Connect with us

Kuwait

പരീക്ഷകളിലെ കോപ്പിയടിക്കെതിരെ ബോധവത്ക്കരണത്തിന് ഖത്വീബുമാര്‍ക്ക് നിര്‍ദേശം

കോപ്പിയടി പ്രവണതക്കെതിരെ 'വ്യക്തികളെയും സമൂഹത്തെയും വഞ്ചിക്കുന്ന വിപത്ത്' എന്ന ശീര്‍ഷകത്തില്‍ മതകാര്യ മന്ത്രാലയം നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് നിര്‍ദേശം.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ പരീക്ഷകളില്‍ കോപ്പിയടിക്കെതിരെ വെള്ളിയാഴ്ചകളില്‍ ഉത്‌ബോധനം നടത്തുവാന്‍ പള്ളികളിലെ ഖത്വീബുമാര്‍ക്ക് നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് കോപ്പിയടി പ്രവണതക്കെതിരെ ‘വ്യക്തികളെയും സമൂഹത്തെയും വഞ്ചിക്കുന്ന വിപത്ത്’ എന്ന ശീര്‍ഷകത്തില്‍ മതകാര്യ മന്ത്രാലയം നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പുതിയ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ഇസ്ലാമിക മതകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇബ്‌റാഹിം അല്‍ ഖാസി ഖത്വീബുമാര്‍ക്ക് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചു.

വഞ്ചകര്‍ നമ്മില്‍ പെട്ടവനല്ല എന്ന പ്രവാചക അധ്യാപന ത്തിന്റെ ആന്തരികാര്‍ഥങ്ങള്‍ വിശദീകരിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ടായിരിക്കണം ഉത്‌ബോധനമെന്നും വിജ്ഞാപനത്തിലുണ്ട്. ഏത് രീതിയിലുള്ള വഞ്ചനകളും പ്രവാചക പാഠങ്ങള്‍ക്ക് വിരുദ്ധവും അത് നാശത്തിലേക്കും നരകത്തിലേക്കും നയിക്കുന്ന തിന്മയുമാണ്.

വ്യാപാരം, വ്യവസായം, തിരഞ്ഞെടുപ്പുകള്‍, പരീക്ഷകള്‍ തുടങ്ങി എല്ലാതരം പ്രവൃത്തികളിലും കൃതിമം നടത്തി ലഭിക്കുന്ന നേട്ടങ്ങള്‍ കൊടും പാപവും സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന വിപത്തും ആണ്. അതുപോലെ പരീക്ഷകളില്‍ കോപ്പിയടിച്ചു നേടുന്ന വിജയം രാജ്യത്തെ പഠന സമ്പ്രദായത്തെ അട്ടിമറിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള നഗ്‌നമായ ആക്രമണവുമാണ്. രാപ്പകല്‍ ഭേദമന്യേ പഠനത്തില്‍ മുഴുകി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളോട് കാട്ടുന്ന അനീതിയും അക്രമവുമാണ് കോപ്പിയടി എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

 

Latest