Connect with us

Editorial

ജസീന്തയുടെ രാജി: അമ്പരപ്പിനപ്പുറം അതില്‍ ചിലതുണ്ട്

പ്രായം എമ്പതും തൊണ്ണൂറും പിന്നിടുകയും ആരോഗ്യപരമായി അവശരാകുകയും ചെയ്തിട്ടും അധികാര പദവി വിട്ടൊഴിയാന്‍ മടിക്കുന്നവര്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളില്‍ ധാരാളം. പാര്‍ട്ടി മാറ്റിനിര്‍ത്തിയാല്‍, പാര്‍ട്ടിയെ പിളര്‍ത്തിയെങ്കിലും പിന്നെയും അവര്‍ പദവികളില്‍ എത്തിപ്പെടാന്‍ ശ്രമിക്കും. അത്തരക്കാര്‍ക്കൊരു പാഠമാകണം ജസീന്തയുടെ വിരമിക്കല്‍.

Published

|

Last Updated

ആഗോളതലത്തില്‍ അമ്പരപ്പും ഞെട്ടലും ഉളവാക്കിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനം. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി സ്ഥാനവും ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയാന്‍ തീരുമാനിച്ച വിവരം ഇന്നലെ ലേബര്‍ പാര്‍ട്ടി വര്‍ഷിക കോക്കസ് മീറ്റിംഗിലാണ് ജസീന്ത ആര്‍ഡന്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഒക്ടോബറില്‍ ന്യൂസിലാന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അവരുടെ അവിചാരിത നീക്കം.

ഇനിയും ഒരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊര്‍ജവും സര്‍ക്കാറിനെ നയിക്കാനുള്ള കരുത്തും തനിക്കില്ലെന്നാണ് രാജിക്കു കാരണമായി അവര്‍ പറയുന്നത്. ‘പ്രധാനമന്ത്രിയെന്ന ഉത്തരവാദിത്വം വളരെ വലുതാണ്. അത് മുന്നോട്ടു കൊണ്ടുപോകാന്‍ അര്‍ഹയാണോ, അല്ലേ എന്നത് ഏറെ പ്രധാനവുമാണ്. തനിക്ക് ഇനിയും ഈ സ്ഥാനത്തിരിക്കാനുള്ള ഊര്‍ജമുണ്ടോയെന്ന് കഴിഞ്ഞ വേനലവധിയില്‍ സ്വയം വിലയിരുത്തിയിരുന്നു. അതില്ലെന്നാണ് മനസ്സിലായത്. ഞാന്‍ ഒരു മനുഷ്യനാണ്, എല്ലാ രാഷ്ട്രീയക്കാരും മനുഷ്യരാണ്. ഞങ്ങള്‍ക്ക് കഴിയുന്നിടത്തോളം കാലം ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുന്നു. ഇപ്പോള്‍ സമയമായി. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് മാറിനില്‍ക്കാനുള്ള ശരിയായ സമയം. എപ്പോള്‍ നയിക്കണമെന്ന് അറിയണമെന്നത് പോലെ തന്നെ എപ്പോള്‍ പിന്‍മാറണമെന്ന് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. ഇനി കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെ’ന്നും അവര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ജസീന്ത. 2017ല്‍ പ്രധാനമന്ത്രി പദവിയില്‍ എത്തുമ്പോള്‍ പ്രായം 37 മാത്രം. തിരഞ്ഞെടുപ്പില്‍ ജസീന്ത പ്രതിനിധാനം ചെയ്യുന്ന മധ്യ-ഇടതുപക്ഷ സ്വഭാവമുള്ള ലേബര്‍ പാര്‍ട്ടി 49.1 ശതമാനത്തില്‍ കൂടുതല്‍ വോട്ടും 120 പാര്‍ലിമെന്റ് സീറ്റില്‍ 64 എണ്ണവും നേടിയാണ് അധികാരത്തില്‍ വന്നത്. ന്യൂസിലാന്‍ഡില്‍ 1996ന് ശേഷം ഒരു കക്ഷി ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത് ആ തിരഞ്ഞെടുപ്പിലായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ജസീന്ത ഭരണത്തില്‍ തന്റെ കഴിവു തെളിയിച്ചു. കൊവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ഭീകരാക്രമണം നടന്നപ്പോഴും വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വത സ്‌ഫോടന ഘട്ടത്തിലും അവരുടെ ഇടപെടലും നേതൃപാടവവും ആഗോള ശ്രദ്ധ പിടിച്ചുപറ്റി.

കൊവിഡ് രോഗപ്രതിരോധത്തില്‍ ലോക രാജ്യങ്ങള്‍ പകച്ചു നിന്നപ്പോള്‍ അതിനെ നേരിടുന്നതിന് മികച്ച നേതൃപാടവമാണ് അവര്‍ കാണിച്ചത്. ശാസ്ത്രീയമായ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചും പ്രാദേശിക തലത്തിലുള്ള ആസൂത്രണത്തിലൂടെയും മറ്റു രാജ്യങ്ങള്‍ക്ക് മുമ്പേ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയും അതിര്‍ത്തികള്‍ അടച്ചും ക്വാറന്റൈന്‍ കര്‍ശനമാക്കിയുമാണ് അവര്‍ കൊവിഡിനെ പിടിച്ചുകെട്ടിയത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ വിവാഹച്ചടങ്ങ് പോലും മാറ്റിവെച്ചു ജസീന്ത. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും 100 പേരെ പങ്കെടുപ്പിച്ചുള്ള ചടങ്ങുകള്‍ക്ക് അനുമതിയുണ്ടായിരുന്നു. എന്നാല്‍ ‘രാജ്യത്തെ സാധാരണക്കാരും ഞാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ പലതും മാറ്റിവെക്കേണ്ടി വന്ന പലരെയും എനിക്കറിയാം. എന്റെ വിവാഹച്ചടങ്ങും ഞാന്‍ മാറ്റിവെക്കുകയാണ്’ എന്നു പറഞ്ഞു കൊണ്ടാണ് ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡുമായുള്ള വിവാഹച്ചടങ്ങ് അന്നവര്‍ നീട്ടിവെച്ചത്.

രാഷ്ട്രീയം ഒരു ലഹരിയാണ് പൊതുവെ. അധികാര പദവികള്‍ വിശേഷിച്ചും. അതൊരിക്കല്‍ നുണഞ്ഞാല്‍ പിന്നീട് ഉപേക്ഷിക്കാനും വിട്ടൊഴിയാനും സന്നദ്ധത കാണിക്കുന്നവര്‍ അപൂര്‍വം. എക്കാലവും അവിടെ അള്ളിപ്പിടിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭരണ പദവികളില്‍ എത്തിപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും. ജനങ്ങള്‍ എഴുതിത്തള്ളിയാലും മാറിനില്‍ക്കാന്‍ മനസ്സ് കാണിക്കില്ല ഇത്തരക്കാര്‍. അധികാര പദവിയില്‍ നിന്ന് മാറി നില്‍ക്കാനുള്ള ട്രംപിന്റെ വിമ്മിഷ്ടത്തിന്റെ പ്രതിഫലനമായിരുന്നല്ലോ 2021 ജനുവരി ആറിന് അമേരിക്കന്‍ നിയമ നിര്‍മാണ സഭയായ ക്യാപിറ്റോള്‍ മന്ദിരത്തില്‍ കണ്ടത്. തനിക്ക് പ്രസിഡന്റ് പദവി നഷ്ടമായ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനായിരുന്നു അനുയായികളെ കൊണ്ട് ട്രംപ് ക്യാപിറ്റോളില്‍ സായുധ കലാപം സംഘടിപ്പിച്ചത്.

ഇവിടെയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത വേറിട്ടു നില്‍ക്കുന്നത്. പ്രായം ഇപ്പോള്‍ 43 മാത്രം. പ്രധാനമന്ത്രി പദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അവര്‍ക്കും ലേബര്‍ പാര്‍ട്ടിക്കും അടുത്ത തിരഞ്ഞെടുപ്പിലും വിജയിച്ചു കയറാനും അധികാരത്തിലേറാനും സാധ്യതയേറെയാണ്. എന്നിട്ടും ആ പദവിയിലേക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി പദവും പാര്‍ട്ടി നേതൃപദവിയും ഉപേക്ഷിക്കുകയാണവര്‍. പല സ്പോര്‍ട്സ് താരങ്ങളും അവരുടെ കരിയറില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഘട്ടത്തിലാണ് വിരമിക്കാറുള്ളത്. അത്തരം വിരമിക്കലുകള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടും. ലോകം അവരെ ആദരവോടെ വീക്ഷിക്കും. എന്തുകൊണ്ട് പോകുന്നില്ല എന്നതിന് പകരം എന്തിനിപ്പോള്‍ പോകുന്നുവെന്ന് ആളുകള്‍ ചോദിക്കുന്ന സമയത്താണ് പദവികള്‍ വിട്ടൊഴിയേണ്ടതെന്നാണ് ആദ്യകാല ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായിരുന്ന വിജയ് മാധവ്ജി തന്റെ വിരമിക്കല്‍ വേളയില്‍ പറഞ്ഞത്. ജസീന്തയുടെ കാര്യത്തില്‍ അതന്വര്‍ഥമാകുകയാണ്. അവരുടെ രാജി പ്രഖ്യാപനം കേട്ട് ലോകം അമ്പരപ്പ് പ്രകടിപ്പിച്ചതും അതുകൊണ്ടാണ്. പ്രായം എമ്പതും തൊണ്ണൂറും പിന്നിടുകയും ആരോഗ്യപരമായി ഏറെ അവശരാകുകയും ചെയ്തിട്ടും അധികാര പദവി വിട്ടൊഴിയാന്‍ മടിക്കുന്നവര്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളില്‍ ധാരാളം. സഹികെട്ട് പാര്‍ട്ടി മാറ്റിനിര്‍ത്തിയാല്‍, പാര്‍ട്ടിയെ പിളര്‍ത്തിയെങ്കിലും പിന്നെയും അവര്‍ പദവികളില്‍ എത്തിപ്പെടാന്‍ ശ്രമിക്കും. അത്തരക്കാര്‍ക്കൊരു പാഠമാകണം ജസീന്തയുടെ വിരമിക്കല്‍.

 

---- facebook comment plugin here -----

Latest