസങ്ങള്‍ക്ക് ഭരണഘടനയുടെ 25, 26 അനുഛേദങ്ങളുടെ അടിസ്ഥാനത്തിലുള്ള സംരക്ഷണം ഉണ്ടാകില്ലെന്ന് വിവിധ വിധിപ്രസ്താവങ്ങളില്‍ സുപ്രീം കോടതി ഉണര്‍ത്തിയതും ഇവിടെ പ്രസ്താവ്യമാണ്. അപ്പോഴും ഭരണഘടനാ ധാര്‍മികതയുടെ വ്യാഖ്യാനങ്ങളില്‍ മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അവഗണിക്കപ്പെടുന്നത് ഉചിതമല്ല. ഇന്ത്യയെപ്പോലെ ബഹുസ്വരവും മതനിരപേക്ഷവുമായ സമൂഹത്തിലെ ഭരണഘടനാ ധാര്‍മികത ഭരണഘടന തന്നെ അനുവദിക്കുന്ന തരത്തില്‍ വിവിധ മത ജാതി വിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കുക എന്നതാണ്. ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കര്‍ ഭരണഘടനാ ധാര്‍മികതക്ക് നല്‍കിയ ആഴമേറിയ വിശദീകരണങ്ങളില്‍ അത് കാണാവുന്നതാണ്.

 

Latest