Connect with us

Organisation

കല്ലാച്ചി മൊയ്തു മുസ്‌ലിയാർ: വേർപ്പിരിഞ്ഞത് തലമുറകളെ ബന്ധിപ്പിച്ച പണ്ഡിതൻ

Published

|

Last Updated

വെള്ളമുണ്ട | കല്ലാച്ചി മൊയ്തു മുസ്‌ലിയാരുടെ മരണത്തിലൂടെ വയനാടിന് നഷ്ടമായത് മൂന്ന് തലമുറകളെ പരസ്പരം ബന്ധിപ്പിച്ച അറിവിന്റെയും ആത്മീയതയുടെയും ഒരു വലിയ കണ്ണിയെ.

സമസ്തയുടെ ആദ്യകാല നേതാവായിരുന്ന കെ കെ സ്വദഖത്തുല്ല മുസ്്ലിയാർ, നാദാപുരം ഖാസി കീഴന കുഞ്ഞബ്ദുല്ല മുസ്്ലിയാർ, അലി അഹമ്മദ് കുട്ടി മുസ്്്ലിയാർ എന്നിവരിൽ നിന്നും നീണ്ടകാലത്തെ വൈജ്ഞാനിക സമ്പാദനത്തിന് ശേഷം മൂന്നര പതിറ്റാണ്ടോളം കാലം ദർസ് നടത്തിയിരുന്നു. ഒട്ടനവധി ചരിത്ര നിമിഷങ്ങൾക്കും അമൂല്യമായ അനുഭങ്ങൾക്കും സാക്ഷ്യം വഹിക്കാൻ അവസരം ലഭിച്ച അദ്ദേഹത്തിന്റെ വേർപാട് സുന്നി പ്രസ്ഥാനത്തിനും വയനാടിനും നികത്താനാകാത്ത നഷ്ടമാണ്.

കടമേരി കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, കൈപ്പാണി അബൂബക്കർ ഫൈസി എന്നിവരുടെ വേർപ്പാടിന്റെ പിന്നാലെ ജില്ലയിലെ പ്രാസ്ഥാനിക രംഗത്തെ മറ്റൊരു നഷ്ടമാണ് കല്ലാച്ചി മൊയ്തു മുസ്‌ലിയാരുടെ വേർപ്പാട്. ആത്മീയമായും വൈജ്ഞാനികമായും മാതൃകാ വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹത്തിന്റെ സാമൂഹിക ബന്ധങ്ങൾ വളരെ വിശാലമായിരുന്നു.

സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ ടൗണുകളിൽ ഖത്തീബായും മുദരിസായും ഇമാമായുമെല്ലാം സേവനം ചെയ്തിരുന്നത് കാരണം പ്രസ്ഥാനത്തിനപ്പുറത്തും വളരെ വിശാലമായ ബന്ധങ്ങളുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

കൂടാതെ, കോഴിക്കോട് നൈനാം പള്ളി, വെള്ളമുണ്ട പഴഞ്ചന, പഴശ്ശി, ഈസ്റ്റ് കെല്ലൂർ, മാക്കൂൽ പീടിക, പുന്നാട് തുടങ്ങിയ പ്രദേശങ്ങളിൽ മുദരിസായി സേവനം നടത്തിയ മൊയ്തു മുസ്്ലിയാർക്ക് മലബാറിലാകമാനം ശിഷ്യഗണങ്ങൾ ഉണ്ട്.
സുൽത്താൻ ബത്തേരി ദാറുൽ ഉലൂം അറബിക് കോളജിലെ ആദ്യകാല മുദരിസായിരുന്ന അദ്ദേഹം അവിഭക്ത സമസ്തയുടെ കാലത്ത് തന്നെ ജില്ലയിലാകമാനം തന്റേതായ നേതൃപാടവം തെളിയിച്ചിരുന്നു.
ഇതുവഴി പ്രതിസന്ധി ഘട്ടങ്ങളിൽ ഇദ്ദേഹത്തിന്റെ ഇടപെടലും നേതൃത്വവും സുന്നി പ്രസ്ഥാനത്തിന് വലിയ മുതൽക്കൂട്ടായിരുന്നു.

സ്വദേശമായ പഴഞ്ചന മഹല്ലിന്റേയും പരിസര പ്രദേശങ്ങളുടെയും മത-സാമൂഹിക വിഷയങ്ങളിലെല്ലാം നേതൃപരമായ പങ്ക് വഹിച്ചിരുന്ന മൊയ്തു മുസ്‌ലിയാർ പ്രായാധിക്യം കാരണം ഏതാനും വർഷങ്ങളായി വിശ്രമത്തിലായിരുന്നു.
അധ്യാപനം അസാധ്യമായ സമയത്തും ഗ്രന്ഥ പാരായണം ഉൾപ്പെടെ വൈജ്ഞാനിക ലോകവുമായുള്ള ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
ഇതിന് പുറമേ പഴയ കാല പണ്ഡിതന്മാരിൽ നിന്ന് കരഗതമാക്കിയ അമൂല്യ തഹ്ഖീകളുടെയും കൃത്യമായ ഓർമ ശക്തിയുടെയും ഉടമയായിരുന്ന അദ്ദേഹത്തെ തേടി ജില്ലയുടെ പലഭാഗത്ത് നിന്നും വിജ്ഞാന ദാഹികൾ വീട്ടിലേക്ക് വരാറുണ്ടായിരുന്നു.

ഫിഖ്ഹിലും നഹ്‌വിലുമുള്ള പാണ്ഡിത്യം തിരിച്ചറിഞ്ഞ പണ്ഡിതന്മാർ തന്നെ ആദ്യകാലം മുതൽ മൊയ്തു മുസ്‌ലിയാരെ സമീപിക്കാറുണ്ടായിരുന്നു.
ഹൃദയ സംബന്ധമായ രോഗം കാരണം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണ് വിടപറഞ്ഞത്.
വെള്ളമുണ്ട അൽ ഫുർഖാൻ, മാനന്തവാടി മുഅസ്സസ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്ഥാപക കാലം മുതലുള്ള പ്രവർത്തകനായിരുന്ന അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ മുശാവറാ അംഗവും വെള്ളമുണ്ട സിദ്‌റ ലിബറൽ ആർട്‌സ് കോളജിന്റെ രക്ഷാധികാരിയും ആണ്.

Latest