Connect with us

Editorial

കൊള്ളനിരക്കിന് വഴി തേടി കെ എസ് ഇ ബി

രാത്രി സമയത്ത് കൂടുതൽ നിരക്ക് ഈടാക്കി കൊവിഡിൽ നടുവൊടിഞ്ഞ തങ്ങളെ എന്തിന് കഷ്ടപ്പെടുത്തണമെന്നാണ് സാധാരണക്കാരായ ഉപഭോക്താക്കളുടെ ചോദ്യം.

Published

|

Last Updated

കെ എസ് ഇ ബി പിന്നെയും ഉപഭോക്താക്കളെ കൊള്ളയടിക്കാൻ വഴിയന്വേഷിക്കുന്നു. സംസ്ഥാനത്ത് രാത്രി വൈദ്യുതി ഉപയോഗത്തിന് അധിക ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് കെ എസ് ഇ ബിയെന്നാണ് വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന വൈകുന്നേരം ആറ് മുതൽ രാത്രി പത്ത് വരെ (പീക് അവർ)അധിക നിരക്ക് ഈടാക്കുന്ന ടി ഒ ഡി (ടൈം ഓഫ് ദ ഡേ) താരിഫ് രീതി സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കൾക്കും ബാധകമാക്കാനാണ് നീക്കം.

നിലവിൽ മാസം 500 യൂനിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന സമ്പന്നരായ ഗാർഹിക ഉപയോക്താക്കൾക്ക് മാത്രമാണ് ഈ രീതിയിൽ നിരക്ക് രേഖപ്പെടുത്തുന്നത്. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തുകയാണ് മറ്റു ഗാർഹിക ഉപഭോക്താക്കൾക്കും ഇതു ബാധകമാക്കുന്നിതിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ചു ഇക്കാര്യത്തിൽ താമസിയാതെ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി നിരക്ക് കൂട്ടാനായി ഡിസംബർ അവസാനം വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കെ എസ് ഇ ബി നൽകുന്ന അപേക്ഷയിൽ ഈ ശിപാർശ കൂടി ഉൾപ്പെടുത്തുന്നതിനുള്ള ആലോചന സജീവമാണ്. വീടുകളിലെ വൈദ്യുതി ഉപയോഗത്തിന്റെ 80- 90 ശതമാനവും പീക് അവറിലായതിനാൽ, നിരക്കു വർധന നടപ്പിലായാൽ ഓരോ ഗാർഹിക ഉപഭോക്താവിന്റെയും വൈദ്യുതി ബിൽ തുക വലിയതോതിൽ ഉയരും.

ആഭ്യന്തര ഉപയോഗത്തിന് മതിയായത്ര വൈദ്യുതി സംസ്ഥാനത്ത് ഉത്പാദിപ്പിക്കാത്തതിനാൽ പുറത്തു നിന്നുയർന്ന നിരക്കിൽ വൈദ്യുതി വാങ്ങി കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകി വരികയാണ്. അതിന്റെ നഷ്ടം നികത്താനും ശമ്പള വർധനമൂലം ബോർഡിനുണ്ടായ അധിക ബാധ്യതക്ക് പരിഹാരവുമായാണ് രാത്രികാല വൈദ്യുതിക്ക് അധിക നിരക്ക് ഏർപ്പെടുത്താനുള്ള നീക്കം. വൻ ശമ്പള വർധനവാണ് കെ എസ് ഇ ബിയിൽ ഇത്തവണ നടപ്പാക്കിയത്. അസി. എക്‌സി. എൻജിനീയർ തസ്തികയിലുള്ളയാൾക്ക് ഒറ്റയടിക്ക് 28,820 രൂപയാണ് കൂടിയത്. മറ്റ് തസ്തികകളിലെയും സ്ഥിതി ഇതുതന്നെ. ഇതുവഴി പ്രതിമാസം 41 കോടിയോളം രൂപയുടെ അധിക ബാധ്യത ബോർഡിന് വന്നുചേർന്നു. പ്രതിവർഷ അധിക ബാധ്യത 500 കോടി രൂപയാകും. പെൻഷൻ വർധന കൂടി കണക്കിലെടുത്താൽ ഇത് 750 കോടിയിലെത്തും.
ഇത്തവണ സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും കൂടുതൽ മഴ ലഭിച്ച സാഹചര്യത്തിൽ കെ എസ് ഇ ബി മികച്ച തോതിൽ വൈദ്യുതി ഉത്പാദിപ്പിച്ചു പുറത്തേക്ക് വിറ്റു ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. കൽക്കരി ക്ഷാമം മൂലം രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ ഒക്ടോബറിൽ പോലും വൈദ്യുതി ബോർഡ് 161.36 കോടി രൂപക്ക് വൈദ്യുതി വിൽക്കുകയുണ്ടായി. ഇതേമാസം പുറത്തു നിന്നു വൈദ്യുതി വാങ്ങാൻ വിനിയോഗിക്കേണ്ടി വന്നത് 12.07 കോടി രൂപ മാത്രവും. നവംബർ 17 വരെ 65.17 കോടി രൂപക്ക് വൈദ്യുതി വിറ്റ കെ എസ് ഇ ബി, പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ ചെലവിട്ടത് 39.68 ലക്ഷം രൂപ മാത്രമാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിച്ച പീക് അവറിൽ പോലും കെ എസ് ഇ ബി പുറത്തു വൈദ്യുതി വിൽക്കുന്നുണ്ട്. യൂനിറ്റിന് 3.35 രൂപക്കാണ് ഈ സമയത്തെ വൈദ്യുതി വിൽപ്പന.

അതേസമയം സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് അതിനേക്കാൻ രണ്ടും മൂന്നും മടങ്ങ് തുക ഈടാക്കുകയും ചെയ്യുന്നു. ഇത്തവണ ലഭിച്ച കനത്ത മഴയിൽ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ എല്ലാ ജലവൈദ്യുതി നിലയങ്ങളിലും മുഴുവൻ സമയ വൈദ്യുതി ഉത്പാദനം നടന്നുകൊണ്ടിരിക്കുകയാണ്. സമീപകാലത്തെങ്ങും ക്ഷാമം ഉണ്ടാകാകാത്ത വിധം അണക്കെട്ടുകളിൽ വെള്ളവുമുണ്ട്. പിന്നെയെന്തിന് രാത്രി സമയത്ത് കൂടുതൽ നിരക്ക് ഈടാക്കി കൊവിഡിൽ നടുവൊടിഞ്ഞ തങ്ങളെ കഷ്ടപ്പെടുത്തണമെന്നാണ് സാധാരണക്കാരായ ഉപഭോക്താക്കളുടെ ചോദ്യം.

മീറ്റർ റീഡിംഗ് വൈകിപ്പിച്ചു ഉപഭോക്താക്കൾക്കുമേൽ കെ എസ് ഇ ബി അമിത ബില്ല് ചുമത്തുന്നതായി പരാതി വ്യാപകമാണ്. 60 ദിവസത്തിനകം എടുക്കേണ്ട മീറ്റർ റീഡിംഗ് പലപ്പോഴും ഒരാഴ്ച വൈകിയാണ് എടുക്കുന്നത്. ഇത് ഉപഭോക്താക്കളുടെ സ്ലാബിൽ മാറ്റം വരാൻ ഇടയാക്കുകയും ഉയർന്ന സ്ലാബിന്റെ ചാർജ് അടയ്ക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ പലയിടങ്ങളിലും വൈദ്യുതി ബോർഡിന്റെ മീറ്റർ റീഡിംഗ് താളം തെറ്റിയ നിലയിലാണ്.

ലോക്ക്ഡൗൺ കാലത്ത് റീഡിംഗ് എടുക്കാൻ സാധിക്കാത്തിനെ തുടർന്ന് നാല് മാസത്തെ ബിൽ ഒന്നിച്ചു നൽകിയത് മൂലം പല ഉപഭോക്താക്കൾക്കും വന്ന അധിക ബാധ്യത താങ്ങാവുന്നതിലപ്പുറമായിരുന്നു. പിന്നീട് ചെറുകിട ഉപഭോക്താക്കൾക്ക് അക്കാലത്തെ ബിൽ തുകയിൽ 20 ശതമാനം സബ്‌സിഡി അനുവദിച്ചെങ്കിലും അവർക്ക് വന്ന നഷ്ടം നികത്താൻ അത് പര്യാപ്തമായിരുന്നില്ല. ഉത്പാദനച്ചെലവ് കുറഞ്ഞ ജലപദ്ധതികൾ വഴിയാണ് കേരളം വൈദ്യുതിയിൽ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നത്.

അതേസമയം, ഉത്പാദനച്ചെലവ് കൂടിയ താപനിലയങ്ങൾ മുഖേനയാണ് തമിഴ്‌നാട്, ആന്ധ്ര പോലുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വൈദ്യുതി ഉത്പാദനത്തിൽ കൂടുതലും. എന്നിട്ടും ഈ സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ചു വൈദ്യുതി നിരക്ക് കുറവാണ്. കേരളത്തിൽ 60 യൂനിറ്റ് വരെ മാത്രമാണ് വൈദ്യുതി സൗജന്യം. അതിനേക്കാൾ ഒരു യൂനിറ്റ് കൂടുതൽ ഉപയോഗിച്ചാൽ ആ സൗജന്യവും ലഭിക്കില്ല. ഉപയോഗിച്ച മൊത്തം യൂനിറ്റിനും പണം നൽകേണ്ടി വരും. തമിഴ്‌നാട്ടിൽ ആദ്യ നൂറ് യൂനിറ്റ് എല്ലാവർക്കും സൗജന്യമാണ്.

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല. 100 യൂനിറ്റിന് മേൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രമാണ് വില നൽകേണ്ടത്. പ്രവർത്തന രംഗത്തെ മികവിലൂടെയും ഭരണപരമായ കാര്യക്ഷമതയിലൂടെയുമാണ് അയൽ സംസ്ഥാനങ്ങൾ ഇതു സാധ്യമാക്കുന്നത്. കെ എസ് ഇ ബിയുടെ ശാപമാകട്ടെ കെടുകാര്യസ്ഥതയും.