Connect with us

Ongoing News

ആവേശപ്പോരില്‍ ജംഷഡ്പുര്‍ വിജയം; മുംബൈയെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളിന്

Published

|

Last Updated

ബംബോലിം | അഞ്ച് ഗോളുകള്‍ പിറന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയെ തോല്‍പ്പിച്ച് ജംഷഡ്പുര്‍ എഫ് സി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വിജയം. ആദ്യ പാദത്തില്‍ ചാമ്പ്യന്‍ ടീമിനോട് ഏറ്റ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയായി ജംഷഡ്പുരിന് ഇത്. നിരവധി നാടകീയ നീക്കങ്ങള്‍ കണ്ട പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് ജംഷഡ്പുര്‍ മുന്നിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ തിരിച്ചടിച്ച മുംബൈ സമനില നേടിയെടുത്തു.

മുംബൈ പ്രതിരോധത്തെ കബളിപ്പിച്ച് പെനാള്‍ട്ടി ബോക്‌സില്‍ വച്ചുള്ള നാല് പാസുകളില്‍ നിന്നുള്ള മനോഹരമായ ഫിനിഷിങിലൂടെയായിരുന്നു ജംഷഡ്പുരിന്റെ ആദ്യ ഗോള്‍. ഒമ്പതാം മിനുട്ടില്‍ ഗ്രെഗ് സ്റ്റുവാര്‍ട്ടിന്റെ വകയായിരുന്നു ഗോള്‍. 30ാം മിനുട്ടില്‍ ജംഷഡ്പുര്‍ രണ്ടാം ഗോള്‍ കണ്ടെത്തി. വലത് വിംഗില്‍ നിന്ന് ബോറിസ് സിങ് ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് ഔട്ടിലേക്ക് പോകുന്നതിന് തൊട്ടു മുമ്പ് ഡാനിയേല്‍ ചിമ ചിക്വു പെനാള്‍ട്ടി ബോക്‌സിന്റെ മധ്യത്തിലേക്ക് വിദഗ്ധമായി പാസ് ചെയ്തു. പന്ത് ലഭിച്ച റിത്വിക് ദാസിന് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പോസ്റ്റിലേക്ക് മെല്ലെ തട്ടിയിടുക മാത്രമേ വേണ്ടി വന്നുള്ളൂ.

മത്സരത്തിന്റെ 56ാം മിനുട്ടിലായിരുന്നു മുംബൈയുടെ ആദ്യ ഗോള്‍. ഐഗര്‍ ആങ്കുലോ മുംബൈ വല ലക്ഷ്യമാക്കി ഉതിര്‍ത്ത ഷോട്ട് ഗോളി ടി പി രെഹ്നേഷ് തട്ടി ഒഴിവാക്കി. രാഹുല്‍ ബെക്കെയുടെ കാലുകളിലേക്കാണ് റീബൗണ്ട് വന്നെത്തിയത്. ബെക്കെയുടെ അടി ജംഷഡ്പുര്‍ ഗോളിയെ കബളിപ്പിച്ച് വല കുലുക്കി. 69ാം മിനുട്ടില്‍ ലീഡ് നേടാനുള്ള സുവര്‍ണാവസരം മുംബൈ പാഴാക്കി. മൗര്‍റ്റാഡയെ ബോക്‌സില്‍ വച്ച് പീറ്റര്‍ ഹാര്‍ട്‌ലി വീഴ്ത്തിയതിന് ലഭിച്ച പെനാള്‍ട്ടി കിക്കെടുത്തത് ഐഗര്‍ ആങ്കുലോ. എന്നാല്‍, ആങ്കുലോയുടെ കിക്ക് രെഹ്നേഷ് സേവ് ചെയ്തു. 85ാം മിനുട്ടില്‍ മുംബൈ സിറ്റിക്ക് വീണ്ടും പെനാള്‍ട്ടി ലഭിച്ചു. ഇത്തവണ കിക്കെടുത്ത ഡീഗോ മോറിഷ്യോക്ക് പിഴച്ചില്ല.

എന്നാല്‍, 93ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി സുന്ദരമായ പ്ലേസിംഗിലൂടെ ഗോളാക്കി മാറ്റി ഗ്രെഗ് സ്റ്റുവാര്‍ട്ട് ജംഷഡ്പുരിനെ വിജയത്തിലെത്തിച്ചു. ഇതോടെ 28 പോയിന്റുമായി ജംഷഡ്പുര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 25 പോയിന്റുള്ള മുംബൈ അഞ്ചാം സ്ഥാനത്ത് തുടരുന്നു.