Connect with us

Kerala

കെ റെയില്‍ കല്ലിടല്‍: അനുമതി ഇല്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി

ജനങ്ങളുടെ വേദന കണ്ടില്ലെന്ന് കാണാന്‍ കോടതിക്ക് സാധിക്കില്ല

Published

|

Last Updated

കൊച്ചി | കെ റെയില്‍ പദ്ധതി അടക്കം ഏത് പദ്ധതിയായാലും സര്‍വേ നടത്തുന്നത് നിയമാനുസൃതമായിരിക്കണമെന്ന് ഹൈക്കോടതി .മുന്‍കൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് നിരീക്ഷിച്ച കോടതി പക്ഷേ സര്‍വേ തുടരുന്നതിന് തടസമില്ലെന്നും നിയമം നോക്കാന്‍ മാത്രമാണ് പറയുന്നതെന്നും വ്യക്തമാക്കി.

കോടതി കെ റെയില്‍ പദ്ധതിക്കെതിരല്ല. എന്നാല്‍ ജനങ്ങളെ വിവരമറിയിക്കാതെ കല്ലിടാന്‍ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.എങ്ങനെയാണ് സര്‍വേയെന്ന ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനത്തെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണം.

ജനങ്ങളുടെ വേദന കണ്ടില്ലെന്ന് കാണാന്‍ കോടതിക്ക് സാധിക്കില്ല. രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. പക്ഷേ സര്‍വേ കല്ലിടലടക്കമെല്ലാം നിയമപരമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് കോടതി ചോദിച്ചു. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോയെന്ന് ആരാഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബഞ്ച് എവിടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും ചോദിച്ചു.

Latest