Connect with us

Kerala

ജമാഅത്തെ ഇസ്‌ലാമി: വിമത സംഘടന ശക്തിപ്പെടുത്തും; റമസാനിന് ശേഷം വിപുലമായ കണ്‍വന്‍ഷന്‍

Published

|

Last Updated

കോഴിക്കോട് | പ്രവര്‍ത്തനം വിപുലമാക്കാന്‍ ഒ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്‌ലാമിക വിമത നേതാക്കള്‍. റമസാനിന് ശേഷം വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം. ശൂറ കൗണ്‍സില്‍ മുന്‍ അംഗം ഖാലീദ് മൂസ നദ്‌വിയടക്കം പങ്കെടുത്ത യോഗത്തിലാണ് ജമാഅത്ത് മുന്‍ നേതാക്കളുടെ കൂട്ടായ്മക്ക് ധാരണയായത്. ജമാഅത്ത് നേതാവായിരുന്ന എറണാകുളത്തെ കെ ഹാഷിം ഹാജിയുടെ പുസ്തകപ്രകാശനത്തിന്റെ ഭാഗമായാണ് കോഴിക്കോട്ട് യോഗം വിളിച്ചു ചേര്‍ത്തത്. പ്രധാനപ്പെട്ട ഇരുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.

വിമത യോഗത്തിന് ശേഷം ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കുമെതിരെ നിശിത വിമര്‍ശനവുമായി ഒ അബ്ദുല്ല രംഗത്തെത്തി. നേതൃത്വത്തിലുള്ളവര്‍ കൊള്ളരുതാത്തവരാണെന്നും കളവ് പറയുന്നതിന് യാതൊരു മടിയുമില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് ലൈവില്‍ വിശദീകരിച്ചു. ജമാഅത്തെ ഇസ്‌ലാമിയിലേക്ക് ആരും പുതുതായി കടന്നുവരുന്നില്ല. വെല്‍ഫെയര്‍ പാര്‍ട്ടി എന്നത് രാഷ്ട്രീയ വ്യാമോഹമാണ്. അസംബന്ധമാണ്. ഒരു കാര്യവുമില്ലാത്തതാണ്. ഗെയിലും കെ റെയിലുമാണ് പ്രശ്‌നം. ഇസ്‌ലാമിക സമൂഹം അനുഭവിക്കുന്ന പ്രശ്‌നം വെല്‍ഫെയറിന്റെ അജണ്ടയേയല്ല. വെറുപ്പിക്കലും അകറ്റലുമാണ് ജമാഅത്ത് നേതാക്കളുടെ മുഖമുദ്ര. എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് ഒ അബ്ദുല്ല ഉയര്‍ത്തിയത്.

അനൈക്യം, വെറുപ്പ്, സംഘടനാ പക്ഷപാതിത്വം തുടങ്ങിയ തെറ്റായ മാനസികാവസ്ഥകളോട് അകലം പാലിക്കാനുള്ള ഒരു നല്ല കൂടിച്ചേരലായിരുന്നു ഹാഷിം ഹാജിയുടെ പുസ്തക പ്രകാശനച്ചടങ്ങെന്ന് മുന്‍ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി വിശദീകരിച്ചു. മുന്‍ അമീര്‍ കെ സി അബ്ദുല്ല മൗലവിയുടെ മകന്‍ കെ സി ഹുസൈന്‍, ഡോ. പി എ കരീം, നിസാര്‍ കുന്ദമംഗലം, പി എം എ ഹാരിസ്, ഫൈസല്‍ പാലോളി, സൈനുദ്ദീന്‍ കരിവെള്ളൂര്‍, കെ എം അബ്ദുല്‍ സലാം, പി വി മുജീബ്‌റഹ്‌മാന്‍, റസാഖ് നിലമ്പൂര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.