Health
ജാപ്പനീസ് ഭക്ഷണരീതി ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കും;പഠനം
എംഡിപിഐ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ജാപ്പനീസ് ഭക്ഷണരീതി പിന്തുടരുന്നത് രോഗം മന്ദഗതിയിലാക്കാന്‍ സഹായിക്കുമെന്ന് പഠനം. സോയ ഭക്ഷണങ്ങള്‍, കടല്‍ വിഭവങ്ങള്‍ എന്നിവ കരളിന്റെ ഫൈബ്രോസിസിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്നു. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നോണ്‍ – ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ള 136 പേരുടെ ഭക്ഷണക്രമവും രോഗ പുരോഗതിയും ഗവേഷകര്‍ വിലയിരുത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും അവയവത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുള്ളതുമായ രോഗാവസ്ഥയാണ് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. നോണ്‍ – ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് വന്‍കുടല്‍ കാന്‍സര്‍, ക്രോണിക് കിഡ്‌നി രോഗം, ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ്, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഹൈപ്പോതൈറോയിഡിസം, പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ജാപ്പനീസ് ഭക്ഷണക്രമത്തില്‍ കൂടുതലായി സോയ, കടല്‍ വിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ ആളുകള്‍ക്ക് ഫൈബ്രോസിസ് സാധ്യത കുറയ്ക്കാന്‍ സാധിച്ചുവെന്ന് പഠനത്തില്‍ പറയുന്നു. സോയ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നവര്‍ക്ക് ഫൈബ്രോസിസ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.എംഡിപിഐ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.