Connect with us

Kerala

ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി കെജ്രിവാള്‍

കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളെ അച്ചടിക്കണമെന്ന ആവശ്യത്തിനു പി്ന്നാലെ തീവ്ര ഹിന്ദുത്വ ആവശ്യം

Published

|

Last Updated

ന്യൂഡല്‍ഹി | തീവ്ര ഹുന്ദുത്വ നിലപാടുകള്‍ ആവര്‍ത്തിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്ത്. കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം അച്ചടിക്കണമെന്ന ആവശ്യത്തിനു പിന്നാലെയാണ് ഏകീകൃത സിവില്‍കോഡിനായുള്ള ആവശ്യം ഉയര്‍ത്തുന്നത്.

ഏകീകൃത സിവില്‍കോഡ് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. എല്ലാ സമുദായങ്ങളെയും ഒന്നിപ്പിച്ച് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ബിജെപി ഒളിച്ചുകളിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി ജെ പി ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെജ്രിവാള്‍ ഒരു മുഴം മുമ്പെ എറിയുന്നത്.

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ എന്തുകൊണ്ടാണ് ബിജെപി ശ്രമിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ബിജെപി ഇത്തരം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് നടപ്പാക്കിയില്ല. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ബിജെപി ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഇപ്പോള്‍ വീണ്ടും ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം അതും അപ്രത്യക്ഷമാകുമെന്നു കെജ്രിവാള്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കഴിഞ്ഞ ദിവസം ബിജെപി മന്ത്രിസഭ തീരുമാനിച്ചിരുന്നു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മൂന്നോ നാലോ അംഗങ്ങളുണ്ടാവുമെന്ന് ആഭ്യന്തരസഹമന്ത്രി ഹര്‍ഷ് സാഘ്വി പറഞ്ഞു.

Latest